2013-06-12 19:00:46

ആത്മീയാന്ധത വിശ്വാസമാന്ദ്യമെന്ന്
പാപ്പാ ഫ്രാന്‍സിസ്


12 ജൂണ്‍ 2013, വത്തിക്കാന്‍
ആത്മീയതലത്തിലെ കാഴ്ചക്കുറവ് വിശ്വാസ മാന്ദ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
കാഴ്ചയാല്ലാത്തവരുടെയും കാഴ്ചകുറഞ്ഞവരുടെയും ഇറ്റലിയിലെ സംഘടന, towers-ന് ജൂണ്‍ 12-ാം തിയതി അയച്ച സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ പരാമര്‍ശിച്ചത്. അന്ധരായവരോട് ക്രിസ്തുവിന് പ്രത്യേക അനുകമ്പയുണ്ടായിരുന്നുവെന്നും, അവര്‍ക്ക് നല്കിയ സൗഖ്യദാനം ശാരീരികതലത്തില്‍ കണ്ണിന്‍റെ പൂര്‍ണ്ണകാഴ്ചയും, ആത്മീയതലത്തില്‍ സമ്പൂര്‍ണ്ണ വിശ്വാസവുമായിരുന്നെന്ന് പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.

ജീവിതയാത്രയില്‍ എല്ലാ മനുഷ്യര്‍ക്കും വിശ്വാസത്തിന്‍റെ പ്രകാശം ആവശ്യമാണെന്നും, ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രഥമ കൂദാശയായ ജ്ഞാനസ്നാനത്തില്‍ സ്വീകരിക്കുന്ന വിശ്വാസവെളിച്ചമാണ്
ജീവിത പാന്ഥാവില്‍ എന്നും ഉള്‍ക്കാഴ്ചയും ജീവല്‍പ്രകാശവുമാകേണ്ടതെന്ന് പാപ്പ വ്യക്തമാക്കി.
നമ്മിലുള്ള വിശ്വാസ വിളക്ക് പൊലിഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ടതാണ്. ദൈവം നല്കിയ വിശ്വാസദാനം, നമ്മുടെയും സഹോദരങ്ങളുടെയും ജീവിതത്തിന് അര്‍ത്ഥവും തെളിച്ചവും പ്രത്യാശയും പകരുന്ന സ്നേഹപ്രദീപമാണെന്നും, അതുകൊണ്ടാണ് മാമോദീസയെ പ്രകാശത്തിന്‍റെ കൂദാശയെന്നു വിളിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

കാഴ്ചയില്ലാത്ത എഴുപത്തിയഞ്ചില്‍ ഏറെ പേര്‍ക്ക് സംരക്ഷണംനല്കുന്ന towers സംഘടയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച പാപ്പാ, മറ്റു അംഗവൈകല്യമുള്ള സഹോദരങ്ങളോടും സാഹോദര്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനോഭാവം കാണിക്കണമെന്നും, അവര്‍ക്ക് സാമൂഹ്യ സുരക്ഷ നേടിക്കൊടുക്കുന്നതോടൊപ്പം, അവരെ സമൂഹത്തിലെ സജീവ അംഗങ്ങളാക്കിയെടുക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് തന്‍റെ സന്ദേശം ഉപസംഹരിച്ചത്. തനിക്ക് അഭിനന്ദനങ്ങളും ഭാവുകാശംസകളും നേര്‍ന്ന towers സംഘടനയ്ക്ക്, മറുപടിയായി തിരെണായില്‍ സംഘടിപ്പിക്കപ്പെട്ട അവരുടെ വേനല്‍ക്കാല പരിപാടയിലേയ്ക്കാണ് പാപ്പ ഡിജിറ്റല്‍ സന്ദേശമയച്ചത്.
തന്നെ സന്ദര്‍ശിക്കാന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും മാധ്യമീകൃത ലോകത്തെ സംവേദന സൗകര്യങ്ങള്‍ അവരുടെ സമീപത്തെത്താന്‍ തന്നെ പ്രാപ്തനാക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ സൂചിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.