2013-05-31 17:40:59

ദിവ്യകാരുണ്യം കൂട്ടായ്മയുടെയും
പങ്കുവയ്ക്കലിന്‍റെയും വിസ്മയം


31 മെയ് 2013, റോം
പാപ്പ ഫ്രാന്‍സിസിന്‍റെ ദിവ്യകാരുണ്യ ചിന്തകള്‍
പരിശുദ്ധ കുര്‍ബ്ബാനയുടെ (Corpus Domini) മഹോത്സവത്തില്‍ പാപ്പ ഫ്രാന്‍സിസ് നല്കിയ വചനസന്ദേശം
“നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍!” (ലൂക്കാ 9, 13).
ആരെയും എപ്പോഴും സ്പര്‍ശിക്കുന്ന വചനമാണിത്. ക്രിസ്തുവിന്‍റെ ഈ പ്രസ്താവത്തില്‍നിന്നും മൂന്നു ചെറുചിന്തകളാണ് എന്‍റെ മനസ്സില്‍ ഉദിക്കുന്നത് – ശിഷ്യത്വം, കൂട്ടായ്മ, പങ്കുവയ്ക്കല്‍.

1. ആര്‍ക്കാണ് ക്രിസ്തു ഭക്ഷണം നല്കിയത്?
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഒന്‍പതാം അദ്ധ്യയത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അതു വ്യക്തമാക്കപ്പെടുന്നുണ്ട്. ഒരു വന്‍ ജനാവലിയെ ക്രിസ്തു അഞ്ചപ്പവും രണ്ടു മീനുകൊണ്ട് അത്ഭുതകരമായി തീറ്റിപ്പോറ്റിയെന്നും നാം വായിക്കുന്നു. ക്രിസ്തു എപ്പോഴും ജനമദ്ധ്യത്തിലാണ്. അവരുടെ ഭവനങ്ങളില്‍‍ അവരോടു സംസാരിച്ചും, അവരില്‍ ശ്രദ്ധകേന്ദ്രീകരിച്ചും, ദൈവത്തിന്‍റെ കാരുണ്യം അവര്‍ക്ക് അനുഭവവേദ്യമാക്കുന്നു. അവിടുത്തെപ്പോലെ ജനമദ്ധ്യത്തിലായിരിക്കാനും അവര്‍ക്ക് നന്മചെയ്യാനും ദൈവിക കാരുണ്യം പകര്‍ന്നു കൊടുക്കാനും അവരില്‍നിന്നും പന്ത്രണ്ടു പേരെ തന്‍റെ ശിഷ്യന്മാരായി അവിടുന്നു തിരഞ്ഞെടുത്തു. ജനങ്ങള്‍ അവിടുത്തെ ശ്രവിച്ചു. കാരണം അവിടുത്തെ വാക്കുകളും പ്രവൃത്തികളും പുതുമയുള്ളവയായിരുന്നു. അവിടുന്ന് അധികാരത്തോടും സ്ഥിരതയോടും സത്യസന്ധമായും സംസാരിച്ചിരുന്നു. സ്നേഹമാകുന്ന ദൈവത്തെ വെളിപ്പെടുത്തിക്കൊണ്ട് അവിടുന്ന് അവര്‍ക്ക് ജീവിതത്തില്‍ പ്രത്യാശ പകര്‍ന്നുകൊടുത്തു. ജനങ്ങള്‍ സന്തോഷത്താല്‍ ദൈവത്തെ സ്തുതിച്ചു.

