2013-05-06 16:38:01

പരിശുദ്ധ മറിയം, സ്വാതന്ത്ര്യത്തില്‍ വളരാന്‍ നമ്മെ സഹായിക്കുന്ന അമ്മ: മാര്‍പാപ്പ


06 മെയ് 2013, റോം
തന്‍റെ മക്കളെ ആരോഗ്യമുള്ളവരായി വളര്‍ത്തുകയും വാത്സല്യപൂര്‍വ്വം അവരെ പരിചരിച്ച് സുഖപ്പെടുത്തുകയും ചെയ്യുന്ന അമ്മയാണ് പരിശുദ്ധ മറിയമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് നാലാം തിയതി വൈകീട്ട് 6ന് റോമിലെ മേരി മേജ്ജര്‍ ബസിലിക്കയില്‍ ജപമാല പ്രാര്‍ത്ഥന നയിച്ച വേളയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. നമ്മുടെ വളര്‍ച്ചയില്‍ സഹായിക്കുന്ന പരിശുദ്ധ മറിയം, ജീവിത പ്രതിസന്ധികള്‍ സുധീരം നേരിടാനും സ്വാതന്ത്ര്യത്തില്‍ ജീവിക്കാനും നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും ഉത്തരവാദിത്വമേറ്റെടുക്കാനും പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നുവെന്ന് മാര്‍പാപ്പ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. ജീവന്‍റേയും സ്നേഹത്തിന്‍റേയും മധുരസംഗീതമാണ് പരിശുദ്ധ കന്യകാമറിയത്തിന്‍റെ അസ്തിത്വം തന്നെ. യേശുവിന് ജന്‍മമേകിയ മറിയം സഭ ജന്‍മമെടുക്കുന്നതിനും സാക്ഷിയായി. കാല്‍വരിയിലും, മാളിക മുകളില്‍ പരിശുദ്ധാത്മാവിന്‍റെ ആഗമനവേളയിലും പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നന്മയിലും ആനന്ദത്തിലും പ്രത്യാശയിലും വളരാനും ഭൗതികവും ആത്മീയവുമായ തലങ്ങളില്‍ നമ്മുടെ ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പരിശുദ്ധ മറിയം നമ്മെ പരിശീലിപ്പിക്കുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.