2013-06-08 13:33:56

വരുന്നുമേശയിലെ ക്രിസ്തുവിന്‍റെ
അത്യപൂര്‍വ്വ സൗഹൃദം


വിശുദ്ധ യോഹന്നന്‍ 6, 56-63
“എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പം ഞാനാണ്. കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്.”

വളരെ നാളുകള്‍ക്കുമുന്‍പ് കണ്ട , Oh God… എന്ന സിനിമയുടെ കഥാതന്തു ഓര്‍മ്മിയില്‍ വരികയാണ്. പത്രപ്രവര്‍ത്തകനായിരുന്ന ആള്‍ ഒരു ദിവസം ദൈവവുമായി ഒരുഭിമുഖത്തിന് പുറപ്പെട്ടു. “അകത്തേയ്ക്കു വരൂ.” ദൈവത്തിന്‍റെ സ്വരം. “നിങ്ങള്‍ക്ക് എന്നെ ഇന്‍റെര്‍വ്യൂ ചെയ്യണമല്ലേ?”
“അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍ മാത്രം.”
ദൈവം മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് എല്ലാറ്റിനും സമയമുണ്ടല്ലോ. എന്താണ് നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്?”
ആദ്യ ചോദ്യം. “മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ച് അങ്ങയെ അമ്പരപ്പിക്കുന്നകാര്യങ്ങളെന്തെല്ലാമാണ്?”
“സത്യത്തില്‍ മൂന്നു കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.
1. കുട്ടികളായിരിക്കുന്നതില്‍ മടുപ്പുതോന്നി, പെട്ടെന്ന് മനുഷ്യര്‍ വലുതാകാന്‍ ആഗ്രഹിക്കുന്നു. വലുതായാലോ ശിശുക്കളാകാന്‍ ആഗ്രഹിക്കുന്നു.
2. പണമുണ്ടാക്കാനായി ആരോഗ്യം മറന്ന് പണിയെടുക്കുന്നു. പിന്നെ
കിട്ടയ പണം ആരോഗ്യം വീണ്ടെക്കാനായി ചികിത്സയ്ക്കു ചെലവഴിക്കുന്നു.
3. ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്ക്കണ്ഠമൂലം വര്‍ത്തമാനകാലം മറക്കുന്നു. ഫലമോ. വര്‍ത്തമാനകാലവുമില്ല, ഭാവിയുമില്ല!”

“ഒരു വിഷയം കൂടിയുണ്ടെനിക്ക്! മരിക്കുകയില്ലെന്നു വിചാരിച്ച് മനുഷ്യര്‍ ജീവിക്കുന്നു. എന്നാല്‍ ഒരിക്കലും ജീവിച്ചിരുന്നില്ല എന്ന വിധം അവസാനം മരിക്കുന്നു.”

മരിക്കാതിരിക്കുന്നതിനുള്ള വഴി ക്രിസ്തു കാണിച്ചു തരുന്നുണ്ട്. എന്താണത്? നിത്യജീവന്‍റെ അപ്പം ഭുജിക്കുന്നവന് മരണമില്ല (6, 48). എന്‍റെ പക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല (6, 35). സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം സ്വീകരിക്കാനായി ക്രിസ്തുവിന്‍റെ അടുത്തേയ്ക്കു ചെല്ലുന്നതിനെയാണ് വിശ്വാസം എന്നു വിളിക്കുന്നത്. അതായത് വിശ്വസിക്കുന്നവന് ക്രിസ്തു നല്കുന്ന അപ്പം അമര്‍ത്യതയുടെ അപ്പമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം അഥവാ ജീവന്‍റെ അപ്പം എന്നതിനു പല അര്‍ത്ഥങ്ങളുണ്ടു്. 1. ദൈവതിരുമനസ്സിന്‍റെ വെളിപാട് 2. ആത്മീയ ജീവിതത്തിന്‍റെ അപ്പമായ വിശുദ്ധ കുര്‍ബ്ബാന 3) ജ്ഞാനത്തിന്‍റെ അപ്പം.
ഈ മൂന്നാമത്തെ ജ്ഞാനത്തിന്‍റെ അപ്പത്തെക്കുറിച്ച് നമുക്കല്പം ചിന്തിക്കാം. ജ്ഞാനത്തിന്‍റെ തീറ്റിപ്പോറ്റലിനെക്കുറിച്ച് പഴയ നിയമത്തിലെ ജ്ഞാനഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്ഃ

ജ്ഞാനം തന്‍റെ ഭവനം പണിയുകയും
ഏഴു തൂണുകള്‍ നാട്ടുകയും ചെയ്തിരിക്കുന്നു.
അവള്‍ മൃഗങ്ങളെക്കൊന്നു,
വീഞ്ഞുകലര്‍ത്തി വിരുന്നൊരുക്കിയിരിക്കുന്നു...
വന്ന് എന്‍റെ അപ്പം ഭക്ഷിക്കുകയും
വീഞ്ഞ് കുടിക്കുകയും ചെയ്യുവിന്‍.

