2013-05-15 16:58:46

വിശ്വാസവര്‍ഷത്തിലെ പെന്തക്കൊസ്താ മഹോത്സവം


15 മെയ് 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷത്തിലെ പെന്തക്കൊസ്താ മഹോത്സവത്തില്‍ നൂതന കത്തോലിക്കാ സമൂഹങ്ങളും പ്രസ്ഥാനങ്ങളും അല്‍മായ സംഘടനകളും വത്തിക്കാനില്‍ ഒത്തുചേരുന്നു. നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ 120000 ലേറെപ്പേര്‍ പേരു നല്‍കി കഴിഞ്ഞുവെന്ന് കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല വെളിപ്പെടുത്തി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ആചരിക്കുന്ന വിശ്വാസവര്‍ഷത്തില്‍ സൂന്നഹദോസിന്‍റെ ദൃശ്യഫലങ്ങളായ നവീന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വത്തിക്കാനില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കാനും പരസ്പരം അറിയാനും പങ്കുവയ്ക്കാനും സാധിക്കുന്നത് അതിമനോഹരമാണെന്ന്, മെയ് 15ന് വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 18ന് വൈകീട്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയും, 19ാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയും സംഗമത്തിന്‍റെ പ്രത്യേകതയാണെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പ്രസ്താവിച്ചു.
18ാം തിയതി ശനിയാഴ്ച വൈകീട്ട് ആറുമണിക്കാണ് വി.പത്രോസിന്‍റെ ചത്വരത്തില്‍ ജാഗര പ്രാര്‍ത്ഥന നടക്കുന്നത്. ഞായറാഴ്ച രാവിലെ 10.30ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പെന്തക്കൊസ്താ തിരുന്നാള്‍ മഹോത്സവ ദിവ്യബലിയര്‍പ്പിക്കപ്പെടും.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.