2013-06-05 18:46:39

സിറിയയിലെ പീഡിതരുടെ
പക്ഷംചേരുമെന്ന് പാപ്പാ


5 ജൂണ്‍ 2013, വത്തിക്കാന്‍
സിറിയയുടെ സമാധാന ശ്രമത്തില്‍നിന്ന് സഭ പിന്മാറില്ലെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ജൂണ്‍ 5-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി, ‘കാസാ മാര്‍ത്താ’യില്‍ വിളിച്ചുകൂട്ടിയ വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടന, Cor Unum-ന്‍റെയും ഇതര സംഘടകളുടെയും സംയുക്ത യോഗത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. മദ്ധ്യപൂര്‍വ്വ ദേശമായ ലെബനോണിലേയ്ക്കു പാപ്പാ ബനഡിക്ട് 2012-ല്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനവും, വത്തിക്കാന്‍റെ പ്രതിനിധിയായി സറിയയിലേയ്ക്ക് കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറായെ അയച്ചതും, കഴിഞ്ഞ സിനഡു സമ്മേളത്തിന്‍റെ പിന്‍തുണയോടെ സിറിയയ്ക്ക് വത്തിക്കാന്‍ സാമ്പത്തിക പിന്‍തുണ നല്കിയതും, സിറിയയുടെ രാഷ്ട്രീയ നേതൃത്വത്തോടുള്ള സഭയുടെ സമാധാനാഭ്യര്‍ത്ഥനയുടെ ഭാഗമായിരുന്നെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

നിന്ദിതരുടെയും പീഡിതരുടെയുംമദ്ധ്യേ ക്രിസ്തു സന്നിഹിതനായിരുന്നതുപോലെ, മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയ അധികാര വടംവലിക്കുമദ്ധ്യേ നുറുങ്ങുകയും മരിച്ചുവീഴുകയും ചെയ്യുന്ന ആയിരക്കണക്കിന് സറിയന്‍ ജനതയോടുള്ള സഹാനുഭാവവും പിന്‍തുണയുമായി സഭ സന്നിഹിതയായിരിക്കുമെന്നു പ്രഖ്യാപിച്ച പാപ്പ, ലോക രാഷ്ട്രങ്ങളും സാമൂഹ്യ സംഘടനകളും വേദനിക്കുന്ന അവിടത്തെ ജനതയ്ക്ക് സാന്ത്വനം പകരണമെന്ന് പ്രസ്താവനിയിലൂടെ അഭ്യര്‍ത്ഥിച്ചു. അനുദിനം വര്‍ദ്ധിച്ചുവരുകയും തുടരുകയും ചെയ്യുന്ന രാഷ്ട്രീയ ഭിന്നിപ്പിന്‍റെ ക്രൂരമായ അധിക്രമങ്ങളെ സന്ദേശത്തില്‍ അപലപിച്ച പാപ്പാ, വീണ്ടും തന്‍റെ സമാധാനാഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും, പ്രകടമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയും, ഗുണപരമായ ചര്‍ച്ചകളിലൂടെയും സിറിയയിലെ സമാധാന ശ്രമങ്ങള്‍ ഇനിയും തുടരണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു.

പരിത്യക്തരും അഭയാര്‍ത്ഥികളുമാക്കപ്പെട്ട സീറിയന്‍ ജനതയോടും,
ഭവന രഹിതരാക്കപ്പെട്ട ആയിരക്കണക്കിന് അവിടത്തെ പാവങ്ങളോടും, മുറിപ്പെട്ടവരോടും, ജാതി-മത വിവേചനമില്ലാതെ മനുഷ്യാന്തസ്സിനിണങ്ങുന്ന വിധത്തില്‍ പെരുമാറുകയും അവരെ തുണയ്ക്കുകയും വേണമെന്ന് പാപ്പ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
Reported : nellikal sedoc








All the contents on this site are copyrighted ©.