2013-05-13 15:58:54

വത്തിക്കാന്‍ റേഡിയോ ശ്രോതാക്കള്‍ക്ക് മാര്‍പാപ്പയുടെ അഭിവാദ്യങ്ങള്‍


13 മെയ് 2013, വത്തിക്കാന്‍
വത്തിക്കാന്‍ റേഡിയോ, റേഡിയോ മരിയ ശ്രോതാക്കള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിവാദ്യം. ‘റേഡിയോ മരിയ’ എന്ന കത്തോലിക്കാ റേഡിയോ ശൃംഖലയുടെ 65 പ്രക്ഷേപണ കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ അന്തര്‍ദേശീയ പ്രാര്‍ത്ഥനാ സംഗമപരിപാടി ‘മരിയത്തോണ’ യ്ക്ക് നല്‍കിയ പ്രത്യേക സന്ദേശത്തിലാണ് മാര്‍പാപ്പ വത്തിക്കാന്‍ റേഡിയോയുടേയും റേഡിയോ മരിയയുടേയും ശ്രോതാക്കള്‍ക്ക് പ്രത്യേക അഭിവാദ്യങ്ങള്‍ നേര്‍ന്നത്. വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്പാനിഷ് ഭാഷയിലുള്ള ഓഡിയോസന്ദേശം റേഡിയോ മരിയയുടെ പ്രക്ഷേപണ നിലയങ്ങള്‍ പുനഃപ്രക്ഷേപണം ചെയ്തു.
“പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും, വിശിഷ്യാ രോഗികള്‍ക്കും തടവുകാര്‍ക്കും വയോധികര്‍ക്കും നിരാലംബര്‍ക്കും ദരിദ്രര്‍ക്കും ചൂഷണത്തിനിരയായവര്‍ക്കും അഭിവാദ്യങ്ങള്‍. മാനുഷികാസ്തിത്വത്തിന്‍റെ അതിര്‍ത്തികളില്‍ ആയിരിക്കുന്ന നിങ്ങള്‍, മാര്‍പാപ്പയുടെ റേഡിയോയായ വത്തിക്കാന്‍ റേഡിയോ മുഖാന്തരം റോമാ മെത്രാന്‍റെ സ്വരം ശ്രവിക്കുന്നു. നിങ്ങളോരോരുത്തരുടേയും സമീപമെത്തി ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹവും പ്രത്യാശയും പകരാന്‍ ഞാനാഗ്രഹിക്കുന്നു”. റേഡിയോ മരിയയുടെ അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുന്ന ‘മരിയത്തോണ’ പരിപാടിയ്ക്ക് തന്‍റെ അപ്പസ്തോലിക ആശീര്‍വാദമേകിക്കൊണ്ടാണ് മാര്‍പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.