2013-05-22 20:24:34

വിപ്രവാസികളുടെ പരിലാളന
സഭാ ദൗത്യമെന്ന് കര്‍ദ്ദിനാള്‍ വേല്യോ


22 മെയ് 2013, വത്തിക്കാന്‍
വിപ്രവാസികളായവര്‍ക്ക് ശ്രദ്ധയും ശുശ്രൂഷയും പരിലാളനയും നല്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്ന് പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേലിയോ പ്രസ്താവിച്ചു. മെയ് 22-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കൗണ്‍സിലിന്‍റെ 20-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ നല്കിയ ആമുഖ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ വേലിയോ ഇങ്ങനെ പ്രസ്താവിച്ചത്. വിവിധ കാരണങ്ങളാല്‍ മാനവകുലം നേരിടുന്ന നിര്‍ബ്ബന്ധിത കുടിയേറ്റം ഇന്ന് വിവാദപരവും പ്രതികൂലവുമായിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ വേലിയോ ചൂണ്ടിക്കാട്ടി.

ജീവാപായം, പീഡനം, മനുഷ്യാവകാശ പ്രശ്നങ്ങള്‍ അധിക്രമങ്ങള്‍ എന്നിവയും ഇന്ന് ജനതകളുടെ നിര്‍ബ്ബന്ധിത കുടിയേറ്റത്തിന് വഴിയൊരുക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
അങ്ങനെ വൈവിധ്യമാര്‍ന്ന കാരണങ്ങളാല്‍ ദേശീയ തലത്തില്‍ ആയിരങ്ങള്‍ കൂടിയേറ്റ പ്രവാഹത്തില്‍ ഉള്‍പ്പെടുമ്പോള്‍, രാഷ്ട്രാതിര്‍ത്തികള്‍ കടന്ന് ജനസഞ്ചയങ്ങള്‍ അഭയാര്‍ത്ഥികളായി തീരുന്നുണ്ടെന്നും
കര്‍ദ്ദിനാള്‍ വേലിയോ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു. ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിന്‍റെ കെടുതിയില്‍പ്പെടുന്ന വന്‍ ജനസമൂഹം ഒരു സുപ്രഭാതത്തില്‍ നിരാലംബരാകുമ്പോള്‍, കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയുംമൂലം വിപ്രവാസത്തിലേയ്ക്ക് വഴുതിവീഴാന്‍ നിര്‍ബന്ധിതരാകുന്നവര്‍ അനേകമാണെന്നും കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവിച്ചു. തൊഴില്‍ തേടിയും ജീവിത ചുറ്റുപാടുകളെ മെച്ചപ്പെടുത്താമെന്ന സ്വപ്നവുമായി സ്വമേധയാ കുടിയേറുന്നവരും പരിഗണിക്കപ്പെടേണ്ട
സമൂഹ്യ പ്രതിസന്ധിയുടെ മനുഷ്യ മഹാസാഗരമാണെന്നും സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ, കര്‍ദ്ദിനാള്‍ വേലിയോ പ്രസ്താവിച്ചു. ഈ മേഖലയില്‍ ചൂഷണ വിധേയരായി, മനുഷ്യക്കച്ചവടത്തിന്‍റെ അധാര്‍മ്മികതയില്‍പ്പെടുന്ന സ്ത്രീകളുടെയും യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും എണ്ണം ചിന്തിക്കാവുന്നതിലും വലുതാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വത്തിക്കാന്‍റെ ഭരണസംവിധാനത്തിലുള്ള വിവിധ വിഭാഗങ്ങളുടെ തലവാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം 24-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.