2013-05-21 14:00:46

സീനായിലെ കല്‍ഫലകങ്ങളും
മനുഷ്യന്‍റെ മനോഫലകങ്ങളും (39)


പുറപ്പാടിന്‍റെ തുടര്‍ക്കഥയില്‍ ദൈവജനം സീനായി മലഞ്ചെരുവിലെത്തി.
മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിച്ചു. അവിടുന്ന് പത്തുകല്പനകള്‍ നല്കി. മനുഷ്യനുവേണ്ടിയുള്ള ദൈവിക നിയമങ്ങളുടെ രത്നച്ചുരുക്കമാണ് പത്തുകല്പനകള്‍. ദൈവത്തെയും സഹോദരങ്ങളെയും ഒരുപോലെ സ്നേഹിച്ചു ജീവിക്കാനുള്ള കല്പനകളാണവ. സമൂഹജീവിതത്തില്‍ ഐക്യവും സമഗ്രതയും നല്കുന്ന ശ്വാശ്വത നിയമങ്ങളാണവ.. മനുഷ്യനെ സ്നേഹിക്കാത്തവന് ദൈവത്തെ ആരാധിക്കാനാവില്ല. ദൈവത്തെ അനുസരിക്കുന്നവനാണ് കൂടെയുള്ള സഹോദരനെ ആദരിക്കുകയും, മാനിക്കുകയും ചെയ്യുന്നതെന്ന് അവ പഠിപ്പിക്കുന്നു. മനുഷ്യന്‍റെ സമൂഹജീവിതത്തിലും മതാത്മക ജീവിതത്തിലും ഒരുപോലെ വെളിച്ചം പകരുന്ന ദൈവകല്പനകളുടെ കാലികമായി വ്യാഖ്യാനങ്ങള്‍ തുടര്‍ന്നുള്ള പ്രക്ഷേപണത്തില്‍ നമുക്കു പഠിക്കാം.

പ്രമാണങ്ങള്‍ നല്കിയ ദൈവം സീനായ് മലമുകളില്‍ വീണ്ടും മോശയോടു സംസാരിച്ചു. അവിടുന്ന് നല്കിയ 10 കല്പനകളുടെ വ്യാഖ്യാനങ്ങള്‍ പിന്നെയും മോശയ്ക്കു നല്കി. കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു. “മോസസ്, മോസസ്, എന്‍റെ കല്പനകള്‍ നീ ജനത്തിന് വ്യാഖ്യാനിച്ചു കൊടുക്കുക.:
അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിക്കട്ടെ. പിന്നെ, ഏഴാം വര്‍ഷം നീ അവനെ മോചനദ്രവ്യമില്ലാതെ സ്വതന്ത്രനാക്കണം. തനിച്ചാണ് അവന്‍ വന്നതെങ്കില്‍ തനിച്ചു പൊയ്ക്കൊള്ളട്ടെ. ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവളില്‍‍ അവനു പുത്രന്മാരോ പുത്രിമാരോ ജനിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവളും കുട്ടികളും യജമാനന്‍റെ വകയായിരിക്കും. ആകയാല്‍ അവന്‍ തനിയെ പോകണം. എന്നാല്‍, “ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയേയും കുട്ടികളെയും സ്നേഹിക്കുന്നു, ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല,” എന്ന് ദാസന്‍ തീര്‍ത്തു പറഞ്ഞാല്‍, യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടുചെന്ന് കതകിന്‍റെയോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്‍റെ കാത് തോലുളികൊണ്ട് തുളയ്ക്കണം. അപ്പോള്‍ അവന്‍ എന്നേയ്ക്കും ആ യജമാനന്‍റെ അടിമയായിരിക്കും.”

“തന്‍റെ പുത്രിയെ ഒരുവന്‍ അടിമയായി വിറ്റാല്‍ പുരുഷന്മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല. എന്നാല്‍, യജമാന്‍ അവള്‍ക്ക് വിവാഹം വാഗ്ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെുക്കപ്പെടാന്‍ അനുവദിക്കണം, അവളെ സ്വതന്ത്രയാക്കണം.
അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് വില്‍ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല. അവന്‍ അവളെ തന്‍റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടും പെരുമാറണം.
അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ അവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തവാന്‍ പാടില്ല.. ഇവ മൂന്നും യജമാനന്‍ അവള്‍ക്കു നല്‍കുന്നില്ലെങ്കില്‍ മോചന ദ്രവ്യമില്ലാതെ അവള്‍ക്കു സ്വതന്ത്രയായി പോകാം.”

