2013-06-04 16:53:33

കാപട്യം അഴിമതിയുടെ ഭാഷ: ഫ്രാന്‍സിസ് മാര്‍പാപ്പ


04 ജൂണ്‍ 2013, വത്തിക്കാന്‍
കപടത അഴിമതിക്കാരുടെ ഭാഷയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 4ന് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദിവ്യബലി മധ്യേ വായിച്ച സുവിശേഷഭാഗത്തെ (മാര്‍ക്കോസ് 12: 13-17) ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം. യേശുവിനെ വാക്കില്‍ കുടുക്കാനെത്തിയ ഫരിസേയരും ഹേറോദേസ് പക്ഷക്കാരും അവിടുത്തെ പക്കലെത്തി മുഖസ്തുതി പറഞ്ഞതിനു ശേഷം, ‘സീസറിനു നികുതി കൊടുക്കണമോ വേണ്ടയോ എന്ന്’ കൗശലപൂര്‍വ്വം ആരായുന്നു. മധുരം നിറഞ്ഞ വാക്കുകളിലൂടെ യേശുവിനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. സൗഹൃദപൂര്‍വ്വം ക്രിസ്തുവിനെ സമീപിച്ച അവര്‍ കാപട്യം നിറഞ്ഞവരായിരുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. യേശുവിനെ ചതിക്കാന്‍ ലക്ഷൃമിട്ട അവര്‍ സത്യത്തെ സ്നേഹിച്ചിരുന്നില്ല.
അഴിമതിയുടെ ഭാഷയാണ് കാപട്യം. ഇക്കാരണത്താല്‍ തന്നെയാണ് “നിങ്ങളുടെ വാക്കുകള്‍ ‘അതേ, അതേ’ എന്നോ ‘അല്ല, അല്ല’ എന്നോ ആയിരിക്കട്ടെ” എന്ന് യേശു തന്‍റെ ശിഷ്യന്‍മാരോട് പറഞ്ഞത്. കാപട്യം സത്യത്തിന്‍റെ ഭാഷയല്ല. കാരണം സത്യത്തില്‍ എല്ലായ്പ്പോഴും സ്നേഹത്തിന്‍റെ സാമീപ്യമുണ്ടായിരിക്കുമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സ്നേഹമില്ലാതെ സത്യമില്ല, സര്‍വോപരി സ്നേഹമാണ് സത്യം. യേശുവിനെ കുടുക്കാന്‍ വന്ന ഫരിസേയരും ഹേറോദേസ് പക്ഷക്കാരും സ്വാര്‍ത്ഥരായിരുന്നു. സ്വാര്‍ത്ഥസ്നേഹമെന്ന ഈ വിഗ്രഹാരാധനയാണ് മറ്റുള്ളവരെ ചതിക്കുന്നതിലേക്ക് അവരെ നയിച്ചതെന്നും മാര്‍പാപ്പ പറഞ്ഞു.
നുണയിലേക്കും തെറ്റിലേക്കും നയിക്കുന്നതാണ് അവരുടെ അനുനയത്തിന്‍റെ ഭാഷ. കപടസ്നേഹത്തോടെ യേശുവിനെ സമീപിച്ച ഇതേയാളുകളാണ് ഒലിവു തോട്ടത്തില്‍ വച്ച് യേശുവിനെ ബന്ധിച്ച് പീലാത്തോസിന്‍റെ പക്കലെത്തിച്ചതും.
നമ്മോട് സൗമത്യയുള്ളവരായിരിക്കാന്‍ യേശു ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ യേശു ആവശ്യപ്പെടുന്ന സൗമ്യതയ്ക്ക് വ്യാജസ്തുതിയോടും മധുരവാക്കുകളോടും യാതൊരു ബന്ധവുമില്ലെന്ന് മാര്‍പാപ്പ വിശദീകരിച്ചു. യേശുവിന്‍റെ സൗമ്യത ഒരു കുഞ്ഞിന്‍റേതു പോലെ ലളിതമാണ്. അവിടുത്തെ വാക്കുകളില്‍ കറപുരണ്ടിട്ടില്ല. കുഞ്ഞുങ്ങള്‍ക്കടുത്ത ഹൃദയശുദ്ധിയോടെ സംസാരിക്കാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നുവെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
ദുര്‍ബ്ബല ഹൃദയരാണ് മുഖസ്തുതിയിലും മധുരവചനങ്ങളിലും വീണുപോകുന്നത്. നമ്മെക്കുറിച്ച് നല്ലകാര്യങ്ങള്‍ കേള്‍ക്കാന്‍ നാമിഷ്ടപ്പെടുന്നു. അക്കാരണത്താല്‍ തന്നെ നല്ലവാക്കുകളിലൂടെ നമ്മെ വീഴ്ത്താന്‍ വഞ്ചകര്‍ ശ്രമിക്കും. മുഖസ്തുതകളിലൂടെ സുഖിപ്പിച്ചുകൊണ്ട് അവര്‍ നമ്മെ നാശത്തിലേക്ക് നയിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
തങ്ങളുടെ വാക്കുകള്‍ എങ്ങനെയുള്ളതാണെന്ന് ആത്മശോധന ചെയ്യാനും സുവിശേഷാത്മകമായ രീതിയില്‍ സംസാരിക്കാന്‍ പരിശീലിക്കാനും മാര്‍പാപ്പ ക്രൈസ്തവരെ ക്ഷണിച്ചു. ദൈവമക്കളെന്ന നിലയില്‍ കുഞ്ഞുങ്ങള്‍ക്കടുത്ത ഹൃദയ ലാളിത്യത്തോടെ സംസാരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പരിചിന്തനം ഉപസംഹരിച്ചത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.