2013-05-22 20:30:47

വിപ്രവാസത്തിന്‍റെ വിശാലമായ മണ്ഡലം
മനുഷ്യാവകാശത്തിന്‍റെ മേഖല


22 മെയ് 2013, വത്തിക്കാന്‍
സമഗ്ര മനുഷ്യന്‍റെയും സകല മനുഷ്യരുടെയും സുവിശേഷവത്ക്കരണത്തിനുള്ള നൂതന വേദിയാണെ് ആഗോള കുടിയേറ്റ മേഖലയെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. മെയ് 22-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കൗണ്‍സിലിന്‍റെ 20-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കുടിയേറ്റ പ്രതിഭാസത്തിലൂടെ ലോകത്ത് ഇന്ന് വളര്‍ന്നുവരുന്ന അടിമത്വത്തിന്‍റെ നവമായ രൂപങ്ങളെ സഭ അവളുടെ അടിസ്ഥാന സ്വഭാവത്തിലും ദൗത്യത്തിലും, വാക്കാലും പ്രവര്‍ത്തിയാലും നേരിടുന്നതിന്‍റെ പ്രത്യക്ഷ ഭാവമാണ് വിപ്രാസികള്‍ക്കായുള്ള ശുശ്രൂഷയെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിച്ചു.
സഭ തന്‍റെ മാതൃവാത്സല്യവും കരുതലും പ്രകടമാക്കുന്ന ബഹുമുഖങ്ങളായ പ്രേഷിത മേഖലകളുള്ള പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ ഒന്നൊന്നായി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു.

വിപ്രവാസത്തിന്‍റെ വിശാല മണ്ഡലത്തിലെ ആഗോള കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും, അന്തര്‍ദേശിയ വിദ്യാര്‍ത്ഥി സമൂഹം, ആകാശ യാത്രികരുടെയും കപ്പല്‍യാത്രികരുടെയും പ്രേഷിതത്വം,
ജിപ്സികള്‍ സര്‍ക്കസ്സുകാര്‍ തുടങ്ങിയ ദേശാടകര്‍ക്കായുള്ള പ്രേഷിതവൃത്തി,
ആഗോള തലത്തിലുള്ള വഴിയോര പാര്‍പ്പിടക്കാരുടെ ശുശ്രൂഷ
എന്നീ വിവിധ മേഖലകളില്‍ പൊന്തിഫിക്കള്‍ കൗണ്‍സില്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ ഹ്രസ്വമായി വിവരിച്ചു. മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ പോലുള്ള അന്തര്‍ദേശീയ സാമൂഹ്യ സംഘനടകളും, സഭൈക്യ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുവാനും വിപ്രവാസികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എല്ലാ കരുതലുകളും എടുക്കുന്നുണ്ടെന്ന് ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.