ജ്ഞാനസ്ത്രീ ഒരുക്കിയിരിക്കുന്ന അപ്പവും വീഞ്ഞും ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ഇതിനെ ജ്ഞാനംകൊണ്ടുള്ള തീറ്റിപ്പോറ്റലെന്നു വിളിക്കാം. ഈ അര്‍ത്ഥത്തിലാണ് ക്രിസ്തു ജീവന്‍റെ അപ്പമായിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തില്‍ ക്രിസ്തു ജ്ഞാന മനുഷ്യനാണ് the man of wisdom. മനുഷ്യര്‍ക്ക് അറിവു പകര്‍ന്നു കൊടുക്കുന്ന ജീവന്‍റെ അപ്പമാണ് അവിടുന്ന്. “അറിവുകളോര്‍മ്മപ്പുറത്തെഴുന്നള്ളുന്നു അറിവെഴാസത്യം ആത്മാവില്‍ കുടികൊള്ളുന്നു.” എന്നു കവി പാടിയിട്ടുണ്ടല്ലോ.

ആത്മാവാണ് ജീവന്‍ നല്കുന്നത്, എന്ന് ക്രിസ്തു പറഞ്ഞത് ഇവിടെ നമുക്ക് ഓര്‍ക്കാം. അറിവാണ്, അറിവന്‍റെ ശക്തിയാണ് ജീവന്‍ നല്കുന്നത് എന്നും അര്‍ത്ഥമാക്കാം. നാം ജ്ഞാനസ്നാനംവഴി അറിവിന്‍റെ അപ്പത്തിലേയ്ക്കാണ് സ്നാനപ്പെടുന്നത്. എന്താണ് ഈ അറിവ്? ദൈവം സ്നേഹമാണെന്നുള്ള തിരിച്ചറിവു തന്നെ. അപ്പോള്‍, ആത്യന്തികമായി സ്നേഹത്തിലേയ്ക്കുള്ള സ്നാനമാണ്, സ്നേഹത്തിന്‍റെ തിരിച്ചറിവിലേയ്ക്കുള്ള സ്നാനമാണ് ജ്ഞാനസ്നാനം. സ്നേഹത്താല്‍ രക്ഷിക്കപ്പെട്ട സമൂഹത്തിലെ പങ്കുചേരലാണത്. ഒഴുകുന്ന വെള്ളത്തില്‍ മുങ്ങിയാലും, തലയില്‍ വെള്ളമൊഴിച്ച് സ്നാനപ്പെട്ടാലും ദൈവം സ്നേഹമാണെന്നുള്ള തിരിച്ചറിവിലേയ്ക്കു സ്നാനപ്പെടുന്നില്ലെങ്കില്‍ ക്രിസ്തു എനിക്ക് അമര്‍ത്യതയുടെ അപ്പമാകില്ല, ജീവന്‍റെ അപ്പമാകില്ല. ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന വിധം മരിക്കണമെങ്കില്‍ സ്നേഹത്തിന്‍റെ
ഈ ജ്ഞാനസ്നാനം സ്വീകരിക്കണം. മനുഷ്യരെ സ്നേഹിച്ച്, അവരുടെ പക്ഷം പിടിച്ചു ജീവിക്കുന്നവര്‍ ഒരിക്കലും മരിക്കുകയില്ല.

