2013-05-28 16:10:07

വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് അഖില ലോക ദിവ്യകാരുണ്യാരാധന


28 മെയ് 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന അഖില ലോക ദിവ്യകാരുണ്യാരാധനയെ സംബന്ധിച്ച വിശദാശംങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജൂണ്‍ 2ന് നടക്കുന്ന അഖില ലോക ദിവ്യകാരുണ്യാരാധനയെക്കുറിച്ചും ജൂണ്‍ 15- 16 തിയതികളില്‍ ആചരിക്കുന്ന ‘ജീവന്‍റെ സുവിശേഷ’ ദിനത്തെക്കുറിച്ചും നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല വിവരിച്ചത്.
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ദിവ്യകാരുണ്യാരാധനയോട് ലോകമെമ്പാടുമുള്ള രൂപതകളുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ നടത്തുന്ന ദിവ്യകാരുണ്യആരാധന ഒത്തുചേരുന്നതോടെയാണ് അഖില ലോക ദിവ്യകാരുണ്യാരാധന യാഥാര്‍ത്ഥ്യമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ദിവ്യകാരുണ്യാരാധന ജൂണ്‍ 2ന് വൈകീട്ട് അഞ്ചുമണിക്ക് വത്തിക്കാനില്‍ ആരംഭിക്കും.
മാര്‍പാപ്പയോട് ചേര്‍ന്നുള്ള അഖില ലോക ദിവ്യകാരുണ്യാരാധനയെന്ന ആശയത്തോട് ഏറെ ആവേശത്തോടെയാണ് പ്രാദേശിക സഭാമേലധികാരികള്‍ പ്രതികരിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. “ഏക കര്‍ത്താവ്, ഏക വിശ്വാസം” എന്ന ആപ്തവാക്യം പൂര്‍ണ്ണമായും അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് എല്ലാ ലോകരാജ്യങ്ങളിലേയും കത്തോലിക്കാവിശ്വാസികള്‍ ദിവ്യകാരുണ്യാരാധനയിലൂടെ ആത്മീയകൂട്ടായ്മയില്‍ ഒന്നിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂണ്‍ 15- 16 തിയതികളില്‍ ആചരിക്കുന്ന ‘ജീവന്‍റെ സുവിശേഷ’ ദിനത്തോടനുബന്ധിച്ച് ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കരുടെ ആഗോള സംഗമം വത്തിക്കാനില്‍ നടക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല അറിയിച്ചു. ‘ജീവന്‍റെ സുവിശേഷ’ ദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 16ാം തിയതി ഞായറാഴ്ച രാവിലെ 10. 30ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷ സമൂഹദിവ്യബലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.
15ന് വൈകീട്ട് വിയാ കൊണ്‍ചീലീയാസ്യോനെയിലൂടെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേക്ക് നടത്തുന്ന നിശബ്ദമായ ദീപപ്രദക്ഷിണവും ജീവന്‍റെ സുവിശേഷ’ ദിനാചരണത്തിന്‍റെ പ്രത്യേകതയാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.