പരിശുദ്ധ ദിവ്യകാരുണ്യ തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ നാം സുവിശേഷത്തിലെ ജനാവലിയെപ്പോലെയാണ്. ക്രിസ്തുവിനെ അനുഗമിക്കാനും അവിടുത്തെ ശ്രവിക്കാനും നാം ആഗ്രഹിക്കുന്നു. ദിവ്യകാരുണ്യത്തില്‍ അവിടുത്തോട് ഐക്യപ്പെടാന്‍ വെമ്പല്‍കൊള്ളുന്നു. അവിടുത്തെ സ്വീകരിക്കാനായി നാം എന്നും കാത്തിരിക്കുന്നു. മനുഷ്യന്‍റെ ഈ കാത്തിരിപ്പിനു പ്രത്യുത്തരമായി അവിടുന്ന് ഈ ലോകത്തി നിത്യസാന്നിദ്ധ്യമായി നമ്മോടൊത്തു വസിക്കുന്നതാണ് ദിവ്യകാരുണ്യം. എങ്ങനെയാണ് ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് എന്ന് ചിന്തിക്കുന്നതും വിലയിരുത്തുന്നതും പ്രസക്തമാണ്. പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ രഹസ്യത്തില്‍ ക്രിസ്തു മനുഷ്യകുലത്തോട് നിശ്ശബ്ദമായി സംസാരിക്കുന്നുണ്ട്. ജീവിതം എന്‍റെ മാത്രമല്ലെന്നും, എന്നില്‍നിന്നും പുറത്തുവന്ന്, എന്നെത്തന്നെ അവിടുത്തേയ്ക്കും അപരനുമായി സമര്‍പ്പിക്കുവാനും ഓരോ പ്രാവശ്യവും ക്രിസ്തു നമ്മെ അനുസ്മരിപ്പിക്കുകയും, നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

2. ക്രിസ്തു എന്താണ് തന്‍റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്?
“നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കൂ, എന്നാണ്. കാരണം, അവര്‍ ജീവിതചുറ്റുപാടുകളില്‍നിന്ന് അകന്ന് വിജനപ്രദേശത്തായിരുന്നു. സന്ധ്യമയങ്ങാന്‍ തുടങ്ങിയപ്പോള്‍ ശഷ്യന്മാരാണ് പറഞ്ഞത്, “ഇനി അവര്‍ പോയി എന്തെങ്കിലും കഴിക്കട്ടെ,” എന്ന് (ലൂക്കാ 9, 12). പ്രതിസന്ധിയില്‍ ശിഷ്യന്മാര്‍ കണ്ടെത്തിയ പ്രതിവിധി വളരെ സ്വാര്‍ത്ഥമാണ്. ഇനി ഓരോരുത്തരും അവരുടെ കാര്യം നോക്കട്ടെ, എന്നാണ് അതിന്‍റെ ധ്വനി. സ്വന്തംകാര്യം മാത്രമാണ് ഓരോരുത്തരും ചിന്തിക്കുന്നത്.

‘ദൈവം നിങ്ങളെ രക്ഷിക്കട്ടെ, ദൈവം സഹായിക്കട്ടെ!’ എന്ന സഹാനുഭാവത്തിന്‍റെ ആശംസയോടെ അപരനെ പറഞ്ഞയക്കുക എളുപ്പമാണ്. എന്നാല്‍ ക്രിസ്തു പറയുന്ന പ്രതിവിധി വ്യത്യസ്തമാണ്. അത് ശിഷ്യന്മാരെ അത്ഭുതപ്പെടുത്തി. “നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷണം കൊടുക്കൂ,” എന്നാണ്. എന്നാല്‍
“ഈ വന്‍പുരുഷാരത്തെ ഞങ്ങളെങ്ങിനെ പോറ്റാനാണ്,” എന്നായി ശിഷ്യന്മാരുടെ പ്രതികരണം. ആകെ കൈവശമുള്ളത് അഞ്ചപ്പവും രണ്ടു മീനുമാണ്. “പിന്നെ ഈ വന്‍ജനാവലിക്ക് എവിടെനിന്നും ഭക്ഷണം വാങ്ങാനാണ്?” എന്നാല്‍ ക്രിസ്തു പിന്മാറുന്നില്ല. “അവരെ അന്‍പതു വീതമുള്ള ചെറുപന്തികളായി ഇരുത്തൂ,” എന്ന് അവിടുന്ന് ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നിട്ട് അവിടുന്ന് ബാലന്‍റെ കൈവശമുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗ്ഗത്തിലേയ്ക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വ്വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു.

