2013-05-28 20:47:38

മനുഷ്യസ്നേഹത്തില്‍ സമന്വയിക്കുന്ന
കല്പനകളുടെ സാരാംശവും സംഗ്രഹവും (40)


RealAudioMP3
ഇസ്രായേലിന് ദൈവം നല്കിയ 10 കല്പനകളുടെ വ്യാഖ്യാനങ്ങളാണ് പുറപ്പാടിന്‍റെ പഠനഭാഗത്ത് നാം ശ്രവിക്കുന്നത്. ഈ വ്യാഖ്യാനങ്ങള്‍ രസകരമെന്നോ, ചിലപ്പോള്‍ കണിശവും ശങ്കയുള്ളവയാണെന്നു തോന്നാമെങ്കിലും, സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും അവയെ വിലയിരുത്തുമ്പോള്‍, മാനുഷികമായ പരിമിതികളും കുറവുകളും ഉള്ളവയാണെങ്കിലും അവയെല്ലാം വളരെ പ്രായോഗികമാണെന്നും പ്രസക്തമാണെന്നും നമുക്കു മനസ്സിലാക്കാം. പത്തുകല്പനകളുടെ ജീവല്‍ബന്ധിയായ സാമൂഹ്യ വ്യാഖ്യാനങ്ങളാണവ. ഉളളടക്കം നോക്കുമ്പോള്‍ രണ്ടു സുപ്രധാന കാര്യങ്ങളാണ് പത്തുകല്പനകളിലെ അടിസ്ഥാന വിഷയങ്ങള്‍ഃ ദൈവത്തോടുള്ള കടമകളും, അയല്‍ക്കാരോടുള്ള ഉത്തരവാദിത്വങ്ങളും. പഴയനിയമത്തിലെ സാരോപദേശങ്ങള്‍ ക്രിസ്തു പുതിയ നിയമത്തില്‍ നവീകരിക്കുന്നു. കല്പനകളുടെയെല്ലാം സാരാംശവും സംഗ്രഹവും ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കുന്നതാണെന്ന് ക്രിസ്തു പുതിയ നിയമത്തില്‍ പഠിപ്പിക്കുന്നു. നവയുഗത്തിന്‍റെ സാമൂഹ്യജീവിത പശ്ചാത്തലത്തില്‍ പ്രസക്തമാകുന്ന പത്തുകല്പനകളുടെ വ്യാഖ്യാനങ്ങള്‍ തുടര്‍ന്നും നമുക്കു പഠിക്കാം.
21, 20
സീനായ് മലമുകളില്‍ കര്‍ത്താവു നല്കിയ പത്തുകല്പനകള്‍ സമൂഹജീവിതത്തിന്‍റെ ചിട്ടകളാണ്.. അവ പ്രകൃതി നിയങ്ങളെ ആധാരമാക്കിയുള്ളവയാണ്. മാനുഷിക യുക്തിക്ക് ഇണങ്ങുന്ന നിയമങ്ങള്‍ ദൈവം മനുഷ്യന്‍റെ ബുദ്ധിയില്‍ കോറിയിട്ടതാണ്. എന്നാല്‍ അനുദിന ജീവിതത്തില്‍ അവ കൃത്യമായി പ്രതിഫലിക്കത്തക്കവിധം ദൈവത്താല്‍ പ്രേരിതനായി മോശ ഇസ്രായേലിന് അവ വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ് പുറപ്പാടിന്‍റെ രണ്ടാം ഘട്ടത്തില്‍ നാം കാണുന്നത്. കാലികമായ പരിമിതികളും സാമൂഹ്യ ഘടനയുടെ പ്രതിബന്ധങ്ങളും ഈ വ്യാഖ്യാനത്തില്‍ സ്പഷ്ടമായി കാണാം. എന്നാല്‍ പിന്നീട് പുതിയ മോശ, ക്രിസ്തു അതെല്ലാം നവീകരിക്കുന്നു, പൂര്‍ത്തീകരിക്കുന്നു.

