2013-05-15 16:59:19

കൊളംബിയന്‍ പ്രസിഡന്‍റുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി


14 മ‍െയ് 2013, വത്തിക്കാന്‍
കൊളംബിയന്‍ പ്രസിഡന്‍റ് ഹ്വാന്‍ മാനുവേല്‍ സാന്തോസ് കാല്‍ദെറോണുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. കൊളംബിയയില്‍ നിന്നുള്ള പ്രഥമ വിശുദ്ധ മദര്‍ ലൗറ മൊന്‍തോയ ഉപെഗ്വിയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാനായി വത്തിക്കാനിലെത്തിയ പ്രസിഡന്‍റ് സാന്തോസുമായി തിങ്കളാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയത്.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
കൊളംബിയ സ്വദേശിനിയായ പ്രഥമ വിശുദ്ധ മദര്‍ ലൗറ ആനുകാലിക സമൂഹത്തിനു നല്‍കുന്ന മാതൃകയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ഇരുവരും സംസാരിച്ചു. ‘രാജ്യത്തിന്‍റെ ക്രൈസ്തവ പാരമ്പര്യത്തിന്‍റെ തായ് വേരുകളുടെ ഫലഭൂയിഷ്ഠമായ വ്യാഖ്യാനമെന്നാണ്’ മദര്‍ ലൗറയുടെ ജീവിതത്തെക്കുറിച്ച് ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന വിശുദ്ധപദപ്രഖ്യാപന വേളയില്‍ മാര്‍പാപ്പ പ്രസ്താവിച്ചത്.
കൊളംബിയയുടെ സാംസ്ക്കാരിക വളര്‍ച്ചയ്ക്കും രാഷ്ട്രത്തിന്‍റെ ആത്മീയ – മാനുഷിക വികസനത്തിനും കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്നും വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, പ്രത്യേകിച്ച് സമൂഹത്തിലെ അസമത്വത്തെക്കുറിച്ച് ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. രാജ്യത്ത് നടക്കുന്ന സമാധാന സംസ്ഥാപന പ്രക്രിയയെക്കുറിച്ചും, സംഘര്‍ഷമേഖലകളിലെ വിവിധ സംഘങ്ങള്‍ തമ്മിലുള്ള അനുരജ്ഞന ചര്‍ച്ചയെക്കുറിച്ചും ഇരുക്കൂട്ടരും സംസാരിച്ചു. ജീവന്‍റെ സംരക്ഷണത്തിനും കുടുംബ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും കത്തോലിക്കാ സഭ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.