2013-05-27 15:15:48

പരിശുദ്ധ മറിയം, നമ്മെ സഹായിക്കാന്‍ ഓടിയെത്തുന്ന അമ്മ: മാര്‍പാപ്പ


27 മെയ് 2013, റോം
നമ്മുടെ ആവശ്യങ്ങളില്‍ സഹായവുമായി ഓടിയെത്തുന്ന അമ്മയാണ് പരിശുദ്ധ മറിയമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച്ച രാവിലെ റോമാ രൂപതയിലെ ഒരിടവക ദേവാലയത്തില്‍ അജപാലന സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മറിയത്തിന്‍റെ മാതൃസഹജമായ മാധ്യസ്ഥത്തെക്കുറിച്ച് വിശദീകരിച്ചത്. വി.എലിസബത്തിന്‍റേയും സക്കറിയായുടേയും നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലെ 16 കുട്ടികള്‍ മാര്‍പാപ്പയില്‍ നിന്ന് പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തി. ഏതാനും വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കാനും മാര്‍പാപ്പ സമയം കണ്ടെത്തി.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനൊരുങ്ങിയെത്തിയ കുട്ടികളോട് സംവദിക്കുന്ന രീതിയിലാണ് മാര്‍പാപ്പ വചന പ്രഘോഷണം നടത്തിയത്. മംഗലവാര്‍ത്ത സ്വീകരിച്ച മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ ശുശ്രൂഷിക്കാനായി ധൃതിയില്‍ പുറപ്പെടുന്നകാര്യം വിശദീകരിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ ആസ്പദമാക്കി വചന സന്ദേശം നല്‍കിയ പാപ്പ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നമുക്ക് സഹായമേകാനായി പ.മറിയം ധൃതിയില്‍ വന്നെത്തുമെന്ന് ഇടവക സമൂഹത്തെ ഉത്ബോധിപ്പിച്ചു.
ത്രിത്വൈക രഹസ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് ആമുഖമായി “എത്ര ദൈവമുണ്ട്?”, “പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നുപേരല്ലേ, പിന്നെങ്ങനെയാണ് അവര്‍ ഒരു ദൈവമായിരിക്കുന്നത്?” “ഓരോരുത്തരുടേയും കര്‍മ്മമെന്താണ്?” എന്നിങ്ങനെ ചോദ്യോത്തരങ്ങളുമായി കുട്ടികളോട് സംവദിച്ച മാര്‍പാപ്പ അവരെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമ്മോടൊത്തായിരിക്കുന്ന യേശു നമ്മെ സഹായിക്കുകയും നയിക്കുകയും ചെയ്യുമെന്ന് പാപ്പ അവര്‍ക്ക് ഉറപ്പു നല്‍കി. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തെ കൂടുതല്‍ അടുത്തു മനസിലാക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കാന്‍ അവരെ ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
റോമാ നഗരാതിര്‍ത്തിക്കു സമീപം സ്ഥിതിചെയ്യുന്ന ഈ ഇടവകദേവാലയം സന്ദര്‍ശിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് വെളിപ്പെടുത്തിയ പാപ്പ അതിര്‍ത്തികളിലാണ് ജീവിത യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമായി ഗ്രഹിക്കാനാവുന്നതെന്ന് അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.