കൂട്ടായ്മയുടെ അനുഭവമാണവിടെ ഉണ്ടായത്. കര്‍ത്താവിന്‍റെ വചനത്തില്‍ പരിപോഷിതരായ വന്‍ ജനാവലി! ക്രിസ്തു നല്കിയ വിരുന്നു മേശയിലെ അപ്പം ഭുജിച്ചവര്‍!! “എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടകള്‍ നിറയെ അവര്‍ ശേഖരിച്ചു,” എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പരിശുദ്ധ കുര്‍ബ്ബാനയുടെ വിരുന്നു മേശയില്‍ കര്‍ത്താവിന്‍റെ കാല്‍വരിയിലെ ബലി വീണ്ടും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അവിടുത്തെ തീരുശരീരരക്തങ്ങള്‍ നമുക്കായിതാ പകുത്തുനല്കുന്നു.
ഈ വിരുന്നു മേശയുടെ ആതിഥേയ പശ്ചാത്തലത്തില്‍നിന്ന് അനുദിനജീവിതത്തിന്‍റെ വിദൂരവും അജ്ഞാതവുമായ ജനസഞ്ചയങ്ങളിലേയ്ക്കും സമൂഹങ്ങളിലേയ്ക്കു പുറപ്പെട്ടു ചെല്ലാന്‍ ക്രിസ്തു ഏവരോടും ആഹ്വാനംചെയ്യുന്നു. നമ്മുടെ വ്യക്തിതലത്തിന്‍റെ ഒതുങ്ങിയ ചൂറ്റുപാടുകളില്‍നിന്നും വിട്ടകന്ന് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ അവിടുന്നു ക്ഷണിക്കുന്നു. കൂട്ടായ്മയുടെ കൂദാശയാണ് കുര്‍ബാന. അങ്ങനെയെങ്കില്‍ നാം അവിടുത്തോടു ചോദിക്കണം, എങ്ങനെയാണ് ഈ കുര്‍ബ്ബാന ഞാന്‍ പരികര്‍മ്മം ചെയ്യേണ്ടതും യാഥാര്‍ത്ഥ്യമാക്കേണ്ടതും? ഒറ്റപ്പെട്ട് ആരുമറിയാതെ ജീവിച്ചുകൊണ്ടോ, ക്രിസ്തുവില്‍ ഒന്നായി സഹോദരങ്ങളോടൊത്തു ജീവിച്ചുകൊണ്ടോ?

3. എങ്ങനെയാണ് ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ചത്?
ഉത്തരം ക്രിസ്തു തരുന്നതാണ്. “നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുക. നിങ്ങള്‍ക്കുള്ളത് പങ്കുവയ്ക്കുക!” അവരുടെ പക്കല്‍, അവിടെ ബാലന്‍റെ കൈവശമുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനുമാണ് അവര്‍ പങ്കുവയ്ക്കാന്‍ തയ്യാറായത്. അവരുടെ സന്മനസ്സില്‍ കര്‍ത്താവിന്‍റെ സന്നിധിയിലെത്തിയ ചെറുപങ്കാണ് അവിടുത്തെ സ്പര്‍ശത്താല്‍ വര്‍ദ്ധിച്ച് അവിടെ സമ്മേളിച്ച അയ്യായിരത്തോളം വരുന്ന ജനാവലിയെ സംതൃപ്തരാക്കിയത്. ശിഷ്യന്മാര്‍ അവരുടെ ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്‍റെയും അവസ്ഥയില്‍ പകച്ചുനില്ക്കുകയായിരുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ വാക്കുകളില്‍ വിശ്വസിച്ചവര്‍ ദൈവിക സമൃദ്ധിയുടെ ധാരാളിത്തം അനുഭവിക്കുന്നു. ‘സഹാനുഭാവ’മെന്ന മൂലപദം നാം സഭാജീവിതത്തിലും സമൂഹജീവിതത്തിലും എന്നും ഓര്‍ക്കേണ്ടതാണ്. നമുക്കുള്ളത്, നമ്മുടെ എളിയ കഴിവുകള്‍ സന്തോഷത്തോടെ ദൈവത്തിനു സമര്‍പ്പിക്കുക, സഹോദരങ്ങള്‍ക്കായി പങ്കുവയ്ക്കുക. പങ്കുവയ്ക്കുമ്പോഴാണ് ജീവിതങ്ങള്‍ ഫലമണിയുന്നത്. നല്കുമ്പോഴാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ന് ലോകം പുച്ഛിച്ചു തള്ളുന്ന വാക്കുകളാണ് സഹാനുഭാവം, പങ്കുവയ്ക്കല്‍ എന്നിവ!

