2013-05-18 14:29:36

ബഹുശാഖമായ ഡിജിറ്റല്‍ മാധ്യമ ശൃംഖലയെക്കുറിച്ച്
മുന്‍പാപ്പാ ബനഡിക്ട് നല്കിയ സന്ദേശം


ആഗോള സഭയുടെ മാധ്യമദിനം 17 നവംമ്പര്‍ 2013

1. ആമുഖം – ഇന്നിന്‍റെ നവമാധ്യമ രംഗം
ജനങ്ങള്‍ ഇന്ന് ആശയവിനിമയം ചെയ്യുന്ന രീതിയെയും രൂപഘടനയെയും കുറിച്ചാണ് 2013-ലെ മാധ്യമദിന സന്ദേശത്തില്‍ ഞാന്‍ പ്രതിപാദിക്കുന്നത്. നവമായ ബന്ധങ്ങള്‍ക്കും പുതിയ സമൂഹങ്ങള്‍ക്കും രൂപംനല്കുകയും, ആശയങ്ങളും അറിവും അഭിപ്രായങ്ങളും സൃഷ്ടിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സാമൂഹ്യ മാധ്യമ ശൃംഖലയുടെ പുരോഗതിയെക്കുറിച്ച് ഇക്കുറി നമുക്കു ചിന്തിക്കാം.

2. കൂട്ടായ്മയ്ക്കു വഴിയൊരുക്കുന്ന ഡിജിറ്റല്‍ മാധ്യമശൃംഖല
വിവേകത്തോടും സമചിത്തതയോടും, ആദരപൂര്‍വ്വവും ഉത്തരവാദിത്വത്തോടും കൂടെ, സ്വകാര്യത മാനിച്ചുകൊണ്ട് ഇന്നിന്‍റെ സംവാദവും ചര്‍ച്ചകളും കൈകാര്യം ചെയ്യുകയാണെങ്കില്‍ ഡിജിറ്റല്‍ ലോകത്തെ നവമാധ്യമ ശൃംഖല സാമൂഹ്യ ഐക്യത്തെ ബലപ്പെടുത്തുവാന്‍ ഉപയുക്തമാക്കാവുന്നതാണ്. ആശയങ്ങളുടേയും അറിവിന്‍റെയും കൈമാറ്റമാണ് യഥാര്‍ത്ഥത്തില്‍ ആശയവിനിമയമായി മാറുന്നതും, സൗഹൃദത്തെ ഊട്ടിയുറപ്പിക്കുകും, പരസ്പര ബന്ധങ്ങളുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്. കൂട്ടായ്മയുടെ വലിയ സങ്കല്പമാണ് മാധ്യമശൃംഖല യാഥാര്‍ത്ഥ്യമാക്കുന്നതെങ്കില്‍, അതില്‍ വ്യാപൃതരായിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടതാണ്. കാരണം വിനിമയ ശൃംഖലകളില്‍ ആശയങ്ങളും അറിവും മാത്രമല്ല വ്യക്തികള്‍ തന്നെയാണ് പങ്കുചേരുന്നത്.

3. ഡിജിറ്റല്‍ ശൃംഖലയിലെ വിവരവിപ്ലവം
സാമൂഹ്യ സമ്പര്‍ക്ക മാധ്യമശൃംഖലയുടെ പുരോഗതി ആഴമായ സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ട്. കാരണം പരസ്പരബന്ധവും സൗഹൃദവുമാണ് ജനങ്ങള്‍ അതിലൂടെ വളര്‍ത്തുന്നത്. ജീവിത പ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടുന്നതോടൊപ്പം അവയെ ഉല്ലാസത്തിന് ഉപാധിയാക്കുകയുമാണ്. കൂടാതെ ജനങ്ങള്‍ ഇതിലൂടെ ഉത്തേജനം കണ്ടെത്തുകയും, അറിവ് വളര്‍ത്തുകയും വിജ്ഞാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ മാധ്യമ ശൃംഖല കൂട്ടിയിണക്കുന്നതിനാല്‍ അത് ഇന്നിന്‍റെ സാമൂഹ്യ ഘടനയുടെ വളരെ ശക്തമായ ഭാഗമാവുകയാണ്. അങ്ങനെ മനുഷ്യഹൃദയങ്ങളില്‍ ഉതിര്‍ക്കൊളളുന്ന ആശകളാലും പ്രത്യാശകളാലും സാമൂഹ്യ സമ്പര്‍ക്ക മാധ്യമ ശൃംഖല ഏറെ സമ്പന്നമായിത്തീരുന്നു.

