2013-05-22 20:08:05

കുത്തക മുതലാളിത്തം സാമ്പത്തിക
പ്രതിസന്ധിക്ക് നിദാനം


22 മെയ് 2013, വത്തിക്കാന്‍
ലാഭപ്പെരുപ്പത്തില്‍ സായുജ്യമടയുന്ന കുത്തക മുതലാളിത്തമാണ് ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്ന് പാപ്പ ഫ്രാന്‍സിസ്സ് പ്രസ്താവിച്ചു. മെയ് 21-ാം തിയതി വൈകുന്നേരം വത്തിക്കാനോടു ചേര്‍ന്നുള്ള ‘Dono di Maria,’ ‘മറിയത്തിന്‍റെ സമ്മാനം’ എന്ന പേരുള്ള വാഴ്ത്തപ്പെട്ട
മദര്‍ തെരേസായുടെ അഗതിമന്ദിരം സന്ദര്‍ശിക്കവെയാണ് പാപ്പ ഇങ്ങനെ പരാമര്‍ശിച്ചത്.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ താല്പര്യപ്രകാരം
മദര്‍ തെരേസാ 1988-ല്‍ ആരംഭിച്ച അഗതി മന്ദിരത്തിന്‍റെ രജത ജൂബിലി അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രത്യേക സന്ദര്‍ശനം നടത്തിയത്. റോമിലെത്തുന്ന വിവധ രാജ്യക്കാരായ അഗതികള്‍ക്ക് അഭയം നല്കുകയും നൂറോളം പാവങ്ങള്‍ക്ക് അനുദിനം ഭക്ഷണവും മരുന്നും നല്കി പരിചരിക്കുകയും ചെയ്യുന്ന ഉപവികളുടെ സഹോദരികളുടെ പ്രേഷിതജോലിയെ അനുദിനമുള്ള ‘നല്ല സമറിയക്കാരന്‍റെ പ്രവര്‍ത്തി’യെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ഒന്നും തിരികെ പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായി നല്കുന്നതാണ് സുവിശേഷ ചൈതന്യമെന്നും, എനിക്കെന്തു കിട്ടും എന്ന ചിന്തയാല്‍ നിക്ഷേപം നടത്തുന്ന ലാഭക്കൊതിയുള്ളതും പങ്കുവയ്ക്കാത്തതുമായ മുതലാളിത്ത മനോഭാവമാണ് ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിനും പ്രതിസന്ധികള്‍ക്കും നിദാനമെന്ന് പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.

ഉപവികളുടെ മിഷണറിമാരുടെ സുപ്പീരിയര്‍ ജനറള്‍, സിസ്റ്റര്‍ മേരി പ്രേമ പാപ്പായ്ക്ക് സ്വാഗതമാശംസിച്ചു. അന്തേവാസികള്‍ക്കും, സഹോദരിമാര്‍ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമൊപ്പം, വത്തിക്കാന്‍റെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍, പാപ്പായുടെ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ ആല്‍ഫ്രെജി സുരേബ്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി എന്നിവരും സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.