കര്‍ത്താവു നല്കിയ കല്പനകള്‍ ജനങ്ങള്‍ക്കുവേണ്ടി മോശ പിന്നെയും വ്യാഖ്യാനിച്ചു നല്കി. സഹോദരങ്ങളെ ദ്രോഹിക്കുന്നവരെ കര്‍ത്താവു ശിക്ഷിക്കുമെന്ന പാഠമാണ് മോശ തുടര്‍ന്നു പങ്കുവച്ചത്. “മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ വധിക്കപ്പെടണം. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെ അവന്‍റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളക്കാന്‍ ഒരു സ്ഥലം നിശ്ചയിച്ചു നല്കേണ്ടതാണ്. ഇനി ഒരുവന്‍ തന്‍റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്‍റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.”

“പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം.
ആളുകള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍ മരിച്ചില്ലെങ്കിലും അവശനായെന്നിരിക്കട്ടെ. പിന്നീട് അവന്‍ എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല, എങ്കിലും അവന്‍റെ സമയനഷ്ടത്തിനു പരിഹാരം നല്‍കുകയും പൂര്‍ണ്ണ സുഖമാകുന്നതുവരെ അവന്‍റെ കാര്യം ശ്രദ്ധിക്കുകയും വേണം.”

“ഒരുവന്‍ തന്‍റെ ദാസനെയോ ദാസിയെയോ വടികൊണ്ട് അടിക്കുകയും,
അടി കൊണ്ടയാള്‍ അവന്‍റെയടുക്കല്‍ വീണു മരിക്കുകയും ചെയ്താല്‍
അവന്‍ ശിക്ഷിക്കപ്പടണം. എന്നാല്‍, അടികൊണ്ടവന്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍, അടിച്ചവന്‍ ശിക്ഷിക്കപ്പെടേണ്ടതില്ല.
കാരണം, അടിമ അവന്‍റെ സ്വത്താണ്. ആളുകള്‍ കലഹിക്കുന്നതിനിടയില്‍
ഗര്‍ഭിണിക്കു ദേഹോപദ്രവമേറ്റ് ഗര്‍ഭച്ഛിദ്രത്തിനടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകുയം ചെയ്യുന്ന പക്ഷം, അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയും ന്യായാധിപന്മാര്‍ നിശ്ചയിക്കുകയും ചെയ്യുന്ന തുക അവളെ ഉപദ്രവിച്ച ആള്‍ പിഴയായി നല്‍കണം.
എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനുപകരം ജീവന്‍ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാല്. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരവും നല്കേണ്ടതാണ്. ഒരുവന്‍ തന്‍റെ ദാസന്‍റെയോ ദാസിയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്കണം. ഒരുവന്‍ തന്‍റെ ദാസന്‍റെയോ ദാസിയുടെയോ പല്ല് അടിച്ചു പറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്കണം.”
21, 20
സീനായ് മലമുകളില്‍ കര്‍ത്താവു നല്കിയ പത്തുകല്പനകള്‍ സമൂഹജീവിതത്തിന്‍റെ ചിട്ടകളാണ്.. അവ പ്രകൃതി നിയങ്ങളെ ആധാരമാക്കിയുള്ളവയാണ്. മാനുഷിക യുക്തിക്ക് ഇണങ്ങുന്ന നിയമങ്ങള്‍ ദൈവം മനുഷ്യന്‍റെ ബുദ്ധിയില്‍ കോറിയിട്ടതാണ്. എന്നാല്‍ അനുദിന ജീവിതത്തില്‍ അവ കൃത്യമായി പ്രതിഫലിക്കത്തക്കവിധം ദൈവത്താല്‍ പ്രേരിതനായി മോശ അവ ഇസ്രായേലിന് വ്യാഖ്യാനിച്ചു കൊടുക്കുന്നു. കാലികമായ പരിമിതികളും സാമൂഹ്യ ഘടനയുടെ പ്രതിബന്ധങ്ങളും ഈ വ്യാഖ്യാനത്തില്‍ സ്പഷ്ടമായി കാണാം. എന്നാല്‍ പിന്നീട് പുതിയ മോശ, ക്രിസ്തു അതെല്ലാം നവീകരിക്കുന്നു, പൂര്‍ത്തീകരിക്കുന്നു.
21, 28
ഒരു കാള പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്‍റെ മാംസ ഭക്ഷിക്കരുത്, കാളയുടെ ഉടമസ്ഥന്‍ നിരപരാധനായിരിക്കും. എന്നാല്‍ കാള പതിവായി ആളുകളെ കുത്തി മുറിവേല്‍പ്പിക്കുകയും അതിന്‍റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലാന്‍ ഇടയായാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം, അതിന്‍റെ ഉടമസ്ഥനും വധിക്കപ്പെടണം. മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുക കൊടുത്ത് അവന് ജീവന്‍ വീണ്ടെടുക്കാം.