4. ഡിജിറ്റല്‍ വിനിമയ ശൃംഖലയുടെ അതിഭാവുകത്വം
ഡിജിറ്റല്‍ ശൃംഖലയുടെ നവമായ സംസ്ക്കാരവും, അവ കാരണമാക്കുന്ന ആശയവിനിമയ ശൈലിയുടെ വിന്യാസങ്ങളും വ്യതിയാനങ്ങളും സത്യവും മൂല്യവും പ്രഘോഷിക്കുന്നവര്‍ക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതര സമ്പര്‍ക്ക മാധ്യമോപാധികളുടെ കാര്യത്തിലെന്നതുപോലെതന്നെ, മാധ്യമശൃംഖലയുടെ കാര്യത്തിലും അതിന്‍റെ പ്രസക്തിയും ഫലപ്രാപ്തിയും മൂല്യത്തെയോ അടിസ്ഥാന പ്രാധാന്യത്തെയോ അല്ല, പകരം അവയുടെ ജനപ്രീതിയെയാണ് ആശ്രിയിച്ചിരിക്കുന്നത്. യുക്തിക്ക് അനുയോജ്യമായ സംവേദനത്തെയും വാദമുഖങ്ങളെയുംകാള്‍ ജനപ്രീതിക്കും താരപ്പൊലിമയ്ക്കും വശീകരണ തന്ത്രങ്ങള്‍ക്കുമാണ് മാധ്യമ ശൃംഖല ഇന്ന് ഏറെ പ്രാധാന്യം നല്കുന്നത്. യുക്തിയുടെ ലോലമായ ശബ്ദത്തെ പലപ്പോഴും വിവരസാങ്കേതികതയുടെ ധാരാളിത്തം കീഴ്പ്പെടുത്തുകയും തന്മൂലം ശ്രദ്ധിക്കപ്പെടാതെ പോവുകയും, പ്രേരണാത്മകമായ വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധനേടുകയും ചെയ്യുന്നു. സംവാദത്തിന്‍റെയും, ന്യായമായ വാദമുഖത്തിന്‍റെയും, യുക്തിയുള്ള വാദപ്രതിവാദത്തിന്‍റെയും അവബോധമുള്ളവരുടെ സമര്‍പ്പണം സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്ക് ആവശ്യമാണ്. അതുപോലെ ആശയവനിമയ പ്രക്രിയയില്‍ വ്യാപൃതരായിരിക്കുന്നവരുടെ മഹത്തായ ആശയങ്ങളും അഭിലാഷങ്ങളുമാണ് ഡിജിറ്റല്‍ ശൃംഖലയില്‍ വിവിധതരം സംവാദവും അവതരണരീതിയും സൃഷ്ടിക്കുന്നത്. നമ്മില്‍നിന്നും വ്യത്യസ്തമായ ആശയമുള്ളവരെ ഗൗരവമായി എടുക്കുകയും പരിഗണിക്കുകയും, അവരുമായി ആശയങ്ങള്‍ കൈമാറുകയും ചെയ്യുമ്പോഴാണ് സംവാദവും ചര്‍ച്ചകളും വളര്‍ന്ന് ക്രിയാത്മകവും ഉപകാരപ്രദവുമാകുന്നത്. സാംസ്ക്കാരിക വൈവിധ്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ നാം മറ്റു സാംസ്ക്കാരങ്ങളുടെ സാന്നിദ്ധ്യവും സാമീപ്യവും ഉള്‍ക്കൊള്ളുകയും, അവയാല്‍ സമ്പന്നമാകുവാന്‍ ആഗ്രഹിക്കുകുയും, അവയിലെ നല്ലതും സത്യവും മനോഹരവുമായിട്ടുള്ളവ വളര്‍ത്തുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

