2013-05-08 17:29:20

സഹനങ്ങളില്‍ പരാതിപ്പെടാത്ത ക്രൈസ്തവന്‍


08 മെയ് 2013, വത്തിക്കാന്‍
സഹനങ്ങളും പ്രതിസന്ധികളും ‍ഉണ്ടാകുമ്പോള്‍ പരാതിപ്പെടാതെ ക്ഷമയോടെ അവ സഹിക്കുന്നവരാണ് യഥാര്‍ത്ഥ ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 7ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. കര്‍ദിനാള്‍ ആഞ്ചെലോ കൊമാസ്ത്രി, കര്‍ദിനാള്‍ ഹോര്‍ഗെ മരിയ മെയ്ജ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിമധ്യേ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പ വചന സന്ദേശം നല്‍കിയത്. പൗലോസിനും സീലാസിനും കാരാഗൃഹത്തില്‍ വച്ചുണ്ടായ അനുഭവമായിരുന്നു (അപ്പസ്തോലന്‍മാരുടെ നടപടി 16:22-34) ഒന്നാം വായനയിലെ പ്രതിപാദ്യം.
സഹനങ്ങളും പീഡനങ്ങളുമുണ്ടാകുമ്പോള്‍ സങ്കടപ്പെട്ടിരിക്കുന്നവരല്ല, സന്തോഷത്തോടെ അവ സ്വീകരിക്കുന്നവരാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സുവിശേഷം പ്രഘോഷിച്ചതിന്‍റെ പേരില്‍ പൗലോസിനും സീലാസിനും കാരാഗൃഹവാസവും പീഢനങ്ങളും അനുഭവിക്കേണ്ടി വന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞതില്‍ ആനന്ദചിത്തരായിരുന്നു അവര്‍. ക്ഷമയുടെ പാതയാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ക്ഷമയില്‍ ജീവിക്കുകയെന്നാല്‍ സങ്കടപ്പെട്ടിരിക്കുകയെന്നല്ല അര്‍ത്ഥം. വേദനകളുടേയും ബുദ്ധിമുട്ടുകളുടേയും തെറ്റിധാരണകളുടേയും ഭാരം സ്വന്തം ചുമലില്‍ വഹിക്കാനുള്ള സഹനശക്തിയാണ് ക്ഷമകൊണ്ട് അര്‍ത്ഥമാക്കുന്നത്. സഹനശക്തിയിലൂടെയാണ് ക്രൈസ്തവര്‍ ക്ഷമയുടെ ലോകത്തേക്ക് പ്രവേശിക്കേണ്ടത്. ക്ഷമയുടെ ഈ പാതയിലൂടെ ക്രൈസ്തവജീവിതത്തില്‍ നാം പക്വത പ്രാപിക്കുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് സ്വായത്തമാക്കാവുന്ന സിദ്ധിയല്ല ഈ ക്ഷമയെന്നും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണിതെന്നും മാര്‍പാപ്പ വിശദീകരിച്ചു.

