2013-05-07 16:02:58

ക്രൈസ്തവര്‍ പ്രത്യാശയുടെ സാക്ഷികളായിരിക്കണമെന്ന് കര്‍ദിനാള്‍ ഡിസിവിസ്


07 മെയ് 2013, കൗനാസ് – ലിത്വാനിയ
സമൂഹത്തിലെന്നും പ്രത്യാശയുടെ നാളം പകരേണ്ടവരാണ് ക്രൈസ്തവരെന്ന് ക്രാക്കോവ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ഡിസിവിസ്. ലിത്വാനിയായിലെ കൗനാസ് കത്തീഡ്രലിന്‍റെ ആറാം ശതാബ്ദിയാഘോഷത്തില്‍ പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുത്ത കര്‍ദിനാള്‍ ഡിസിവിസ് ശതാബ്ദിയാഘോഷങ്ങളുടെ സമാപന ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. കൗനാസ് ജനത കമ്മ്യൂണിസത്തിനെതിരെ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ധീരമായ ചെറുത്തു നില്‍പ്പിന്‍റെ സാക്ഷൃമാണ് കൗനാസ് കത്തീഡ്രലെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. വിശ്വാസനവീകരണവും പ്രചരണവും ലക്ഷൃമിട്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടക്കം കുറിച്ച വിശ്വാസവര്‍ഷത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കര്‍ദിനാള്‍ ഡിസിവിസ് തദവസരത്തില്‍ അനുസ്മരിച്ചു. ഇക്കാലത്തും വിശ്വാസത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ദൈവാസ്തിത്വത്തെ നിഷേധിക്കാന്‍ പ്രലോഭിപ്പിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളും ഉപഭോഗസംസ്ക്കാരവും ഇന്നിന്‍റെ വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ മറികടന്നുകൊണ്ട് വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന് ലക്ഷൃത്തോടെയാണ് കത്തോക്കാ സഭ നവസുവിശേഷവല്‍ക്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ ദിസിവിസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.