5. ബഹുസ്വരതയിലെ മൂല്യസമന്വയം
എങ്ങനെ സമഗ്രമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകാം എന്നതാണ് സാമൂഹ്യ മാധ്യമ ശൃംഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ക്രിസ്തുവിന്‍റെ സുവിശേഷ സന്ദേശവും അതു വളര്‍ത്തുന്ന മനുഷ്യാന്തസ്സിന്‍റെ മൂല്യങ്ങളും, അവ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളുടെ ഭാഗഭാഗിത്വവും വഴി മാധ്യമ ശൃംഖല ഏറെ ഫലമണിയുന്നു. ഡിജിറ്റല്‍ മാധ്യമ ലോകത്ത് സുവിശേഷം പ്രഘോഷിക്കപ്പെട്ടില്ലെങ്കില്‍ മനുഷ്യാസ്തിത്വത്തിന്‍റെ ആനുകാലിക സമ്പര്‍ക്ക മേഖലയില്‍ പ്രിയമെന്നും വേണ്ടതെന്നും കരുതുന്നതിന്‍റെ ആത്മീയാനുഭവം അനേകര്‍ക്ക് ഇല്ലാതെ പോകുമെന്നതാണ് സത്യം.
ഡിജിറ്റല്‍ ലോകം പൂര്‍ണ്ണമായും പ്രതീതി യാഥാര്‍ത്ഥ്യവും സമാന്തര സൃഷ്ടവുമാണെന്ന് കരുതരുത്. അത് ജനങ്ങളുടെ വിശിഷ്യാ, ആധുനിക സംസ്ക്കാരത്തിന്‍റെയും യുവജനങ്ങളുടെയും ജീവിതാനുഭവങ്ങളാണ്. അതില്‍ വിവരവും വിജ്ഞാനവും വിനോദവും സഞ്ചയിക്കുന്നു. മനുഷ്യ സംസര്‍ഗ്ഗത്തിന്‍റെയും സംവേദന കലയുടെയും പരസ്പര ബന്ധങ്ങളുടെയും പകിട്ടുള്ള പ്രതീകമാണ് ആധുനിക മാധ്യമ ശൃംഖല. അതിനാല്‍ ഈ മേഖലയെക്കുറിച്ചുള്ള ന്യായമായ പരിജ്ഞാനം ഏവര്‍ക്കും അനിവാര്യമാണ്.

6. സമൂഹമനസ്സിന്‍റെ ഊര്‍ജ്ജസ്വലമായ ചാലകശക്തി
കാലിക പ്രസക്തിയുള്ളതുകൊണ്ടു മാത്രമല്ല, സുവിശേഷത്തിന്‍റെ അനന്തമായ സമ്പത്തിന് എല്ലാ മനുഷ്യ ഹൃദയങ്ങളെയും ഉത്തേജിപ്പിക്കുവാന്‍ കരുത്തുള്ളതിനാല്‍ അവയുടെ നവമായ രൂപഭാവങ്ങള്‍ സൃഷ്ടിക്കാന്‍ സാങ്കേതിക മികവുള്ള ആധുനിക ഡിജിറ്റല്‍ ശൃംഖലയുടെ നവഭാഷ്യത്തിനു സാധിക്കും. ഇന്നിന്‍റെ ഡിജിറ്റല്‍ പരിസ്ഥിതിയില്‍ വാക്കുകള്‍ ദൃശ്യ-ശ്രാവ്യ ബിംബങ്ങളോട് ചേര്‍ന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ക്രിസ്തുവിന്‍റെ ഉപമകളിലെന്നപോലെ, ഫലവത്തായ ആശയവിനിമയം ദൈവസ്നേഹത്തിന്‍റെ ആത്മീയ രഹസ്യങ്ങള്‍ അനുഭവിക്കാനും, അതില്‍ പങ്കുചേരുവാനും ആഗ്രഹിക്കുന്നവരുടെ ഭാവനയും വൈകാരികതയും ഉള്‍ക്കൊള്ളുന്നു. നമുക്കറിയാവുന്നതുപോലെ ക്രൈസ്തവ പാരമ്പര്യം എപ്പോഴും അര്‍ത്ഥ ഗാംഭീര്യമുള്ള അടയാളങ്ങളാലും സംജ്ഞകളാലും സമ്പന്നമാണ്. നമ്മുടെ ദൈവാലയങ്ങളില്‍ കാണുന്ന കുരിശുകളും പ്രതിമകളും,
കന്യകാ നാഥയുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും, പുല്‍ക്കൂടുകളും, വര്‍ണ്ണഗ്ലാസ് ജാലകങ്ങളും ചിത്രണങ്ങളും അതിന് ഉദാഹരണമാണ്. മാനവരാശിയുടെ മതസാംസ്ക്കാരിക പൈതൃകത്തിന് പ്രസക്തവും പ്രാധാന്യവുമുള്ള ഒട്ടേറെ സംഭാവനകള്‍ ചെയ്ത കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സംഗീതജ്ഞന്മാര്‍ക്കും പ്രചോദനം നല്കിയത് വിശ്വാസസത്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള സഭയുടെ തീവ്രമായ തീക്ഷ്ണതയാണ്.