ഇനി അത്മീയ ഭോജ്യമാകുന്ന അപ്പത്തെക്കുറിച്ച് ചിന്തിക്കാം.
ക്രിസ്തു പുരുഷാരത്തെ ഊട്ടുന്ന സംഭവങ്ങള്‍ സുവിശേഷത്തില്‍ നാം പലവട്ടം വായിക്കുന്നുണ്ട്. അത്തരം ഇടങ്ങളില്‍ പൊതുവായി സംഭവിക്കുന്ന ചിലകാര്യങ്ങള്‍ നമ്മുടെ അന്നവിചാരങ്ങള്‍ക്ക്
നല്ല അടയാളമായി മാറേണ്ടതാണ്. മനുഷ്യര്‍ക്ക് വിശക്കുന്നു എന്ന അറിവാണ് അതില്‍ ആദ്യത്തേത്. നിങ്ങള്‍ വളരെ സാധാരണയായി പറയുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും പേരുകള്‍പോലും പലര്‍ക്കും നിശ്ചയമില്ല എന്ന് അറിയാത്തതെന്തേ? ഒരു പ്ലസ് ടൂ അദ്ധ്യാപിക തന്‍റെ ക്ലാസ്സിലെ കുട്ടികള്‍ക്കുവേണ്ടി കുറച്ച് ‘പുഡിംഗ്’ ഉണ്ടാക്കി വളരെ ചെറിയ അളവിലത് വിളമ്പിക്കൊടുത്തു. അതു കഴിച്ചിട്ട് കുട്ടികള്‍ ടീച്ചറോട് പറയുന്നു.
“നല്ല രുചി, ഇതിന്‍റെ പേരെന്താണ്?” ടിച്ചറുടെ കണ്ണു നനഞ്ഞു. അതേസമയത്ത് വീട്ടിലെ ഊട്ടുമേശയില്‍ കെ.ജി.യില്‍ പഠിക്കുന്ന നമ്മുടെ കുഞ്ഞുമകള്‍ പറയുന്നു. “അമ്മാ, ഇന്ന് ന്യൂഡില്‍സ് വേണ്ട, സ്പഗേത്തി മതി” എന്ന്.

ദീര്‍ഘമായ പ്രഭാഷണത്തിനുശേഷം മടങ്ങിപ്പോകുന്ന തന്‍റെ പാവപ്പെട്ട കേള്‍വിക്കാര്‍ക്ക് വഴിയില്‍ എന്തും സംഭവിക്കുമെന്നോര്‍ത്ത് ക്രിസ്തു ഭാരപ്പെടുന്നു. വിശക്കുന്നവരുടെ വഴിയില്‍ എന്തും സംഭവിക്കാം. വിശക്കുന്ന ദാവീദ് ദേവാലയത്തില്‍ കയറി പുരോഹിതന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട കാഴ്ചയപ്പം എടുത്ത് ഭക്ഷിച്ചെന്നിരിക്കാം. വിശക്കുന്ന ശിഷ്യന്മാര്‍ വയലിലെ കതിര്‍ മണികള്‍ കവര്‍ന്നെന്നിരിക്കാം. വിശക്കുന്ന പെണ്‍കുട്ടി ഗണികത്തെരുവിലേയ്ക്ക് വഴിതെറ്റി ചെന്നെന്നിരിക്കാം. വിശക്കുന്നവരോട് മാത്രം നമ്മുടെ ധാര്‍മ്മിക വിചാരങ്ങള്‍ ഇങ്ങനെ അമിതമായി പറയരുത്. നല്ലൊരളവില്‍, വിശപ്പാണ് മനുഷ്യജീവിതത്തിന്‍റെ നിലനില്‍പ്പുകളെ പാളിക്കുന്നത്. അവര്‍ക്കെന്തു സംഭവിക്കുമെന്ന് വ്യാകുലപ്പെടാത്തവരുടെ സരോപദേശങ്ങള്‍ക്ക് കാല്‍ക്കാശിന് വിലയില്ലെന്ന് ഓര്‍ക്കുക.

ഭൂമിയുടെ വിശപ്പിനെ ശമിപ്പിക്കുവാന്‍ നമുക്കിനിയെന്താവും എന്ന അന്വേഷണമാണ് രണ്ടാമത്തെ ചുവട്. ഇത്രയും വലിയ പുരുഷാരത്തെ ഊട്ടാന്‍ ഇരുന്നൂറു ദിനാറ വേണ്ടിവരുമെന്നായിരുന്നു പിലിപ്പോസിന്‍റെ കണ്ടെത്തല്‍. എത്ര കൂട്ടിയാലും കൂടാത്ത കണക്കാണിത്. വിശക്കുന്ന പരകോടി മനുഷ്യരെയോര്‍ത്ത് നമ്മുടെ നിസ്സഹായതകള്‍ പേര്‍ത്ത് പറയുകയല്ല വേണ്ടത്. ആ ബാലന്‍ ചെയ്തതുപോലെ കൈയ്യിലുള്ള, അക്ഷരാര്‍ത്ഥത്തില്‍ എണ്ണിച്ചുട്ട അപ്പം, അടുത്തിരിക്കുന്നവര്‍ക്കുവേണ്ടി വച്ചുനീട്ടുകയാണ് പ്രധാനം. മറ്റൊരു വാക്കില്‍ think globally and act locally.

