2013-05-09 14:52:21

സന്ന്യാസിനികള്‍ സഭയുടെ മാതൃഭാവത്തിന്‍റെ പ്രതീകം: മാര്‍പാപ്പ


08 മെയ് 2013, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ മാതൃഭാവത്തിന്‍റെ പ്രതീകങ്ങളാണ് സഭയിലെ സന്ന്യാസിനികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാസഭയിലെ സന്ന്യാസിനി സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോളസമിതിയുടെ (L’Unione Internazionale delle Superiore Generali, UISG) സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്ത ജനറല്‍ സുപ്പീരിയര്‍മാരുമായി ബുധനാഴ്ച്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ലോകമെമ്പാടും നിന്നുള്ള തൊള്ളായിരത്തോളം സന്ന്യാസിനിസഭകളുടെ മേലധികാരികള്‍ പങ്കെടുത്ത സമ്മേളനം മേലധികാരികളുടെ ശുശ്രൂഷയെക്കുറിച്ച് പ്രതിപാദിക്കുന്ന “നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്” എന്ന സുവിശേഷവാക്യം മുഖ്യപ്രമേയമായി മെയ് 3നാണ് റോമില്‍ ആരംഭിച്ചത്. മെയ് 8ന് രാവിലെ ഒന്‍പതര മണിക്ക് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ച് മാര്‍പാപ്പ ജനറല്‍സുപ്പീരിയര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയോടെ സമ്മേളനം സമാപിച്ചു.
സമ്മേളത്തിന്‍റെ മുഖ്യ ചിന്താവിഷയമായിരുന്ന “നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്” എന്ന ക്രിസ്തുവചനം പ്രഭാഷണത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ അധികാരികള്‍ക്കുണ്ടായിരിക്കേണ്ട ശുശ്രൂഷാ മനോഭാവത്തേക്കുറിച്ച് അവരോട് സംസാരിച്ചു. സഭാ ഗാത്രത്തിലെ നിര്‍ണ്ണായക ഘടകമാണ് സമര്‍പ്പിതര്‍. സുവിശേഷാത്മക ജീവിതത്തിലൂടെ അവര്‍ ക്രിസ്തുവിനോടു ചേര്‍ന്നു നില്‍ക്കണം. സ്വന്തം പദ്ധതികളും ആശയങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും പ്രഥമസ്ഥാനം നല്‍കികൊണ്ടു ജീവിക്കുമ്പോള്‍ ദൈവാരാധനയുടേയും ശുശ്രൂഷയുടേയും പാതയിലൂടെ അനായാസം മുന്നേറാന്‍ അവര്‍ക്കു സാധിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ദരിദ്രരേയും, അശരണരേയും രോഗികളേയും, ആലംബഹീനരേയും ശുശ്രൂഷിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ ദാരിദ്ര്യം തൊട്ടറിയാനും മാര്‍പാപ്പ അവരെ ക്ഷണിച്ചു. കന്യകാത്വ വ്രതാനുഷ്ഠാനം ആന്തരിക സ്വാതന്ത്ര്യത്തില്‍ വളരാന്‍ അവരെ സഹായിക്കുമെന്ന് പറഞ്ഞ മാര്‍പാപ്പ പരിശുദ്ധ മറിയത്തിന്‍റെ മാതൃത്വത്തിലേക്ക് വളരാനും തങ്ങളുടെ സമര്‍പ്പണ ജീവിതം ഫലദായകമാക്കാനും അത് അവരെ സഹായിക്കുമെന്നും വിശദീകരിച്ചു. സുവിശേഷ പ്രഘോഷണവും സാക്ഷൃവും ഒരു വ്യക്തിയുടേയോ സമൂഹത്തിന്‍റേയോ മാത്രം സ്വന്തമല്ല. സഭാ മാതാവിനോട് ചേര്‍ന്ന് നിന്നുകൊണ്ട് സഭാപ്രബോധനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ശുശ്രൂഷ ചെയ്യാനും മാര്‍പാപ്പ സന്ന്യാസിനികളെ ആഹ്വാനം ചെയ്തു. സഭയുടെ മാതൃത്വത്തിന്‍റേയും സ്നേഹവാത്സല്യത്തിന്‍റേയും പ്രതീകങ്ങളായ അവര്‍, മാതൃസഹജമായ അന്തര്‍ജ്ഞാനത്തോടുകൂടി പ്രവര്‍ത്തിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.