2013-05-13 16:00:04

സ്ത്രീശാക്തീകരണത്തിന് മദര്‍ ഏലീശ്വായുടെ സംഭാവന മഹത്തരം: ബിഷപ്പ് കളത്തിപ്പറമ്പില്‍


13 മെയ് 2013, റോം
ഭാരതത്തില്‍ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ അതിശക്തമായിരുന്ന കാലഘട്ടത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും അവരുടെ സമഗ്രവിമോചനത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ തപസ്വിനിയാണ് മദര്‍ ഏലീശ്വയെന്ന് കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. ദൈവദാസി മദര്‍ ഏലീശ്വയുടെ ചരമശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മെയ് 12ന് റോമില്‍ അര്‍പ്പിച്ച അനുസ്മരണ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രഥമ തദ്ദേശീയ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയായ മദര്‍ ഏലീശ്വ സ്ത്രീകളുടെ സമുദ്ധാരണത്തിനുവേണ്ടി നടത്തിയ വിവിധ പരിശ്രമങ്ങള്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ആഗ്രഹിച്ച മദര്‍ അതിനായി പെണ്‍പള്ളിക്കൂടങ്ങളും അനാഥമന്ദിരങ്ങളും സ്ഥാപിച്ചു. 16ാം വയസില്‍ വിവാഹത്തിലേക്കും 20ാം വയസില്‍ വൈധവ്യജീവിതത്തിലേയ്ക്കും പ്രവേശിച്ച ഏലീശ്വ ഒരിക്കലും പ്രാര്‍ത്ഥനയും വിശ്വാസവും കൈവെടിഞ്ഞില്ല. ദിവ്യകാരുണ്യാരാധനയും പ്രാര്‍ത്ഥനയും ധ്യാനവും വഴിയായി ദൈവത്തോട് കൂടുതല്‍ അടുത്ത് ജീവിച്ച ഏലീശ്വയെ ദൈവം തന്‍റെ പദ്ധതിയ്ക്കായുള്ള ഉപകരണമാക്കുകയായിരുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു.
സ്ത്രീകള്‍ക്കായുള്ള നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭയുടെ (T.OC.D) സ്ഥാപകയായ മദര്‍ ഏലീശ്വായെക്കുറിച്ച് ഒരു അന്തര്‍ദേശീയ സെമിനാറും റോമിലെ സെന്‍റ് പീറ്റേഴ്സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര – ചരിത്ര വിഭാഗം അദ്ധ്യാപകന്‍ ഡോ.നോര്‍മന്‍ താനെര്‍ ഉത്ഘാടനം ചെയ്ത സെമിനാറില്‍ സി.ടി.സി സന്ന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലൈസ സി.ടി.സി അദ്ധ്യക്ഷയായിരുന്നു. ‘മദര്‍ ഏലീശ്വ: ഒരു യഥാര്‍ത്ഥ തെരേസ്യന്‍ കര്‍മ്മലീത്താ സന്ന്യാസിനി’ എന്ന വിഷയത്തില്‍ ഫാ.ജോസ് ആന്‍റി O.C.D , ‘മദര്‍ ഏലീശ്വായും കുടുംബജീവിതവും’ എന്ന വിഷയത്തില്‍ ഫാ.ജോണ്‍സണ്‍ പെരുമിറ്റത്ത് O.C.D എന്നിവര്‍ പ്രബന്ധാവതരണം നടത്തി.








All the contents on this site are copyrighted ©.