2013-06-07 16:59:07

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേനലവധി വത്തിക്കാനില്‍ത്തന്നെ


07 ജൂണ്‍ 2013, വത്തിക്കാന്‍
വേനലവധിക്കാലത്തും ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ തന്നെ കഴിയുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെ അറിയിച്ചു. മാര്‍പാപ്പയുടെ വേനലവധി പരിപാടികളെ സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവികൂടിയായ ഫാ.ലൊംബാര്‍ദി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ പ്രതിദിനം രാവിലെ 7ന് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലി ജൂലൈ 8 മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാര്‍പാപ്പയുടെ വേനല്‍ക്കാല പരിപാടികളെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ജൂണ്‍ 6നാണ് പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ട് പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പ ബുധനാഴ്ചകളില്‍ നയിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ച്ചകള്‍ ജൂലൈ മാസത്തില്‍ ഉണ്ടായിരിക്കുന്നതല്ല. ഓഗസ്റ്റ് 7ന് വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച്ച പുനനരാരംഭിക്കും. വത്തിക്കാനില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെയുള്ള കാസില്‍ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലാണ് സാധാരണയായി മാര്‍പാപ്പമാര്‍ വേനലവധിക്കാലം ചിലവഴിക്കാറ്. എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തമായി വത്തിക്കാനില്‍ തന്നെ വേനലവധി ചിലവിടാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 7ാം തിയതി കാസില്‍ഗണ്‍ഡോള്‍ഫോ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ വേനല്‍ക്കാല വസതിയുടെ അങ്കണത്തില്‍ ഞായറാഴ്ചയിലെ ത്രികാല പ്രാര്‍ത്ഥന നയിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ആഗോള യുവജനസംഗമത്തോടനുബന്ധിച്ച് ജൂലൈ 22 മുതല്‍ 29 വരെ ബ്രസീസിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനവും പാപ്പായുടെ വേനല്‍ക്കാല പരിപാടികളില്‍ ഉള്‍പ്പെടും.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.