2013-05-20 15:31:45

കര്‍ദിനാള്‍ ബെര്‍ത്തോണെയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫാ.ഹോസെ കര്‍ബ്ബായ്യോയുടെ മെത്രാഭിഷേകം


20 മെയ് 2013, സാന്തിയോഗോ ദി കാംപോസ്റ്റെല്ല
സമര്‍പ്പിതര്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പുതിയ സെക്രട്ടറി ഫാ.ഹോസെ റോഡ്രിഗസ് കര്‍ബ്ബായോയുടെ മെത്രാഭിഷേക കര്‍മ്മം സ്പെയിനില്‍ നടന്നു. മെയ് 18ന് സ്പെയിനിലെ സാന്തിയാഗോ ദി കാംപോസ്റ്റെയില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന തിരുക്കര്‍മ്മത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ മുഖ്യകാര്‍മ്മികനായിരുന്നു. സുവിശേഷം ജീവിക്കാനും, സജീവ സുവിശേഷമായിത്തീരാനും അസീസിയിലെ വി.ഫ്രാന്‍സിസ് തന്‍റെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു. വി.ഫ്രാന്‍സിസിന്‍റെ ഈ ആഹ്വാനം സ്വജീവിതത്തില്‍ പകര്‍ത്തി ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന് നേതൃത്വം നല്‍കിയിരുന്ന നവമെത്രാപ്പോലീത്ത കര്‍ബ്ബായോയുടെ ശുശ്രൂഷാമേഖല കൂടുതല്‍ വിസ്തൃതമാവുകയാണെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ പ്രസ്താവിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകളും അദ്ദേഹം ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗസ് കര്‍ബ്ബായോയ്ക്ക് നേര്‍ന്നു.
ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ജനറല്‍ സുപ്പീരിയര്‍ ഫാ.ഹോസെ റോഡ്രിഗസ് കര്‍ബ്ബാലോയെ 2013 ഏപ്രില്‍ 6നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ന്യസ്ത സഭകള്‍ക്കും സമര്‍പ്പിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറിയായി നിയമിച്ചത്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ









All the contents on this site are copyrighted ©.