കാള ഒരു ബാലനെയോ ബാലികയെയോ കുത്തി മുറിവേല്പിച്ചാലും ഇതേ നിയമം ബാധകമാണ്. ദാസനേയോ ദാസിയേയോ കുത്തി മുറിവേല്‍പിക്കുകയാണെങ്കില്‍ അവരുടെ യജമാനന് കാളയുടെ ഉടമസ്ഥന്‍ മുപ്പതു ഷെക്കേല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്‍റെ ഉടമസ്ഥന്‍ മൃഗത്തിന്‍റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം. എന്നാല്‍ ചത്ത മൃഗം അവനുള്ളതായിരിക്കും. ഒരുവന്‍റെ കാള മറ്റൊരുവന്‍റെ കാളയെ കുത്തി മുറിവേല്‍പ്പിക്കുകയും അതു ചാകുകയും ചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്ക്കുകയും കിട്ടുന്ന പണം പങ്കിട്ടെടുക്കുകയും വേണം. ചത്ത കാളെയയും പങ്കിട്ടെടുക്കണം. എന്നാല്‍ തന്‍റെ കാള കുത്തുന്നതാണ് എന്നറിഞ്ഞിട്ടും അതിനെ കെട്ടിനിര്‍ത്താതെയാണ് അതു സംഭവിച്ചതെങ്കില്‍ അവന്‍ കാളയ്ക്കു പകരം കാളെയ കൊടുക്കണം. ചത്ത കാള അവനുള്ളതായിരിക്കും.

മേല്‍ ശ്രവിച്ച ദൈവപ്രമാണങ്ങളുടെ വ്യാഖ്യാനങ്ങള്‍ രസകരമെന്നോ, ചിലപ്പോള്‍ കണിശവും ശങ്കയുമുള്ളവയെന്നും തോന്നാമെങ്കിലും, സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും അവയെ വിലയിരുത്തുമ്പോള്‍, അവ മാനുഷികമായ പരിമിതികളും കുറവുകളും ഉള്ളവയാണെങ്കിലും വളരെ പ്രായോഗികമാണെന്നും പ്രസക്തമാണെന്നും മനസ്സിലാക്കാം. പത്തുകല്പനകളുടെ ജീവല്‍ബന്ധിയായ സാമൂഹ്യ വ്യാഖ്യാനങ്ങളാണവ. ഉളളടക്കം നോക്കുമ്പോള്‍ രണ്ടു സുപ്രധാന കാര്യങ്ങളാണ് പത്തുകല്പനകളിലെ അടിസ്ഥാന വിഷയങ്ങള്‍ഃ ദൈവത്തോടുള്ള കടമകളും, ആയല്‍ക്കാരോടുള്ള ഉത്തരവാദിത്വങ്ങളും, പഴയനിയമത്തിലെ സാരോപദേശങ്ങള്‍ ക്രിസ്തു പുതിയ നിയമത്തില്‍ നവീകരിക്കുന്നു. കല്പനകളുടെയെല്ലാം സാരാംശവും സംഗ്രഹവും ഇവ രണ്ടുമാണെന്നാണല്ലോ ക്രിസ്തു പുതിയ നിയമത്തില്‍ നിയമജ്ഞരോടു പറഞ്ഞത്. നവയുഗത്തിന്‍റെ സാമൂഹ്യജീവിത പശ്ചാത്തലത്തില്‍ ഇന്നും പ്രസക്തമാകുന്ന പത്തുകല്പനകളുടെ വ്യാഖ്യാനങ്ങള്‍ തുടര്‍ന്നും അടുത്ത പ്രക്ഷേപണത്തില്‍ നമുക്കു പഠിക്കാം.








All the contents on this site are copyrighted ©.