7. സുവിശേഷ സമാനമായി ചിന്തിക്കാനും ജീവിക്കാനും
പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും യഥാര്‍ത്ഥ സ്രോതസ്സും, ക്രിസ്തുവിലുടെ വെളിപ്പെടുത്തപ്പെട്ട കാരുണ്യവാനും സ്നേഹസമ്പന്നനുമായ ദൈവത്തെ ജീവിതത്തില്‍ പങ്കുവച്ചുകൊണ്ടാണ് വിശ്വാസികള്‍ അവരുടെ ആധികാരികത വെളിപ്പെടുത്തുന്നത്. വിശ്വാസ പ്രഖ്യാപനത്തില്‍ മാത്രമല്ല, സുവിശേഷാധിഷ്ഠിതമായ ജീവിത സാക്ഷൃത്തിലും തെരഞ്ഞെടുപ്പിലും, നീതിനിഷ്ഠമായ ജീവിതത്തിലും ക്രൈസ്തവര്‍ ഈ പങ്കുവയ്പ് പ്രകടമാക്കുന്നു. മനുഷ്യാസ്തിത്വത്തിന്‍റെ അര്‍ത്ഥം തേടുന്നവരെ ക്ഷമയോടും ആദരവോടുംകൂടെ തുണ്യ്ക്കുന്നതും അവരുടെ സംശയങ്ങള്‍ നിവാരണം ചെയ്യുന്നതും അവരെ ഉത്തേജിപ്പിക്കുന്നതും ഈ ജീവിത സാക്ഷൃമാണ്. മാധ്യമ ശൃംഖലയില്‍ വര്‍ദ്ധിച്ചു വരുന്ന മതാത്മകമായ ഭാവപ്പകര്‍ച്ച വിശ്വാസ ജീവിതത്തിന്‍റെ സമൂഹ്യ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തുന്നു.

8. വിജ്ഞാനത്തിന്‍റെ തരംഗവും വചനത്തിന്‍റെ പ്രകാശവും
തുറന്ന ഹൃദയത്തോടെ വിശ്വാസദാനം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് സ്നേഹം, സത്യം, ജീവിതത്തിന്‍റെ അര്‍ത്ഥം എന്നിവയോടുള്ള അടിസ്ഥാന പ്രതികരണങ്ങള്‍ക്ക് പ്രതിവിധി യേശു ക്രിസ്തുവാണ്. ഇത് ആധുനിക മാധ്യമ ശൃംഖലയില്‍ കാണപ്പെടേണ്ടതാണ്. ഡിജിറ്റല്‍ ശൃംഖലയില്‍ കണ്ടുമുട്ടുന്നവരുമായി വിശ്വാസം പ്രഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ ആദരപൂര്‍വ്വവും അനുഭാവപൂര്‍വ്വവും അത് പങ്കുവയ്ക്കുന്നത് വളരെ സ്വാഭാവികമാണ്. സുവിശേഷവത്ക്കരണം ഫലമണിയുന്നത് മാനുഷിക പരിശ്രമത്തെക്കാളുപരി ഹൃദയത്തെ സ്പര്‍ശിക്കുന്ന വചനത്തിന്‍റെ ശക്തിയാലാണ്. ദൈവത്തിലര്‍പ്പിക്കുന്ന വിശ്വാസം മാനുഷിക കരുത്തില്‍ നാം പ്രകടമാക്കുന്ന വിശ്വാസത്തിനും ഉപരിയായിരിക്കണം. വ്യത്യസ്തവും ആവേശപൂര്‍ണ്ണവുമായ അഭിപ്രായങ്ങള്‍ അനുദിനം ഉയരുകയും ഉദ്വോഗജനകത്വം ഏറെ കൂടിവരുകയും ചെയ്യുന്ന ഡിജിറ്റല്‍ ശൃംഖലയെ വിവേചനപൂര്‍വ്വം കൈകാര്യംചെയ്യാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഏലിയാ പ്രവാചകന്‍ കര്‍ത്താവിന്‍റെ സ്വരം ശ്രവിച്ചത് കൊടുങ്കാറ്റിലോ ഭൂമികുലുക്കത്തിലോ അല്ല, മറിച്ച് മന്ദമാരുതന്‍റെ ശാന്തപ്രവാഹത്തിലായിരുന്നു (1 രാജാ. 19, 11-12). സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും, ജീവിതത്തില്‍ അര്‍ത്ഥം തേടാനും സത്യം അന്വേഷിക്കുവാനുമായി ദൈവം ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ നിക്ഷേപിച്ചിരിക്കുന്ന ത്വരയാണ് സമകാലീന മനുഷ്യനെ നയിക്കുന്നത്, എന്ന കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ പ്രസ്താവം വിശ്വാസ ജീവിതത്തിന് വെളിച്ചമാണ്.

