2013-05-14 16:43:18

ആഗോള യുവജന സംഗമം ഫാത്തിമാ മാതാവിന്‍റെ സംരക്ഷണയില്‍


14 മ‍െയ് 2013, ഫാത്തിമ
2013ലെ ആഗോള യുവജനസംഗമം, റിയോ ദി ജനീറോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഒറാനി ജ്വാവോ തെംപെസ്ത ഫാത്തിമാ മാതാവിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിച്ചു. ഫാത്തിമാ മാതാവിന്‍റെ തിരുന്നാള്‍ ദിനമായ മെയ് 13ന് പോര്‍ച്ചുഗല്ലിലെ ഫാത്തിമാ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയാണ് ആര്‍ച്ചുബിഷപ്പ് യുവജനസംഗമം മറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിച്ചത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള യുവജനസംഗമം ഇക്കൊല്ലം ജൂലൈ 23 മുതല്‍ 28വരെ റിയോ ദി ജനീറോയിലാണ് അരങ്ങേറുന്നത്. യുവജനസംഗമം പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിച്ച ആര്‍ച്ചുബിഷപ്പ് തെംപെസ്ത എല്ലാ യുവജനങ്ങള്‍ക്കുവേണ്ടിയും, വിശിഷ്യ അക്രമത്തിനും വിവേചനത്തിനും ഇരയായവരും തൊഴിലില്ലായ്മ മൂലം പ്രതിസന്ധി അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരുമായ യുവജനങ്ങള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. യുവജനങ്ങള്‍ക്ക് യേശുവുമായുള്ള ഒരു വ്യക്തിഗത കൂടിക്കാഴ്ച്ച അനുഭവവേദ്യമാകുന്ന അവസരമാകണം ആഗോള യുവജനസംഗമമെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
വാര്ത്താ സ്രോതസ്സ് : വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.