2013-05-08 17:28:43

കോപ്ടിക് പാത്രിയാര്‍ക്കീസ് മാര്‍പാപ്പായെ സന്ദര്‍ശിക്കാനെത്തുന്നു


08 മെയ് 2013, വത്തിക്കാന്‍
അറബ് ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹങ്ങളിലൊന്നായ കോപ്ടിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 3ന് സ്ഥാനാരോഹണം ചെയ്ത അലക്സാന്‍ഡ്രിയായിലെ കോപ്ടിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന്‍ മെയ് 10ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് അറിയിച്ചു. മെയ് 9 മുതല്‍ 13വരെ പാത്രിയാര്‍ക്കീസ് വത്തിക്കാനില്‍ ചിലവഴിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയോടൊരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനു പുറമേ വി.പത്രോസിന്‍റെ ബസിലിക്കയിലും അപ്പസ്തോലന്‍റെ ശവകുടീരത്തിലും പാത്രിയാര്‍ക്കീസ് പ്രാര്‍ത്ഥിക്കാനെത്തുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളില്‍ പാത്രിയാര്‍ക്കീസിന് സ്വീകരണം നല്‍കുന്നുണ്ട്. റോമിലുള്ള കോപ്ടിക് ക്രൈസ്തവ സമൂഹത്തേയും പാത്രിയാര്‍ക്കീസ് സന്ദര്‍ശിക്കും.
തെവാദ്രോസ് രണ്ടാമന്‍റെ മുന്‍ഗാമിയായ ഷെനുദ്വാ മൂന്നാമന്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1973ല്‍ വത്തിക്കാനിലെത്തി പോള്‍ ആറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. തദവസരത്തില്‍ മാര്‍പാപ്പയും പാത്രിയാര്‍ക്കീസും ഒപ്പുവച്ച സുപ്രധാനമായ ഒരു ക്രൈസ്തവ വിജ്ഞാനീയ പ്രബോധന രേഖ പ്രകാശനം ചെയ്തത് സഭൈക്യ ചരിത്രത്തിലെ നിര്‍ണ്ണായ സംഭവങ്ങളിലൊന്നാണ്.








All the contents on this site are copyrighted ©.