2013-05-28 16:11:34

സുവിശേഷത്തില്‍ ഊന്നിയ ജീവിത സാക്ഷൃം ക്രൈസ്തവരുടെ മുഖ്യദൗത്യം: ബിഷപ്പ് കാരിക്കശ്ശേരി


28 മെയ് 2013, കൊച്ചി
വിശ്വാസവര്‍ഷത്തില്‍ ക്രൈസ്തവരുടെ ഏറ്റവും വലിയ ദൗത്യം ക്രിസ്തുവചനത്തില്‍ ഊന്നിയ ജീവിത സാക്ഷൃമാണെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി പ്രസ്താവിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി സംഘടിപ്പിച്ച മതാധ്യാപക സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം ഇല്ലാത്തവര്‍ക്കും കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോയവര്‍ക്കും സുവിശേഷ വെളിച്ചം നല്കി അവരെ ദൈവരാജ്യം വാഗ്ദാനം ചെയ്യുന്ന രക്ഷയിലേക്ക് നാം തിരികെ കൊണ്ടുവരണം. ഈ ലക്ഷൃത്തിനായി 40 അംഗ ടീമിന് കോട്ടപ്പുറം രൂപത രൂപം നല്‍കിക്കഴിഞ്ഞുവെന്ന് ബിഷപ്പ് പറഞ്ഞു. ജീവിത പ്രതിസന്ധികളില്‍ അമ്പരന്നു നില്‍ക്കുന്നവരുടെ സമീപമെത്തി അവരെ സാന്ത്വനിപ്പിച്ച് ക്രിസ്തുവിലേക്കു നയിക്കാന്‍ നമുക്കു സാധിക്കണം. ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രത്യാശ പകരുകയെന്നതും ഈ കാലഘട്ടത്തില്‍ ആവിഷ്ക്കരിക്കേണ്ട മതബോധന കര്‍മ്മപദ്ധതികളിലൊന്നാണെന്ന് ബിഷപ്പ് കാരിക്കശ്ശേരി പ്രസ്താവിച്ചു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള മുന്നൂറിലേറെ മതാധ്യാപകര്‍ പങ്കെടുത്ത സെമിനാറില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു.

വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി









All the contents on this site are copyrighted ©.