2013-05-28 10:21:58

യേശുവില്‍ നിന്ന് നമ്മെ അകറ്റുന്ന സമ്പത്തെന്തെന്ന് ആത്മശോധനചെയ്യുക: മാര്‍പാപ്പ


28 മെയ് 2013, വത്തിക്കാന്‍
യേശുവിനെ അനുഗമിക്കാന്‍ സാധിക്കാതെ വിഷാദനായി മടങ്ങിയ ധനിക യുവാവിനെപ്പോലെ നമ്മേയും യേശുവില്‍ നിന്നകറ്റുന്ന സമ്പത്തുകള്‍ ഉണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ മെയ് 27ന് രാവിലെ ഏഴ് മണിക്ക് അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. നിത്യജീവന്‍ അവകാശമാക്കാന്‍ താനെന്തു ചെയ്യണം എന്നന്വേഷിച്ച് യേശുവിന്‍റെ പക്കലെത്തുന്ന ധനികനായ യുവാവ്, “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്ത ശേഷം വന്ന് എന്നെ അനുഗമിക്കുക” എന്ന ക്രിസ്തുവചനം ശ്രവിച്ച് ദുഃഖിതനായി മടങ്ങി പോകുന്ന സംഭവം വിവരിക്കുന്ന (മാര്‍ക്കോസ് 10: 17-27) സുവിശേഷഭാഗമായിരുന്നു ദിവ്യബലി മധ്യേ വായിച്ചത്.

യേശുവിനെ അനുഗമിക്കാന്‍ കഴിയാതെ ആ ധനികനായ യുവാവ് ദുഃഖിതനായി മടങ്ങാന്‍ കാരണം അയാളുടെ സമ്പത്തായിരുന്നു. യേശുവില്‍ നിന്ന് അകറ്റുന്ന സമ്പത്തുകള്‍ നമുക്കോരോരുത്തര്‍ക്കുമുണ്ട്. എന്താണ് എന്നെ യേശുവില്‍ നിന്ന് അകറ്റുന്ന സമ്പത്തെന്ന് നാം ഓരോരുത്തരും ആത്മ പരിശോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട പാപ്പ, ക്രിസ്തുവില്‍ നിന്ന് നമ്മെ അകറ്റുന്ന രണ്ടു തരം സമ്പത്തുകളെക്കുറിച്ചും തദവസരത്തില്‍ വിശദീകരിച്ചു. സൗകര്യത്തിന്‍റെ സംസ്ക്കാരവും ക്ഷണികതയുടെ സംസ്ക്കാരവും യേശുവിലേക്ക് അടുക്കുന്നതില്‍ നിന്ന് നമ്മെ തടയുന്ന സമ്പത്തുകളാണ്. സ്വന്തം സുഖവും സൗകര്യവും അന്വേഷിക്കുമ്പോള്‍ നാം സ്വാര്‍ത്ഥമതികളും അലസരുമായിത്തീരും. ജീവിത സൗകര്യങ്ങള്‍ മുന്‍നിറുത്തി ഒരു കുട്ടിമാത്രം മതിയെന്ന് വയ്ക്കുന്ന ദമ്പതികളെ ഉദാഹരണമായി പാപ്പ ചൂണ്ടിക്കാട്ടി. സുഖസൗകര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുമ്പോള്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നാം പരാജിതരാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
യേശുവിനെ അടുത്തനുഗമിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന രണ്ടാമത്തെ സംസ്ക്കാരം ‘ക്ഷണികത’യുടേതാണ്. ക്ഷണികമായ കാര്യങ്ങളിലാണ് നമുക്ക് കൂടുതല്‍ താല്‍പര്യം. താല്‍കാലിക പദ്ധതികള്‍ ഏറ്റെടുക്കാന‍് നാം സജ്ജരുമാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു. കുറച്ചു വര്‍ഷം മാത്രം വൈദികനായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ഒരു വ്യക്തിയേയും സ്നേഹം അവസാനിക്കുന്നതുവരെ വിവാഹിതരായി തുടരുമെന്ന് മനസില്‍ നിശ്ചയിച്ച ദമ്പതികളെയും പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു.
കര്‍ത്താവിന്‍റെ സമയം സുനിശ്ചിതമാണ്. കാലത്തിന്‍റേയും സമയത്തിന്‍റേയും നാഥനാണ് കര്‍ത്താവായ ദൈവം. അവിടുത്തേക്കു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ നാം തയ്യാറാകണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുന്ന മിഷനറിമാരും സ്വന്തം വീടും വീട്ടുകാരേയും വിട്ട് ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്ന പുതിയൊരു കുടുംബം കെട്ടിപ്പടുക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന ദമ്പതിമാരും ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുന്നവരാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
യേശുവിനെ അനുഗമിക്കുന്നതിന് വിഘാതമാകുന്ന സമ്പത്തുകള്‍ വിട്ടുപേക്ഷിച്ചുകൊണ്ട് പ്രത്യാശയോടും ധൈര്യത്തോടുംകൂടി അവസാനം വരെ യേശുവിനെ പിന്തുടരാന്‍ വേണ്ട കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.