9. മാനവ പുരോഗതിയുടെ ദീപ്തമായ സാന്നിദ്ധ്യം
മാനവ പുരോഗതിക്ക് ഏറെ ഉപയുക്തമാകുന്ന നവമാധ്യമ ശൃംഖലകള്‍ സുവിശേതവത്ക്കരണത്തിന് ഉപാധിയാക്കാവുന്നതാണ്. ഉദാഹരണത്തിന്, ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഒറ്റപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക മേഖലകള്‍ തമ്മില്‍ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കണ്ണിചേര്‍ക്കാന്‍ ഡിജിറ്റല്‍ മാധ്യമ ശൃംഖലയ്ക്ക് സാധിക്കുന്നു. ഒരേ വിശ്വാസം പങ്കുവയ്ക്കുന്നരുമായി എന്നും സാഹോദര്യത്തിന്‍റെ വര്‍ദ്ധിച്ച സാമീപ്യം പുലര്‍ത്തുന്നതിനും, ആത്മീയതയുടെയും ആരാധനക്രമത്തിന്‍റെയും നവമായ മൂല്യങ്ങളും സ്രോതസ്സുക്കളും പങ്കുവയ്ക്കുന്നതിനും നൂതന മാധ്യമ ശൃംഖലകള്‍ സഹായിക്കുന്നു.

10. സമൂഹ്യസൃഷ്ടിയുടെ നവമായ ഡിജിറ്റല്‍ വിനിമയ ശക്തി
സമകാലീന സമൂഹത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും, വചനം പങ്കുവയ്ക്കുന്നതിനും അവസരങ്ങള്‍ നല്കുന്ന ഡിജിറ്റല്‍ സാമൂഹ്യ മാധ്യമ ശൃംഖലകള്‍ ധാരാളമുണ്ട്. വിശ്വാസ ജീവിതത്തെ വളര്‍ത്തുന്ന മുഖാമുഖ സംവാദത്തിന്‍റെയും സാമൂഹ്യ സംഭവങ്ങളുടെയും തീര്‍ത്ഥാടത്തിന്‍റെയുമെല്ലാം മേന്മയും പ്രാധാന്യവും നവമാധ്യമ ശ്രേണികളിലൂടെ കണ്ടെത്താന്‍ ഇന്ന് സാധിക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകത്ത് സുവിശേഷ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമാക്കുവാനുള്ള പരിശ്രമത്തില്‍ ജനങ്ങളെ പ്രാര്‍ത്ഥനയ്ക്കും ആരാധനക്രമ ധ്യാന പരിപാടികള്‍ക്കുമായി നമ്മുടെ ദേവാലയങ്ങളിലേയ്ക്കും കേന്ദ്രങ്ങിലേയ്ക്കും ക്ഷണിക്കുവാന്‍ ആധുനിക മാധ്യമ ശൃംഖലയ്ക്ക് സാധിക്കുന്നുണ്ട്. വിശ്വാസവും അതിന്‍റെ സാക്ഷൃവും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് ഏത് ചുറ്റുപാടിലായിരുന്നാലും, മൂര്‍ത്തമോ അമൂര്‍ത്തമോ ആവട്ടെ, അതില്‍ പൊരുത്തക്കേടോ അനൈക്യമോ ഇല്ലെന്നതാണ് സത്യം. ഏതു മാര്‍ഗ്ഗത്തിലൂടെ ആയിരുന്നാലും സുവിശേഷം നമ്മിലൂടെ മറ്റുള്ളവര്‍ക്ക് ലഭ്യമാകുമ്പോള്‍ അതുവഴി ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലേയ്ക്കുമാണ് ദൈവസ്നേഹം പ്രഘോഷിക്കപ്പെടുന്നത്, പ്രവഹിക്കുന്നത്.

11. ഉപസംഹാരം – സകലരെയും സുവിശേഷം അറിയിക്കുവിന്‍ !
നിങ്ങള്‍ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സാക്ഷികളും സന്ദേശവാഹകരും ആകുന്നതിന് പരിശുദ്ധാത്മാവ് നിങ്ങളെ തുണയ്ക്കുകയും പ്രകാശിപ്പിക്കുകുയും ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങളെ ആശിര്‍വ്വദിക്കുകയും ചെയ്യുന്നു. “നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍” (മാര്‍ക്കോസ് 16, 15).

വത്തിക്കാനില്‍നിന്നും + ബനഡിക്ട് 16-ാമന്‍, പാപ്പാ എമേരിത്തൂസ്



Published by the Pontifical Council for Social Communications, Vatican and translated by Fr. William Nellikal








All the contents on this site are copyrighted ©.