2013-06-12 18:42:02

അരൂപിയില്‍ അധിഷ്ഠിതമായ
മനുഷ്യന്‍റെ ആത്മീയ ഭാവുകത്വം


12 ജൂണ്‍ 2013, വത്തിക്കാന്‍
യഥാര്‍ത്ഥ പുരോഗതി അരൂപിയില്‍ ആശ്രയിക്കുന്നതാണെന്ന്, പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 12-ാം തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതി കാസാ സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ തന്‍റെ ചിന്തകള്‍ പങ്കുവച്ചത്. “ഞാന്‍ വന്നത് നിയമങ്ങള്‍ ഇല്ലാതാക്കുവാനല്ല, നവീകരിക്കാനാണ്” (മത്തായി 5, 17) എന്ന സുവിശേഷ വാക്യത്തെ ആധാരമാക്കിയാണ് പാപ്പ വചനചിന്തകള്‍ തുടര്‍ന്നത്.

ക്രിസ്തുവിലുള്ള പുതിയ നിയമത്തിന്‍റെയും പുതിയ ഉടമ്പടിയുടെയും ധ്വനിയാണ് സുവിശേഷ വചനമെന്ന് പാപ്പാ പ്രസ്താവിച്ചു. നിയമം ഉടമ്പടിയുടെ ഫലമാണെന്നും, അത് കല്പനകള്‍ പാലിക്കുന്നതിലൂടെ മാത്രമേ മനസ്സിലാക്കാനും ജീവിക്കാനും സാധിക്കൂ എന്നും പാപ്പ വിവരിച്ചു.
ക്രിസ്തുവിന്‍റെ കല്പന നവവും വിശുദ്ധവുമാണ്, കാരണം അവയാണ് ജനത്തെ ദൈവവുമായി ബന്ധിപ്പിക്കുന്നത്, അവരെ ദൈവജനമാക്കി മാറ്റുന്നത്. നിയമത്തിന്‍റെ പക്വമായ ജീവിതം ‘വെമ്പലോടെ വിടരുന്ന പൂമൊട്ടു’പോലെയാണ്. ക്രിസ്തു നിയമത്തിന്‍റെ പൂര്‍ത്തീകരണവും പക്വമാര്‍ന്ന നറുമലരുമാണ്. ക്രിസ്തുവാണ് പഴയനിയമ ചരിത്രത്തെ സ്നേഹത്തിന്‍റെ തുടര്‍ക്കഥയാക്കി നവീകരിച്ചത്. ദൈവാരൂപിയാണ് പുതിയ കല്പനയുടെ സത്തയും സത്താരൂപിയും. കല്പനയുടെ വഴികളില്‍ വിപത് സാദ്ധ്യതകളുണ്ട്, അപായസാദ്ധ്യതകളുണ്ട്. എന്നാല്‍ നേരായ, പക്വമാര്‍ന്ന വഴി ഒന്നുമാത്രമാണ്. അവിടെ ശങ്കിച്ചു നില്ക്കുന്നത് ഭീരുത്വമാണ്. ഭീരുത്വം പക്വതയില്ലായ്മയാണ്.
ഈ ഭീരുത്വം അരൂപി നമ്മുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്ന നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഭീതിയാണ്.

ജീവിതപാതിയിലെ പ്രതിസന്ധിയില്‍ മാനുഷിക സ്വാതന്ത്ര്യവും ആത്മീയ സ്വാതന്ത്ര്യവും തമ്മില്‍ വിവേചിച്ചെടുക്കുന്ന അവസ്ഥയിലുള്ള ഭീതിയാണ് മനുഷ്യഹൃദയത്തെ ചഞ്ചലമാക്കുന്ന ഭീതി നമ്മെ പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ അരൂപിയുടെ സ്വാതന്ത്ര്യത്തില്‍ നാം മുന്നോട്ടു ചരിക്കുമെന്നും, അതായിരിക്കും ജീവിത പുരോഗതി! ജീവിത വിജയമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.