2013-06-06 19:03:49

സ്നേഹത്തില്‍ ഫലമണിയുന്ന കൂട്ടായ്മ
അരൂപിയുടെ നിറവ്


6 ജൂണ്‍ 2013, റോം
സ്നേഹത്തിന്‍റെ ഫലമണിയുന്ന സഭാകൂട്ടായ്മ പരിശുദ്ധാത്മാവിന്‍റെ നിറവും പ്രതീകവുമാണെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍ ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. വിശ്വാസവര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിക്കൊണ്ടിരിക്കുന്ന മതബോധന പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് പരിശുദ്ധ ത്രിത്വത്തിന്‍റെ അദൃശ്യരൂപമായ അരൂപി, ദൈവാരൂപിയെക്കുറിച്ച് വിവരിച്ചത്.

അരൂപിയിലുള്ള വിശ്വാസം ക്രൈസ്തവര്‍ക്ക് അടിസ്ഥാനപരമാണെന്നും, അത് ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസം തന്നെയാണെന്നും ഫാദര്‍ കൊവാല്‍സിക്ക് പ്രസ്താവിച്ചു. പിതാവിനോടും പുത്രനോടും ഏകസത്തമായ വ്യക്തിത്വമാണ് consubstantial പരിശുദ്ധാത്മാവിന്‍റേതെന്നും, അങ്ങനെ ദൈവാത്മാവ് പിതാവിനോടും പുത്രനോടും ഒപ്പമുള്ള ഏകത്വമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് യുക്തിയില്‍ സമര്‍ത്ഥിച്ചു. ‘ദൈവാത്മാവു മുഖേന സംസാരിക്കുന്നവന്‍ പുത്രനെ നിഷേധിക്കില്ലെന്നും’ (1കൊറി. 12, 3), മനുഷ്യന്‍റെ ഹൃദയാന്തരാളത്തില്‍ വാസംകൊള്ളുന്ന ‘ദൈവാത്മാവാണ് ഒരുവനെ, ദൈവത്തെ ആബാ, പിതാവേ, എന്നു വിളിക്കാന്‍ പ്രാപ്തനാക്കുന്നതെന്നും’ (ഗലാത്തിയര്‍ 4, 6) വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കൊവാല്‍സിക്ക് അദൃശ്യനായ ദൈവത്തെ ദൃശ്യനാക്കാനും വ്യക്തമാക്കാനും ശ്രമിച്ചു.

സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍വേണ്ടി വായു, അഗ്നി, പ്രാവ് എന്നീ സംജ്ഞകളിലൂടെ പ്രതിപാദിക്കപ്പെടുന്ന ത്രിയേക ദൈവത്തിന്‍റെ മൂന്നാമാളായ പരിശുദ്ധാത്മാവിന്‍റെ ദൃശ്യഭാവവും രൂപവും സ്നേഹമാണ്. അത് ത്വിത്വൈക ദൈവത്തിന്‍റെ അനന്തവും അപരിമേയവുമായ ആന്തരിക ഐക്യത്തില്‍ പ്രതിഫലിക്കുന്നതുപോലെ, സ്നേഹത്തില്‍ അധിഷ്ഠിതമായ സഭാകൂട്ടായ്മയില്‍ അത് ഇന്നും സാക്ഷാത്ക്കരിക്കപ്പെടുന്നുവെന്ന ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.