2013-05-21 16:49:41

ഒക്‌ലഹോമയില്‍ ചുഴലിക്കാറ്റ്: ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു


21 മെയ് 2013, വത്തിക്കാന്‍
അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിനിരയായവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു. മെയ് 21ന് രാവിലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ ചുഴലിക്കാറ്റ് ദുരന്തം വിതച്ച ഒക്‌ലഹോമ നഗരവാസികളെ അനുസ്മരിച്ച മാര്‍പാപ്പ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു.
മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തെ പിടിച്ചുകുലുക്കിയത് ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ 20 കുട്ടികളടക്കം 91 പേര്‍ മരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. 70 കുട്ടികള്‍ അടക്കം പരിക്കേറ്റ 145 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതിനിടെ, ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒരു സ്ക്കൂളിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പത്തുപേരെ രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
നിരവധി വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. വാഹനങ്ങള്‍ പറന്നുപോയി. ഏതാനും കെട്ടിടങ്ങള്‍ക്ക് തീപ്പിടിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ ഒക്‌ലഹോമ ഗവര്‍ണര്‍ മേരി ഫാളിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒക്‌ലഹോമയ്ക്ക് സാധ്യമായ എല്ലാ സഹായവും ഒബാമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.