2013-05-14 15:43:36

ഡീക്കന്‍മാരുടെ ശുശ്രൂഷയെക്കുറിച്ച് കര്‍ദിനാള്‍ ഫിലോണി


13 മെയ് 2013, വത്തിക്കാന്‍
ക്രിസ്തുവുമായി സവിശേഷ സൗഹൃദമുള്ള സഭാശുശ്രൂഷകരാണ് ഡീക്കന്‍മാരെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. പൊന്തിഫിക്കല്‍ ഊര്‍ബ്ബന്‍ സെമിനാരിയിലെ 16 വൈദികാര്‍ത്ഥികള്‍ക്ക് ഡീക്കന്‍പട്ടം നല്‍കിയ തിരുക്കര്‍മ്മത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. കോഴിക്കോട് രൂപതാംഗമായ ബ്ര. ഷാനു ഫെര്‍ണാഡസ് മട്ടുമ്മല്‍, ആലപ്പുഴ രൂപതാംഗമായ ബ്ര. ജോണി ബോയ വെളിയില്‍ എന്നിവര്‍ നവഡീക്കന്‍മാരിലെ മലയാളി സാന്നിദ്ധ്യമാണ്.
താലന്തുകളുടെ ഉപമയ്ക്ക് സദൃശ്യമായി ക്രിസ്തു തന്‍റെ സമ്പത്ത് ഏല്‍പ്പിച്ചിരിക്കുന്ന ഭൃത്യരാണ് ഡീക്കന്‍മാര്‍. ദൈവവചനം, ദിവ്യകാരുണ്യം, ജ്ഞാനസ്നാനം, കാരുണ്യപ്രവര്‍ത്തനങ്ങള്‍, പ്രബോധനം എന്നിങ്ങനെയുള്ള അമൂല്യമായ താലന്തുകളാണ് ക്രിസ്തു അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ഈ സമ്പത്ത് അവരുടെ സ്വന്തമല്ലെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദിനാള്‍ അവ വിവേകപൂര്‍വ്വം ഉപയോഗിച്ച് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ ധീരത കാണിക്കണമെന്നും പ്രസ്താവിച്ചു. തനിക്ക് ലഭിച്ച താലന്ത് ഉളിച്ചു വച്ച ഭീരുവായ ഭൃത്യനില്‍ നിന്ന് വ്യത്യസ്തരായി സ്വാതന്ത്ര്യത്തോടും ആനന്ദത്തോടും തങ്ങളുടെ താലന്തുകള്‍ ക്രിസ്തുവിനായി വര്‍ദ്ധിപ്പിക്കാന്‍ മാര്‍പാപ്പ അവരെ ക്ഷണിച്ചു. ചെറിയ കാര്യങ്ങള്‍ വിവേകപൂര്‍വ്വം വിനിയോഗിക്കാന്‍ അറിയാത്തവര്‍ക്ക് വലിയവ നല്‍കപ്പെടുകയില്ല. തനിക്ക് ലഭിച്ച ‘ദാന’ത്തിന്‍റെ മഹത്വം മനസിലാക്കാതെ വിവേകശൂന്യമായി പ്രവര്‍ത്തിച്ച ഭൃത്യനില്‍ നിന്ന് ആ താലന്ത് തിരിച്ചെടുക്കാനായിരുന്നു യജമാനന്‍റെ തീരുമാനം. തനിക്കു ലഭിച്ച ദാനത്തില്‍ വിശ്വസിച്ച് അത് കൂടുതല്‍ മനോഹരവും ശ്രേഷ്ഠവുമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത ഭൃത്യന് അത് സമ്മാനിക്കപ്പെട്ടുവെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. വിശുദ്ധരായ ഡീക്കന്‍ സ്റ്റീഫന്‍, ഫിലിപ്പ്, ലോറന്‍സ് തുടങ്ങിയവരുടെ ജീവിത മാതൃകകള്‍ അനുസ്മരിച്ച കര്‍ദിനാള്‍ അവരെപ്പോലെ ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലും ദൈവശാസ്ത്രത്തിലും സാധുജനസേവനത്തിലും തല്‍പരരായിക്കൊണ്ട് ഡീക്കന്‍ ശുശ്രൂഷ നിറവേറ്റാന്‍ നവഡീക്കന്‍മാരെ ആഹ്വാനം ചെയ്തു. നവ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകളും അനുഗ്രഹാശിസുകളും കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി നവ ഡീക്കന്‍മാരെ അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.