പുറപ്പാടിന്‍റെ 21-ാം അദ്ധ്യായം പറയുന്ന 10 കല്പനകളുടെ വ്യാഖ്യാനങ്ങള്‍ ഇന്നു നമുക്കു പഠിക്കാം. 21, 28 ഒരു കാള പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്‍റെ മാംസം ഭക്ഷിക്കരുത്, കാളയുടെ ഉടമസ്ഥന്‍ നിരപരാധിയായിരിക്കും.
എന്നാല്‍ കാള പതിവായി ആളുകളെ കുത്തി മുറിവേല്‍പ്പിക്കുകയും അതിന്‍റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അയാള്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തികൊലപ്പെടുത്താന്‍ ഇടയായാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്‍റെ ഉടമസ്ഥനും വധിക്കപ്പെടണം. മോചനദ്രവ്യം നിശ്ചയിക്കപ്പെട്ട് നിശ്ചിത തുക കൊടുത്താല്‍ അവന് ജീവന്‍ വീണ്ടെടുക്കാം.

കാള ഒരു ബാലനെയോ ബാലികയെയോ കുത്തി മുറിവേല്പിച്ചാലും ഇതേ നിയമം ബാധകമാണ്. ദാസനേയോ ദാസിയേയോ കുത്തി മുറിവേല്‍പിക്കുകയാണെങ്കില്‍ അവരുടെ യജമാനന് കാളയുടെ ഉടമസ്ഥന്‍ മുപ്പതു ഷെക്കേല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
ഒരുവന്‍ കിണര്‍ കുത്തുകയും അതു കുഴിച്ചതിനുശേഷം അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്‍റെ ഉടമസ്ഥന്‍ മൃഗത്തിന്‍റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം. എന്നാല്‍ ചത്ത മൃഗം അവനുള്ളതായിരിക്കും.
ഒരുവന്‍റെ കാള മറ്റൊരുവന്‍റെ കാളയെ കുത്തി മുറിവേല്‍പ്പിക്കുകയും
അതു ചാകുകയും ചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വിറ്റ് കിട്ടുന്ന പണം പങ്കിട്ടെടുക്കണം. ചത്ത കാളെയയും പങ്കിട്ടെടുക്കണം. എന്നാല്‍ തന്‍റെ കാള കുത്തുന്നതാണ് എന്നറിഞ്ഞിട്ടും, അതിനെ കെട്ടിനിര്‍ത്താതെയാണ് അതു സംഭവിച്ചതെങ്കില്‍ ഉടമസ്ഥന്‍ കാളയ്ക്കു പകരം കാളയെ കൊടുക്കണം. ചത്ത കാള അവനുള്ളതായിരിക്കും.

ദൈവകല്പനകളെക്കുറിച്ചു മോശ നല്കിയ വ്യാഖ്യനങ്ങള്‍ പുറപ്പാടു ഗ്രന്ഥത്തിന്‍റെ 22-ാം അദ്ധ്യായം രേഖപ്പെടുത്തുന്നത് തുടര്‍ന്നും പഠിക്കാം. 22, 1
ഒരുവന്‍ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്‍ക്കുകയോ ചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും,
ഒരാടിനു പകരം നാല് ആടുകളെയും കൊടുക്കണം.

ഭവന ഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്‍റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല. എന്നാല്‍ സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്‍റെ രക്തത്തിനു പ്രതികാരം ചെയ്യണം. മോഷ്ടാവ് മോഷ്ടിച്ച വസ്തു മുഴുവന്‍ തിരിച്ചുകൊടുക്കണം. അവന്‍റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റുവേണം നഷ്ടം ഈടാക്കാന്‍. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവന്‍റെ പക്കല്‍‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിന്‍റെ ഇരട്ടി അവന്‍ തിരകെ കൊടുക്കണം.
ഒരുവന്‍ മറ്റൊരുവന്‍റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തന്‍റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്‍റെ വയലില്‍ മേയാനിടയാകുകയോ ചെയ്താല്‍‍, അവന്‍ തന്‍റെ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല് വിള നഷ്ടപരിഹാരമായി കൊടുക്കണം.
മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നു പിടിച്ച് കൊയ്തു കൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തി നശിക്കാനിടയായാല്‍ തീ കത്തിച്ച വ്യക്തി നഷ്ടപരിഹാരം ചെയ്യേണ്ടതാണ്..