ദിവ്യകാരുണ്യത്തില്‍ എന്നും ക്രിസ്തു തന്‍റെ ശരീരരക്തങ്ങള്‍ നമുക്ക് സമ്മാനമായി നല്കുന്നു. അവിടെ നാം മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഔദാര്യവും സഹാനുഭാവവുമാണ് അനുഭവിക്കുന്നത്. നമ്മെ അമ്പരപ്പിക്കുന്ന അതിരുകളിലില്ലാത്ത അവിടുത്തെ ഔദാര്യവും സ്നേഹവുമാണത്.
കുരിശിലെ ആത്മയാഗത്തിലൂടെ നമ്മോടൊന്നായ ക്രിസ്തു മനുഷ്യന്‍റെ ദുഃഖത്തിന്‍റെയും മരണത്തിന്‍റെയും ഇരുണ്ട താഴ്വാരങ്ങളില്‍ ജീവന്‍റെ പ്രകാശമായി ലഭ്യനാകുന്നു, നമ്മുടെ പാപത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും മരണത്തില്‍നിന്നും നമ്മെ മോചിക്കാന്‍ അവിടുന്നു സന്നിഹിതനാണ്. പ്രതിബന്ധങ്ങളില്‍ കുടുങ്ങി ജീവിതയാത്രയില്‍ മാന്ദ്യവും ക്ലേശങ്ങളും അനുഭവിക്കുമ്പോള്‍ ദിവ്യകാരുണ്യ നാഥന്‍ ഇതാ, നമ്മെ പരിപോഷിപ്പിക്കാനും, നമുക്ക് ഉണര്‍വ്വേകാനും സ്നേഹത്തിന്‍റെ ദിവ്യകൂദാശയില്‍ നമ്മുടെ ചാരത്ത് സദാ സന്നിഹിതനായിരിക്കുന്നു.

നമ്മെ ബലപ്പെടുത്തുകയും നമുക്ക് നവജീവന്‍ പകരുകയുംചെയ്യുന്ന ആത്മീയഭോജ്യവും യഥാര്‍ത്ഥ ഭക്ഷണമാണവുമാണ് അവിടുന്ന്. അവിടുത്തെ പാതപുല്‍കാന്‍ നമ്മെ അവിടുന്ന് എപ്പോഴും ക്ഷിക്കുന്നു – പങ്കുവയ്ക്കലിന്‍റെയും സ്നേഹത്തിന്‍റയും ത്യാഗത്തിന്‍റെയും പാത. നമുക്കുള്ളത് എത്ര നിസ്സാരമായിരുന്നാലും, ചെറുതായിരുന്നാലും, പങ്കുവച്ചാല്‍ അത് സമൃദ്ധിയുടെ സമ്പത്തായി മാറും, കാരണം നമ്മുടെ ഇല്ലായ്മയെ രൂപാന്തരപ്പെടുത്തുന്നത് ദൈവിക ശക്തിയാണ്, ദൈവിക ജീവനാണ്.

ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിനെ പ്രണമിക്കുന്ന നമ്മെ അവിടുന്ന് രൂപാന്തരപ്പെടുത്തട്ടെ. എന്‍റെ പിരമിതികളുടെ ചെറിയ ഉള്ളറയില്‍നിന്നും പുറത്തുവന്ന് അവിടുത്തേയ്ക്കും അപരനുമായി ജീവിക്കാന്‍ തന്നെത്തന്നെ എനിക്കായി ഹോമിച്ച ക്രിസ്തു എന്നും തുണയേകട്ടെ! ദിവ്യബലിയിലുള്ള പങ്കാളിത്തം എന്നും ക്രിസ്തുവിനെ അനുഗമിക്കാനും, കൂട്ടയ്മയുടെ വക്താവാകാനും, നമ്മെ അവിടുത്തേയ്ക്കും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കാനും, പങ്കുവയ്ക്കാനും, അങ്ങനെ ഈ ജീവതം ഫലമണിയിക്കാനും ദിവ്യകാരുണ്യം സഹായിക്കുന്നു. ഇതാണ് ക്രിസ്തു നല്കുന്ന ശിഷ്യത്വവും, കൂട്ടായ്മയും, പങ്കുവയ്ക്കലും.

Translated : nellikal, sedoc








All the contents on this site are copyrighted ©.