2013-05-20 15:31:16

കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം


20 മെയ് 2013, വത്തിക്കാന്‍
കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ 20ാം സമ്പൂര്‍ണ്ണ സമ്മേളനം മെയ് 22 മുതല്‍ 24 വരെ റോമില്‍ നടക്കും. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആസ്ഥാന കേന്ദ്രം സ്ഥിതിചെയ്യുന്ന സെന്‍റ് കലിസ്റ്റസ് മന്ദിരമാണ് സമ്മേളന വേദി. “നിര്‍ബ്ബന്ധിത കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ സഭയുടെ അജപാലന ശുശ്രൂഷ” എന്ന പ്രമേയത്തെ കേന്ദ്രമാക്കി നടക്കുന്ന സമ്മേളനം മെയ് 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയോടെയാണ് സമാപിക്കുക.
പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോയോയുടേയും സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റേയും നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കൗണ്‍സിലിലെ എല്ലാ അംഗങ്ങളും ഉപദേഷ്ടകരും പങ്കെടുക്കുമെന്ന് കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സില്‍വര്‍ ജൂബിലിയാഘോഷവും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുമെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. 1970ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ 1988ല്‍ വാഴ്‍ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലായി ഉയര്‍ത്തിയത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.