അയല്‍ക്കാരന്‍ സൂക്ഷിക്കാന്‍ ഏല്പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നും മോഷ്ടിക്കപ്പെടുയും കള്ളനെ പിടികൂടുകയും ചെയ്താല്‍, മോഷ്ടിച്ചതിന്‍റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം. കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്‍ക്കാരന്‍റെ വസ്തുക്കളിന്മേല്‍ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ ദൈവതിരുമുന്‍പില്‍ സത്യം ചെയ്യണം. കാള, കഴുത, ആട്, വസ്ത്രം, നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തുക്കള്‍ - ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇത് എന്‍റേതാണ്, എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും കൂടാര വാതുക്കല്‍ ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തന്‍റെ അയല്‍ക്കാരന് ഇരട്ടി തിരികെ കൊടുക്കണം.

ഒരുവന്‍ അയല്‍ക്കാരന്‍റെ പക്കല്‍ സൂക്ഷിക്കാനേല്പിച്ച കാളയോ കഴുതയോ ആടോ, മറ്റേതെങ്കിലും മൃഗമോ പരുക്കേല്‍ക്കുകയോ ചത്തു പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും, അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താല്‍, ആ അയല്‍ക്കാരന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സത്യംചെയ്ത്,
തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. ഇക്കാര്യത്തില്‍ മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമ ഉണ്ടായിരിക്കുകയുമില്ല. എന്നാല്‍ അതു തന്‍റെ പക്കല്‍നിന്നു മോഷ്ടിക്കപ്പെട്ടാല്‍, അവന്‍ ഉടമസ്ഥനു അതിന്‍റെ നഷ്ടപരിഹാരം ചെയ്യണം.
ഒരുവന്‍ തന്‍റെ അയല്‍ക്കാരന്‍റെ പക്കല്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്‍റെ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ, അതിനു മുറിവേല്‍ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം കൊടുക്കണം. എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥന്‍റെ സാന്നിദ്ധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഇനി അതു കൂലിക്കുകൊടുത്തതാണെങ്കില്‍ കൂലികൊണ്ടുതന്നെ നഷ്ടം പരിഹരിക്കപ്പെടാവുന്നതാണ്.

വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്കി അവളെ ഭാര്യയായി സ്വീകരിക്കണം. അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകയ്ക്കുള്ള വിവാഹത്തുക അയാള്‍ പ്രാശ്ചിത്തമായി നല്കേണ്ടതാണ്. നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ. വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്. നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയും ചെയ്താല്‍, നിശ്ചയമായും ഞാന്‍ നിങ്ങളെ വാള്‍ കൊണ്ടു വധിക്കും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും, നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.
ദൈവം നല്കിയ കല്പനകളുടെ വ്യാഖാനങ്ങളാണ് നാം പഠിക്കുന്നത്.
ഇവ ചരിത്രത്തില്‍ വ്യവസ്ഥാപിത നിയമങ്ങളായി ഉറപ്പിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനു ദൈവത്തോടും അയല്‍ക്കാരനോടുമുള്ള അടിസ്ഥാന കടമകളെ വ്യക്തമാക്കുന്ന പത്തുകല്പനകള്‍ അവയുടെ മൗലികമായ ഉള്ളടക്കത്തില്‍ ഗൗരവകരമായ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളിലേയ്ക്ക് മനുഷ്യനെ നയിക്കുന്നു. അവ അടിസ്ഥാനപരമായി മാറ്റപ്പെടാനാവത്തതും എപ്പോഴും എല്ലായിടത്തും പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നവയുമാണ്. ആരും അവയില്‍നിന്നു ഒഴിവാക്കപ്പെടുന്നില്ല. പത്തുകല്പനകള്‍ കല്‍ഫലകങ്ങളില്‍ കൊത്തിവയ്ക്കുന്നതിനേക്കാള്‍ മനുഷ്യന്‍റെ മനോഫലകങ്ങളില്‍ ദൈവത്താല്‍ എഴുതപ്പെടേണ്ടവയാണെന്ന് ഓര്‍ക്കണം.








All the contents on this site are copyrighted ©.