2013-05-20 15:29:34

വിശ്വാസത്തിന് സുധീരം സാക്ഷൃമേകുക:കത്തോലിക്കാ അല്‍മായ സംഘടനകളോട് മാര്‍പാപ്പ


20 മെയ് 2013, വത്തിക്കാന്‍
കത്തോലിക്കാ വിശ്വാസത്തിന് സുധീരം സാക്ഷൃമേകാനും “കൂടിക്കാഴ്ച്ചയുടെ സംസ്ക്കാരം” കെട്ടിപ്പടുക്കാനും കത്തോലിക്കാ അല്‍മായ സംഘടനകളെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. മെയ് 18ാം തിയതി ശനിയാഴ്ച വൈകീട്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പെന്തക്കൊസ്താ തിരുന്നാള്‍ ജാഗരപ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്ത കത്തോലിക്കാ അല്‍മായ സംഘടനകളിലേയും പ്രസ്ഥാനങ്ങളിലേയും അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന ഈ സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള ജീസസ് യൂത്ത് അടക്കം അനേകം കത്തോലിക്കാ പ്രസ്ഥാനങ്ങളിലേയും സംഘടനകളിലേയും മുന്നേറ്റങ്ങളിലേയും അംഗങ്ങള്‍ പങ്കെടുത്തു. പെന്തക്കൊസ്താ മഹോത്സവത്തിന് ഒരുക്കമായുള്ള ജാഗര പ്രാര്‍ത്ഥനയിലും പെന്തക്കൊസ്താ തിരുന്നാള്‍ ദിവ്യബലിയിലും രണ്ടുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. 2011ല്‍ വെടിയേറ്റു മരിച്ച പാക്കിസ്ഥാന്‍ മന്ത്രി ഷബാസ് ഭട്ടിയുടെ സഹോദരന്‍ പോള്‍ ഭട്ടി, ഐറിഷ് സാഹിത്യകാരന്‍ ജോണ്‍ വാട്ടേഴ്സ് തുടങ്ങിയവര്‍ തങ്ങളുടെ വിശ്വാസജീവിത സാക്ഷൃത്തെക്കുറിച്ച് സംഗമത്തില്‍ പങ്കുവച്ചു.
ജാഗര പ്രാര്‍ത്ഥനാ സംഗമത്തിനിടയില്‍ കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ക്ക് മാര്‍പാപ്പയോട് സംവദിക്കാനും അവസരമൊരുക്കിയിരുന്നു. മാര്‍പാപ്പയുടെ വിശ്വാസജീവിതത്തിന്‍റെ ആരംഭത്തെക്കുറിച്ച് പാപ്പായോട് ആരാഞ്ഞ അവര്‍ വിശ്വാസ ജീവിതത്തില്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാര്‍പാപ്പയോട് പങ്കുവച്ചു.
അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെ, വിശ്വാസ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ തനിക്ക് പകര്‍ന്നു തന്ന തന്‍റെ അമ്മൂമ്മയെക്കുറിച്ച് അനുസ്മരിച്ച പാപ്പ, വൈദികാന്തസിലേക്കുള്ള വിളി താന്‍ തിരിച്ചറിഞ്ഞതിനെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചു. ബലഹീനതകളുള്ള മനുഷ്യരാണ് നാമെല്ലാവരും. സ്വന്തം ബലഹീനതകള്‍ നാം തിരിച്ചറിയണം. എന്നാല്‍ അവയെ ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയം കണ്ടെത്തുക എന്നതാണ് വിശ്വാസ ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് മാര്‍പാപ്പ പറഞ്ഞു. കത്തോലിക്കാ സഭ ഒരു സര്‍ക്കാരിതര സ്ഥാപനമല്ല. സുവിശേഷാത്മക ജീവിതവും സുവിശേഷസാക്ഷൃവുമാണ് കത്തോലിക്കരുടെ മുഖ്യ ദൗത്യമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കരുടെ വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കണം. സ്വജീവിതത്തിലൂടെ നല്‍കുന്ന സാക്ഷൃമാണ് ഏറ്റവും ഫലവത്താകുന്നതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.