2013-05-08 17:28:55

റിയോ യുവജനസംഗമം: പേപ്പല്‍ പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു


08 മെയ് 2013, വത്തിക്കാന്‍
ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന ആഗോള യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസീലിലേക്ക് നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 22 മുതല്‍ 29 വരെ മാര്‍പാപ്പ നടത്തുന്ന ഇടയസന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ മെയ് 7നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. ജൂലൈ 22ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ നിന്ന് പാപ്പ റിയോ ദി ജനീറോയിലേക്ക് യാത്രയാകും. തിങ്കളാഴ്ച വൈകീട്ട് റിയോ ദി ജനീറോയിലെ ഗലേയാവോ എയര്‍പോട്ടില്‍ വച്ച് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം ബ്രസീലിന്‍റെ ഭരണസിരാകേന്ദ്രമായ ഗ്വനബാറ മന്ദിരത്തിന്‍റെ അങ്കണത്തില്‍ അതിവിശിഷ്ടമായ സ്വാഗത ചടങ്ങും മാര്‍പാപ്പയ്ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. തദന്തരം ബ്രസീലിന്‍റെ പ്രസിഡന്‍റുമായി പാപ്പ സൗഹൃദകൂടിക്കാഴ്ച്ചയും നടത്തും.

ജൂലൈ 24ാം തിയതി ബുധനാഴ്ച അപരെസിദയിലെ കന്യകാമറിയത്തിന്‍റെ തീര്‍ത്ഥാടനകേന്ദ്രം മാര്‍പാപ്പ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം റിയോയിലേക്ക് മടങ്ങുന്ന മാര്‍പാപ്പ വൈകീട്ട് ആറുമണിയോടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പേരിലുള്ള ആശുപത്രിയും സന്ദര്‍ശിക്കും.

25നാണ് പാപ്പ യുവജനസംഗമ വേദിയിലേക്കെത്തുന്നത്. അന്ന് രാവിലെ റിയോ ദി ജനിറോ നഗരത്തിന്‍റെ താക്കോല്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിനും നഗരം സാക്ഷിയാകും. തദന്തരം അടുത്ത ഒളിംപിക്സിനുള്ള പതാകകളും മാര്‍പാപ്പ ആശീര്‍വദിക്കും. ബ്രസീലാണ് 2016ല്‍ ഒളിംപിക്സിന് ആതിഥ്യമേകുന്നത്. അന്ന് വൈകീട്ട് വിഖ്യാതമായ കോപകബാന കടല്‍ത്തീരത്തുവച്ച് മാര്‍പാപ്പ ആഗോളയുവജനസംഗമത്തിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.
ജൂലൈ 26ാം തിയതി വെള്ളിയാഴ്ച മാര്‍പാപ്പ ഏതാനും യുവജനങ്ങളെ കുമ്പസാരിപ്പിക്കും. തടവുശിക്ഷ അനുഭവിക്കുന്ന ഒരു സംഘം യുവജനങ്ങള്‍ക്കും അന്ന് രാവിലെ പാപ്പ പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ആഗോള യുവജനസംഗമത്തിന്‍റെ സംഘാടക സമിതി അംഗങ്ങളുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും. അന്ന് വൈകീട്ട് കോപകബാന കടല്‍ത്തീരത്ത് മാര്‍പാപ്പ നയിക്കുന്ന കുരിശിന്‍റെ വഴി ആഗോള യുവജനസംഗമത്തിലെ മുഖ്യ പരിപാടികളിലൊന്നാണ്.
ജൂലൈ 27ന് രാവിലെ സെന്‍റ് സെബാസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മിത്വത്തില്‍ അര്‍പ്പിക്കപ്പെട്ടുന്ന ദിവ്യബലിയില്‍ 28ാം ആഗോള യുവജനസംഗമത്തില്‍ യുവജനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സഭാമേലധ്യക്ഷന്‍മാരും വൈദികരും സന്ന്യസ്തരും സംബന്ധിക്കും. അന്ന് വൈകീട്ട് ഗ്വരാത്തിബായിലെ ഫീദെയി ക്യാംപസില്‍ നടക്കുന്ന യുവജന ജാഗര പ്രാര്‍ത്ഥയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂലൈ 28ന് ഗ്വരാത്തിബായിലെ ഫീദെയി ക്യാംപസില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയോടെ ആഗോളയുവജന സംഗമത്തിന് തിരശീല വീഴും. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം മാര്‍പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയിലും യുവജനങ്ങള്‍ പങ്കുകൊള്ളും. 28ാം തിയതി ഞായറാഴ്ച വൈകീട്ട് ലാറ്റിനമേരിക്കന്‍ മെത്രാന്‍മാരുടെ സംയുക്തസമിതിയിലെ അംഗങ്ങളോടൊത്ത് ഒരു ഹ്രസ്വ സമ്മേളനം നടത്തുന്ന പാപ്പ തദനന്തരം ആഗോള യുവജനസംഗമത്തിലെ സന്നദ്ധ സേവകരുമായും കൂടിക്കാഴ്ച്ച നടത്തും. ഞായറാഴ്ച വൈകീട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസീലിനോട് വിടപറയുന്നതോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ വിദേശ അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തിയാകും.
29ാം തിയതി തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ റോമിലെ ച്യാംപീനോ വിമാനത്താവളത്തിലെത്തുന്ന മാര്‍പാപ്പ പന്ത്രണ്ടു മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.