2013-06-05 10:04:46

ബാലപീഡന പ്രതിരോധ ശ്രമങ്ങള്‍ക്ക് മാര്‍പാപ്പയുടെ പ്രോത്സാഹനം


04 ജൂണ്‍ 2013, വത്തിക്കാന്‍
ബാലപീഡന പ്രതിരോധ കര്‍മ്മപദ്ധതിയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നുവെന്ന് പദ്ധതിയുടെ സംഘാടക അംഗവും ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ മനശാസ്ത്രവിഭാഗം അദ്ധ്യക്ഷനുമായ ഫാ.ഹാന്‍സ് സൊല്‍നെര്‍ വെളിപ്പെടുത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ.ഹാന്‍സ് സൊല്‍നെര്‍ ഉള്‍പ്പെടെ ബാലപീഡന പ്രതിരോധ കര്‍മ്മപദ്ധതിയിലെ ചില അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ദിവ്യബലിയ്ക്കു ശേഷം മാര്‍പാപ്പയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തങ്ങളുടെ പ്രതിരോധ പദ്ധതിയെക്കുറിച്ച് പാപ്പായോട് വിശദീകരിച്ചുവെന്ന് ഫാ.സൊല്‍നെര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് പ്രോത്സാഹനം പകര്‍ന്ന മാര്‍പാപ്പ ബാലപീഡനത്തിനെതിരേയുള്ള പോരാട്ടം കത്തോലിക്കാ സഭ തുടരുമെന്ന് ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതി പല ലോകരാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞെന്ന് വെളിപ്പെടുത്തിയ ഫാ.സൊല്‍നെര്‍ ഇറ്റലി, ജര്‍മനി, എക്വദോര്‍, അര്‍ജന്‍റീന, ഘാന, കെനിയ, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിരോധ പദ്ധതികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അറിയിച്ചു. രൂപതാ തലത്തിലും ഇടവക സമൂഹത്തിലുമുള്ള ബോധവല്‍ക്കരണം, അധ്യാപക പരീശീലനം തുടങ്ങിയ ബഹുമുഖ പദ്ധതികള്‍ക്കൊപ്പം ശാസ്ത്രീയ പഠനങ്ങളും മനശാസ്ത്രപരമായ വിശകലനങ്ങളും തങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.