2013-05-15 16:57:55

പരിശുദ്ധാത്മാവും ചരിത്രസ്മരണകളും: മാര്‍പാപ്പയുടെ വചന സന്ദേശം


14 മ‍െയ് 2013, വത്തിക്കാന്‍
പരിശുദ്ധാത്മാവ് വിശ്വാസ ചരിത്രത്തിന്‍റേയും ദൈവികദാനങ്ങളുടേയും സ്മരണകള്‍ നമ്മിലുയര്‍ത്തുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ മെയ് 13ന് രാവിലെ 7 മണിക്ക് അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ്, നമ്മുടെ വിശ്വാസജീവിതത്തില്‍ പരിശുദ്ധാത്മാവിനുള്ള പങ്കിനെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ, സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു. വത്തിക്കാന്‍ റേഡിയോയിലെ ഭരണസമിതി അംഗങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ദിവ്യബലിയില്‍ സംബന്ധിച്ചു. പതിവുപോലെ, ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ കേന്ദ്രമാക്കിയാണ് മാര്‍പാപ്പ വിചിന്തനം നല്‍കിയത്.

കോറിന്തോസിലെ ഉള്‍നാടന്‍പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്ന വി.പൗലോസ് അപ്പസ്തോലന്‍ എഫോസോസിലെത്തിയപ്പോള്‍ അവിടെ ഏതാനും ക്രിസ്തു ശിഷ്യന്‍മാരെ കണ്ടുമുട്ടി. “നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ”? എന്ന് അപ്പസ്തോലന്‍ അവരോട് ആരാഞ്ഞു. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് തങ്ങള്‍ കേട്ടിട്ടുപോലുമില്ലെന്നായിരുന്നു അവരുടെ മറുപടി (അപ്പസ്തോലന്‍മാരുടെ നടപടി പുസ്തകം, 19:1-8) അപ്പസ്തോലനെ അത്ഭുതപ്പെടുത്തിയ അവരുടെ മറുപടിയെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് മാര്‍പാപ്പ സുവിശേഷപരിചിന്തനം ആരംഭിച്ചത്.

ക്രൈസ്തവര്‍ പലപ്പോഴും വിശ്വാസ ജീവിതത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അജ്ഞത പ്രകടിപ്പിക്കാറുണ്ടെന്ന് പാപ്പ പറഞ്ഞു. ഇന്നും പല ക്രൈസ്തവര്‍ക്കും പരിശുദ്ധാത്മാവ് ആരാണെന്ന് വ്യക്തമായി അറിയില്ല. “പിതാവിനോടും പുത്രനോടും എനിക്കടുത്ത ബന്ധമുണ്ട് കാരണം ഞാന്‍ സ്വര്‍ഗസ്ഥനായ പിതാവേ.... എന്ന പ്രാര്‍ത്ഥന ചൊല്ലിപ്രാര്‍ത്ഥിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പരിശുദ്ധാത്മാവിനെ അറിയാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.... ” അല്ലെങ്കില്‍ “നമുക്ക് 7 ദാനങ്ങള്‍ നല്‍കുന്ന മാടപ്രാവാണ് പരിശുദ്ധാത്മാവ്” എന്നൊക്കെ പറയുന്ന ക്രൈസ്തവരുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അങ്ങനെ പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളില്‍ കര്‍മ്മനിരതനായ ദൈവിക വ്യക്തിയാണ് പരിശുദ്ധാത്മാവ്. ഞാന്‍ നിങ്ങളെ പഠിപ്പിച്ചതെല്ലാം സഹായകനായ പരിശുദ്ധാത്മാവ് നിങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന ക്രിസ്തു വചനം അനുസ്മരിച്ച പാപ്പ, വിശ്വാസ ജീവിതത്തിന്‍റെ സ്മരണകള്‍ പരിശുദ്ധാത്മാവ് നമ്മില്‍ ഉണര്‍ത്തുന്നുവെന്ന് പ്രസ്താവിച്ചു.
തന്‍റെ ചരിത്രം അനുസ്മരിക്കാത്ത ക്രൈസ്തവര്‍ നൈമിഷികതയുടെ തടവുകാരാണ്. അങ്ങനെയുള്ളവര്‍ ചരിത്രമില്ലാത്തവരാണ്. ചരിത്രം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയില്ല. പരിശുദ്ധാത്മാവാണ് ചരിത്രം സ്വീകരിക്കാന്‍ നമ്മെ പഠിപ്പിക്കുന്നതും, ചരിത്രത്തിന്‍റെ സ്മരണകള്‍ നമുക്ക് നല്‍കുന്നതും. ‘വിശ്വാസത്തില്‍ നിങ്ങളുടെ പിതാക്കന്‍മാരെ അനുസ്മരിക്കുവിന്‍’ ‘ആദ്യദിനങ്ങളില്‍ നിങ്ങള്‍ എങ്ങനെ ധീരതയോടെവിശ്വാസത്തില്‍ ജീവിച്ചുവെന്ന്’ അനുസ്മരിക്കുവിന്‍ എന്നും വിശുദ്ധ പൗലോസ് ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. നമ്മുടെ ജീവിതത്തിന്‍റേയും ചരിത്രത്തിന്‍റേയും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയുടേയും ക്രിസ്തുവചനത്തിന്‍റേയും സ്മരണകള്‍ പരിശുദ്ധാത്മാവ് നമുക്കേകുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

വിശുദ്ധിയില്‍ നോബല്‍ സമ്മാനം കിട്ടിയ പ്രതീതിയോടെ സ്വന്തം വിശ്വാസ ജീവിതത്തെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നുമ്പോള്‍ ഗതകാല സ്മരണകള്‍ നമുക്ക് ഗുണം ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു. “തന്‍റെ അജഗണത്തിന്‍റെ അവസാനവരിയില്‍ നിന്നാണ് ദൈവം നിന്നെ വിളിച്ചത്, ആട്ടിന്‍ പറ്റത്തില്‍ നീയേറ്റവും പുറകിലായിരുന്നു”. ദൈവം നല്‍കിയ സമൃദ്ധമായ കൃപകളെക്കുറിച്ച് നാം അനുസ്മരിക്കേണ്ടതുണ്ട്. സ്മരണകള്‍ നഷ്ടമാകുന്ന ക്രൈസ്തവന്‍ വിഗ്രഹാരാധകനായി അധഃപതിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. തനിക്കായി പാത നിര്‍മ്മിക്കുന്നവനല്ല നമ്മുടെ ദൈവം. സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് നമ്മോടൊപ്പം ജീവിച്ചവനാണ് നമ്മുടെ ദൈവം. നമ്മോടൊത്ത് സഞ്ചരിച്ചുകൊണ്ട് അവിടുന്ന് നമ്മെ രക്ഷയിലേക്ക് നയിക്കുന്നു. ദൈവം നമ്മോടൊത്ത് ജീവിച്ചുകൊണ്ടാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഈ ചരിത്ര സ്മരണകള്‍ നമ്മെ കൂടുതല്‍ കൃതജ്ഞതയുള്ളവരാക്കും. നമ്മുടെ ജീവിതങ്ങള്‍ അങ്ങനെ കൂടുതല്‍ ഫലദായകമാകുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.