ജപ്പാനിലെ നാഗസാക്കിയില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ ജീവിതം അനുസ്മരിച്ച മാര്‍പാപ്പ, ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കുന്ന ആനന്ദത്തോടെയാണ് അവരില്‍ പലരും മരണത്തിലേക്ക് നടന്നടുത്തതെന്ന് പ്രസ്താവിച്ചു. സഹിക്കാനുള്ള മനസ് ക്രൈസ്തവ സഹജമായ മനോഭാവമാണ്. എന്നാല്‍ ആത്മപീഡനത്തിലുള്ള ആനന്ദമല്ല ഈ സഹനമനോഭാവമെന്നും മാര്‍പാപ്പ വിശദീകരിച്ചു. ക്രിസ്തുവിന്‍റെ സഹനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ അവസരം ലഭിച്ചതിലുള്ള ആനന്ദമാണത്.
അതേസമയം, സഹനങ്ങളും വേദനയും ഉണ്ടാകുമ്പോള്‍ പരാതിപ്പെടാനുള്ള പ്രവണതയും സ്വാഭാവികമാണ്. എന്നാല്‍ പരാതികൂടാതെ സഹനങ്ങള്‍ ഏറ്റെടുക്കേണ്ടവരാണ് ക്രൈസ്തവര്‍. “എന്നാലും എനിക്കിങ്ങനെ സംഭവിച്ചല്ലോ” “കണ്ടില്ലേ, എനിക്കീ സംഭവിച്ചത്” എന്നൊക്കെ പരാതിപ്പെടുന്നത് യഥാര്‍ത്ഥ ക്രൈസ്തവര്‍ക്ക് നിരക്കുന്നതല്ലെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. ക്രിസ്തുവോ പരിശുദ്ധ മറിയമോ പരാതിപ്പെട്ടതായി കാണുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെ, നാമെന്തിനാണ് എല്ലായ്പ്പോഴും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മാര്‍പാപ്പ ചോദിച്ചു. നിശബ്ദമായ സഹനത്തിന്‍റെ മാതൃകയാണ് ക്രിസ്തുവും പ.മറിയവും നമുക്ക് നല്‍കിയിരിക്കുന്നത്. യേശു ക്രിസ്തു തന്‍റെ പീഡാസഹനവേളയില്‍ അനാവശ്യമായി ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് പാപ്പ ക്രൈസ്തവരെ അനുസ്മരിപ്പിച്ചു. മാത്രമല്ല, തന്‍റെ മൗനത്തിലൂടെ ക്രിസ്തു പ്രകടിപ്പിച്ചത് സങ്കടമായിരുന്നില്ല. കുരിശില്‍ കിടന്ന് കഠിന വേദനയാല്‍ പിടയുമ്പോഴും അവിടുന്ന് സങ്കടപ്പെട്ടില്ല. അവിടുത്തെ ഹൃദയത്തില്‍ സമാധാനമുണ്ടായിരുന്നു.
പൗലോസും സീലാസും തടവറയില്‍ കിടന്ന് ദൈവത്തിന് സ്തോത്രഗീതമാലപിച്ചത് മുറിവേറ്റ ദേഹവുമായാണ്. പിന്നീട് ശതാധിപന്‍ അവരുടെ മുറിവുകള്‍ വച്ചുകെട്ടിയെന്ന് നാം വായിക്കുന്നുണ്ടല്ലോ. സമാധാനപൂര്‍വ്വം സഹനവും മുറിവുകളും ഏറ്റുവാങ്ങാന്‍ അവര്‍ക്കു സാധിച്ചു. സഹനത്തിന്‍റെ ഈ മാര്‍ഗം ക്രൈസ്തവ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ക്രിസ്തുവില്‍ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു.
പലപ്പോഴും പരസ്പരം സഹിക്കേണ്ടിവരുന്ന അവസ്ഥയും ജീവിതത്തിലുണ്ടാകാറുണ്ട് എന്ന് പരാമര്‍ശിച്ച മാര്‍പാപ്പ “ഞാന്‍ നിന്നെ സഹിക്കുന്നുണ്ടെങ്കില്‍” “നീ എന്നെയും സഹിക്കുന്നുണ്ടെന്ന” ബോധ്യം അനുദിന ജീവിത സാഹചര്യങ്ങളില്‍ നമുക്കുണ്ടാകണമെന്നും പ്രസ്താവിച്ചു. സമാധാനത്തോടും ക്ഷമയോടും സ്നേഹത്തോടും കൂടി പരസ്പരം ഭാരംവഹിച്ച് ജീവിക്കേണ്ടവരാണ് ക്രൈസ്തവര്‍. സന്തോഷത്തോടെ സഹനങ്ങള്‍ ഏറ്റെടുക്കുന്നത് യുവത്വത്തിന്‍റെ പ്രസരിപ്പ് നമ്മുടെ ഹൃദയത്തിനേകുമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ക്രൈസ്തവികമായ സഹനശക്തിയെന്ന വരദാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസസമൂഹത്തെ ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.