2013-05-07 16:03:35

അമേരിക്കന്‍ സന്ന്യാസിനി സംഘടനയുടെ പരിഷ്ക്കരണ നടപടി വത്തിക്കാന്‍ കാര്യാലയങ്ങളുടെ സംയുക്ത തീരുമാനം


07മെയ് 2013, വത്തിക്കാന്‍
അമേരിക്കന്‍ സന്ന്യാസിനിമാരുടെ നേതൃത്വ സംഘടനയുടെ (Leadership Conference of Women Religious , LCWR) പരിഷ്ക്കരണത്തിനായി വത്തിക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനം വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റേയും സന്ന്യസ്ത സഭകള്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റേയും സംയുക്ത തീരുമാനമായിരുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ്. അമേരിക്കന്‍ സന്ന്യാസിനി സംഘടനയുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച വിജ്ഞാപനം സന്ന്യസ്ത സഭകള്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തോട് കൂടിയാലോചന നടത്താതെയാണ് പ്രസിദ്ധീകരിച്ചതെന്ന കിംവദന്തി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ മെയ് 7ന് ഈ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
കത്തോലിക്കാസഭയിലെ സന്ന്യാസിനി സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോളസമിതിയുടെ (L’Unione Internazionale delle Superiore Generali, UISG) റോമില്‍ നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തില്‍, സന്ന്യസ്ത സഭകള്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്വാവോ ബ്രാസ് ദെ ആവിസ് നടത്തിയ ഒരു പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയത്. എന്നാല്‍ കര്‍ദിനാളിന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. തെറ്റിധാരണകള്‍ മാറ്റുന്നതിനായി വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജെറാര്‍ഡ് മ്യുള്ളറും സന്ന്യസ്ത സഭകള്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്വാവോ ബ്രാസ് ദെ ആവിസും തമ്മില്‍ കണ്ട് സംസാരിച്ചുവെന്നും, സന്ന്യസ്ത ജീവിത നവീകരണത്തിനുവേണ്ടി ഇരുകാര്യാലയങ്ങളും തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

അതിനിടെ, കത്തോലിക്കാസഭയിലെ സന്ന്യാസിനി സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോളസമിതിയുടെ (L’Unione Internazionale delle Superiore Generali, UISG സമ്പൂര്‍ണ്ണ സമ്മേളനം മെയ് 8ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ച്ചയോടെ സമാപിക്കും. മേലധികാരികളുടെ ശുശ്രൂഷയെക്കുറിച്ച് പ്രതിപാദിക്കുന്ന “നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്” എന്ന സുവിശേഷവാക്യം മുഖ്യപ്രമേയമായി നടക്കുന്ന സമ്മേളം മെയ് 3നാണ് ആരംഭിച്ചത്. ലോകമെമ്പാടും നിന്നുള്ള എണ്ണൂറോളം സന്ന്യസ്തമേലധികാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.








All the contents on this site are copyrighted ©.