ഒരു ചെറു വാല്യക്കാരനായിരുന്നു അത്. അവന് കഴിക്കാന്‍വേണ്ടി മാത്രം അവന്‍റെ ഉറ്റവരാരോ പൊതിഞ്ഞു കെട്ടി കൊടുത്ത അപ്പം പങ്കിടുവാന്‍ കാട്ടിയ സുമനസ്സ് ഓര്‍ക്കുമ്പോള്‍ തോന്നുന്നു, ശരിക്കുമുള്ള അത്ഭുതം അതായിരുന്നു – പങ്കുവയ്ക്കല്‍. പടിയടയ്ക്കുന്നതിന് മുമ്പ് പഴയകാല ചില തറവാടുകളില്‍ നിലനിന്നിരുന്ന രീതിയെ ഓര്‍മ്മിക്കുക.
അത്താഴ പട്ടിണിക്കാര്‍ ആരെങ്കിലും ഉണ്ടോയെന്ന് വിളിച്ചുകൂവുന്ന ചോദ്യം. മുഴുവന്‍ ലോകത്തിന്‍റെ വിശപ്പിനുള്ള പരിഹാരമുണ്ടെന്ന ഹൂങ്കല്ലത്. മറിച്ച് ദുര്‍ബലമായ ഈ ശബ്ദം പതിക്കുന്ന അത്രയും ഇടങ്ങളിലെങ്കിലും ഒരത്താഴപ്പട്ടിണിക്കാരന്‍ ഉണ്ടാവരുതേ, എന്ന സ്നേഹശാഠ്യം മാത്രമാണത്. ആരെങ്കിലുമൊരാള്‍ അങ്ങനെ പട്ടിണികിടക്കുമ്പോള്‍ പടിയടച്ച് ഉറങ്ങാനുള്ള അവകാശമുണ്ടോയെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
റോമില്‍ ഒരാള്‍ പട്ടിണികിടന്നിട്ടും താനതറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അന്നത്തെ പാപ്പ ഒരാഴ്ച കുര്‍ബാന അര്‍പ്പിച്ചില്ലത്രേ. പാപ്പ ഗ്രിഗരിയാണത്.

വിശക്കുന്ന മനുഷ്യരിലേയ്ക്ക് ക്രിസ്തുവിന് സദാ തുറന്നുവച്ച മിഴികളുണ്ടായിരുന്നു. അവിടുന്ന് ഒത്തിരി പട്ടിണി കിടന്നതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ അപ്പത്തിന്‍റെ നഗരത്തില്‍, ബെതലഹേമില്‍, കൊടുംദാരിദ്ര്യത്തിന്‍റെ നടുവില്‍ പിറന്നു വീണതുകൊണ്ടാവാം. സ്വയം അപ്പമെന്ന്, “ഞാന്‍ ജീവന്‍റെ അപ്പമാണെ”ന്ന്, വിശേഷിപ്പിച്ചത്. പുതിയ നിയമത്തിലെ മന്ന! ജായിരൂസിന്‍റെ മകളെ ഉയിര്‍പ്പിച്ച ക്രിസ്തു ഉടനെ അഭ്യര്‍ത്ഥിച്ചത്, ബാലികയ്ക്കെന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കൂ, എന്നല്ലേ. ഇനി സുവിശേഷം അവസാനിക്കുമ്പോള്‍പ്പോലും കടലോരത്ത് പ്രാതല്‍ ഒരുക്കി കാത്തുനില്‍ക്കുന്ന ഒരാളായിട്ടാണ് യോഹന്നാന്‍ ക്രിസ്തുവിനെ
വരച്ചുചേര്‍ക്കുന്നത്. തീയില്‍ ചുട്ട അപ്പവും മീനുമായി കാത്തുനില്‍ക്കുന്ന ക്രിസ്തു അസാധാരണമായ സൗഹൃദത്തോടെ ഇന്നും നമ്മെ ക്ഷണിക്കുന്നു, “വരൂ, വന്നു പ്രാതല്‍ കഴിക്കൂ...., എന്‍റെ വിരുന്നു മേശയില്‍ പങ്കുചേരൂ...!”








All the contents on this site are copyrighted ©.