2013-05-02 09:58:06

റോമന്‍കൂരിയയുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ അപക്വം: ആര്‍ച്ചുബിഷപ്പ് ബെച്ചു


01 മെയ് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ റോമന്‍ കൂരിയാ പരിഷ്ക്കരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അപക്വമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബെച്ചു. വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റൊമാനോയ്ക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. എട്ടംഘ കര്‍ദിനാള്‍മാരുടെ ഒരു ഉപദേശക സമിതി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ചതിനെ തുടര്‍ന്ന് റോമന്‍ കൂരിയായുടേയും വത്തിക്കാന്‍ ബാങ്കിന്‍റേയും പരിഷ്ക്കരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ ഉപദേശക സമിതി രൂപീകരിച്ചെങ്കിലും ഇതുവരേയും ഉപദേശക സമിതി സമ്മേളിച്ചിട്ടില്ല. ഉപദേശക സമിതിയുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തുന്നതിനു മുന്‍പുതന്നെ കൂരിയാ പരിഷ്ക്കരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആര്‍ച്ചുബിഷപ്പ് ബെച്ചു പ്രസ്താവിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കല്‍ പോലും പരാമര്‍ശിക്കാത്ത കാര്യങ്ങളാണ് മാര്‍പാപ്പ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും ആര്‍ച്ചുബിഷപ്പ് ബെച്ചു പറഞ്ഞു. വത്തിക്കാന്‍ ബാങ്കിന്‍റെ പരിഷ്ക്കരണത്തെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ കേട്ട് മാര്‍പാപ്പ തന്നെ അത്ഭുതപ്പെട്ടുവെന്ന് അദേഹം വെളിപ്പെടുത്തി. സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ഒരു ദിവ്യബലി മധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് വത്തിക്കാന്‍ ബാങ്കിനെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചത്. വത്തിക്കാന്‍ ബാങ്കിലെ ജീവനക്കാര്‍ സംബന്ധിച്ച ആ ദിവ്യബലിയില്‍ സഭയുടെ ആത്മീയ ദൗത്യത്തെക്കുറിച്ച് ഊന്നിപറയുക മാത്രമാണ് പാപ്പ ചെയ്തത്. വത്തിക്കാന്‍ കാര്യാലയങ്ങളിലെ പ്രീഫെക്ടുമാരുടെ കാര്യത്തിലും മാര്‍പാപ്പ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാക്കാര്യങ്ങളും വിശദമായി പഠിച്ചു മനസിലാക്കാനാണ് മാര്‍പാപ്പ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്ചു അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.