2013-05-07 16:02:25

പരിശുദ്ധാത്മാവ്, ക്രിസ്തുസാന്നിദ്ധ്യത്തില്‍ ജീവിക്കാന്‍ നമ്മെ സഹായിക്കുന്ന സുഹൃത്തും വഴികാട്ടിയും: മാര്‍പാപ്പ


07മെയ് 2013, വത്തിക്കാന്‍
നമ്മുടെ സുഹൃത്തും വഴികാട്ടിയുമായ പരിശുദ്ധാത്മാവാണ് ക്രിസ്തുമാര്‍ഗ്ഗത്തിലൂടെ ചരിക്കാന്‍ നമ്മെ സഹായിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 6ാം തിയതി രാവിലെ 7 മണിക്ക് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തിലുള്ള ചെറിയ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. മൂന്നാമത്തെ ദൈവിക വ്യക്തിയായ പരിശുദ്ധാത്മാവിനെ കേന്ദ്രീകരിച്ചാണ് മാര്‍പാപ്പ സുവിശേഷപരിചിന്തനം നടത്തിയത്. പരിശുദ്ധാത്മാവിനെ കൂടാതെ ക്രൈസ്തവ ജീവിതം എന്താണെന്ന് ഗ്രഹിക്കുവാന്‍ സാധ്യമല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഭക്തിയും ദൈവ വിശ്വാസവുമുണ്ടെങ്കിലും പരിശുദ്ധാത്മാവിനെ കൂടാതെയുള്ള ജീവിതം വിജാതീയ ജീവിതമായിരിക്കും. യേശു തന്‍റെ ശിഷ്യര്‍ക്കുണ്ടാകണമെന്ന് ആഗ്രഹിച്ച ഊര്‍ജ്ജസ്വലത നമുക്ക് നല്‍കുന്നത് പരിശുദ്ധാത്മാവാണ്. യേശുക്രിസ്തു ആരാണെന്ന് മനസിലാക്കാനും അവിടുത്തെ പാതയിലൂടെ സഞ്ചരിക്കാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവിനെക്കൂടാതെ ക്രിസ്തുവിനെക്കുറിച്ച് ഗ്രഹിക്കാന്‍ സാധ്യമല്ല. യേശുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് നമ്മെ ഒരുക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നമ്മുടെ ജീവിതത്തിലൂടനീളമുണ്ട്. ദിവസം മുഴുവനും നമ്മില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് ക്രിസ്തു സാന്നിദ്ധ്യത്തിലേക്ക് നമ്മെ ആനയിക്കുന്നു. വിശ്വസ്തനായ വഴികാട്ടിയും ആത്മാര്‍ത്ഥ സുഹൃത്തുമായ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാകണം നാം. നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ലെന്ന് വാഗ്ദാനം നല്‍കിയ ക്രിസ്തു നമ്മുക്ക് നല്‍കിയ സഹായകനാണ് പരിശുദ്ധാത്മാവ്. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് നാമെത്ര അവബോധമുള്ളവരായിരുന്നുവെന്ന് ആത്മശോധന ചെയ്യണമെന്നും മാര്‍പാപ്പ സഭാംഗങ്ങളോട് ആവശ്യപ്പെട്ടു. “എന്നിലുള്ള പരിശുദ്ധാത്മ സാന്നിദ്ധ്യത്തോട് ഞാനെങ്ങനെ പ്രതികരിച്ചു” “ഏതു തരത്തിലുള്ള സാക്ഷൃമാണ് പരിശുദ്ധാത്മാവ് എനിക്ക് ഇന്നു നല്‍കിയത്” എന്ന് സ്വയം ചോദിച്ചുകൊണ്ട് ആത്മശോധന ചെയ്ത് പരിശീലിക്കുന്നത് ഗുണകരമാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ജീവിതത്തില്‍ മുന്നേറുവാന്‍ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധത്തില്‍ വളരാന്‍ എല്ലാ കത്തോലിക്കരേയും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.