2013-05-06 16:38:28

ഭക്തസംഘടനകളുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പ


06 മെയ് 2013, വത്തിക്കാന്‍
വിശ്വാസവും സംസ്ക്കാരവും കൂട്ടിയിണക്കുന്ന പ്രേഷിത ചൈതന്യം ഭക്തസംഘടനകളുടെ മുഖമുദ്രയായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനകീയ കത്തോലിക്കാ ഭക്തസംഘടനകളുടെ ആഗോള സംഗമത്തോടനുബന്ധിച്ച് മെയ് 5ന് വത്തിക്കാനിലെ വി.പത്രോസിന്‍റെ ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. സാര്‍വ്വത്രിക സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തോടനുബന്ധിച്ചാണ് മെയ് 3 മുതല്‍ 5 വരെ ആഗോള ഭക്തസംഘടനാസംഗമത്തിന് വത്തിക്കാന്‍ സാക്ഷിയായത്. ഞായറാഴ്ച രാവിലെ പെയ്തിറങ്ങിയ മഴ തെല്ലുംവകവയ്ക്കാതെ വി.പത്രോസിന്‍റെ ചത്വരത്തിലെത്തിയ ആയിരക്കണക്കിന് ഭക്തസംഘടനാംഗങ്ങള്‍ക്ക് മാര്‍പാപ്പ നന്ദിപറഞ്ഞു. പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ ദിവ്യബലിയില്‍ സംബന്ധിക്കാനെത്തിയ അവരുടെ ധൈര്യം പ്രശംസിച്ച പാപ്പ, സുവിശേഷാത്മകത, സഭാത്മകത, പ്രേഷിത ചൈതന്യം എന്നീ മൂന്ന് മുഖ്യപ്രമേയങ്ങള്‍ കേന്ദ്രമാക്കിയാണ് വചന പ്രഘോഷണം നടത്തിയത്.

വിശ്വാസവര്‍ഷത്തിന് തുടക്കം കുറിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എടുത്തുപറഞ്ഞ ‘സുവിശേഷാത്മകമായ’ ജീവിതത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് അവരെ ഓര്‍മ്മിപ്പിച്ച ഫ്രാന്‍സിസ് പാപ്പ ജനകീയ ഭക്തിപ്രസ്ഥാനങ്ങള്‍ ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുന്ന ആത്മീയവേദികള്‍ കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. വീണ്ടും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ ആവര്‍ത്തിച്ച പാപ്പ വിശ്വാസജീവിതം സഭാധിഷ്ഠിതമാകണമെന്നും ഭക്തസംഘടനകളെ ഉത്ബോധിപ്പിച്ചു. സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനും സഭാനേതൃത്വത്തോട് യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഇടവക തലത്തിലും രൂപതാതലത്തിലും വിശ്വാസത്തിന്‍റെ ജീവതാളമായി മാറാന്‍ പാപ്പ അവരെ ക്ഷണിച്ചു. ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന തീര്‍ത്ഥാടനങ്ങള്‍, പ്രാര്‍ത്ഥനാ സംഗമങ്ങള്‍, പ്രദക്ഷിണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനേകരുടെ വിശ്വാസജീവിതത്തെ ബലപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. സഭയുടെ സജീവശിലകളായി മാറിക്കൊണ്ട് ക്രിസ്തുവിന്‍റെ കാരുണ്യത്തിനും സ്നേഹത്തിനും സുധീരം സാക്ഷൃം നല്‍കാനും മിഷനറി ചൈതന്യത്തില്‍ ജീവിക്കാനും പാപ്പ ഭക്തസംഘടനകളെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.