2013-05-02 09:40:22

തൊഴിലില്ലായ്മയ്ക്കും അടിമപ്പണിയ്ക്കുമെതിരേ മാര്‍പാപ്പയുടെ ശബ്ദമുയരുന്നു


02 മെയ് 2013, വത്തിക്കാന്‍
തൊഴിലില്ലായ്മയും അടിമപ്പണിയും സാമൂഹ്യ അനീതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് ഒന്നാം തിയതി തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിന്‍റെ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
റോമിലെ ചിവിത്തവെക്ക്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇല്‍ പോന്തേ’ (il Ponte) എന്ന അഗതി മന്ദിരത്തിലെ അന്തേവാസികളായ കുട്ടികളും അവിവാഹിത അമ്മമാരുമാണ് മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുത്തത്. 1979ല്‍ സ്ഥാപിതമായ ‘ഇല്‍ പോന്തേ’ (il Ponte) എന്ന അഗതി മന്ദിരത്തിന്‍റെ ഡയറക്ടര്‍ ഫാ.എജിഡിയോ സമാക്ക്യയും ദിവ്യബലിയില്‍ സംബന്ധിച്ചു.
ദിവ്യബലിമധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗത്തെ കേന്ദ്രീകരിച്ചായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം. “ഇവന്‍ ആ തച്ചന്‍റെ മകനല്ലേ” (മത്താ 13:56) എന്ന് യേശുവിനെക്കുറിച്ചു പറയുന്നതായി സുവിശേഷത്തില്‍ നാം വായിക്കുന്നു. ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായന, സൃഷ്ടികര്‍മ്മത്തില്‍ വ്യാപൃതനായിരിക്കുന്ന പിതാവായ ദൈവത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. “കര്‍മ്മ നിരതനായ ദൈവത്തെ”ക്കുറിച്ചുള്ള പരാമര്‍ശം തൊഴിലിന്‍റെ മഹത്വത്തെക്കുറിച്ചുള്ള സൂചനയാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

മനുഷ്യാന്തസിന്‍റെ ഒരു നിര്‍ണ്ണായക ഘടകമാണ് തൊഴില്‍. തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാര്‍ അന്തസ്സുള്ളവരാണ്. പക്ഷെ തൊഴില്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് അവസരം ലഭിക്കാത്ത അനേകരുണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നമ്മുടെ മനസാക്ഷിയെ ഭാരപ്പെടുത്തുന്ന അവസ്ഥയാണിത്. തൊഴിലിന്‍റെ മഹത്വത്തില്‍ എല്ലാവര്‍ക്കും പങ്കുചേരാന്‍ അവസരം നല്‍കാത്ത സാമൂഹ്യവ്യവസ്ഥിതി അനീതികരണമാണ്. സമ്പത്തും പണവും സംസ്ക്കാരവുമല്ല നമുക്ക് അന്തസ് നല്‍കുന്നത്. നമ്മുടെ അന്തസ്സ് നിര്‍ണ്ണയിക്കുന്നത് തൊഴിലാണ്, അന്തസ്സുള്ള തൊഴില്‍! ഇന്നത്തെ പല സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകളും വ്യക്തികളെ ചൂഷണം ചെയ്യുന്നവയാണെന്ന് പാപ്പ കുറ്റപ്പെടുത്തി. സാമ്പത്തിക കണക്കുകളുടേയും സ്ഥാപനത്തിന്‍റെ ലാഭത്തിന്‍റേയും പേരു പറഞ്ഞ്, തൊഴില്‍ നല്‍കാതിരിക്കുന്നതും ന്യായമായ വേതനം നല്‍കാത്തതും ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തികളാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പലപ്പോഴും നാം വായിക്കാറുണ്ട്. കഴിഞ്ഞ ആഴ്ച്ച ബംഗ്ലാദേശില്‍ തകര്‍ന്നടിഞ്ഞ വ്യവസായകെട്ടിടത്തിലെ തൊഴിലാളികളുടെ തുച്ഛമായ വേതനത്തെക്കുറിച്ച് വത്തിക്കാന്‍റെ മുഖപത്രമായ ഒസ്സെര്‍വാത്തോരെ റൊമാനോയില്‍ വന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് താന്‍ വായിച്ചതെന്ന് പാപ്പ വെളിപ്പെടുത്തി. 38 യൂറോയില്‍ താഴെ പ്രതിമാസ വരുമാനമുണ്ടായിരുന്ന തൊഴിലാളികളാണ് ധാക്കാ ദുരന്തത്തില്‍ ജീവഹാനി വന്നവരില്‍ പലരുമെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. ഇതിന് ‘അടിമപ്പണി’ എന്നാണ് പറയേണ്ടതെന്ന് പാപ്പ പ്രസ്താവിച്ചു. തെറ്റായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മനോഭാവങ്ങളുടെ ഫലമായി ലോകത്തിന്‍റെ നാനാഭാഗത്തുള്ള അനേകം സഹോദരീസഹോദരന്‍മാര്‍ ഇതേ അവസ്ഥയില്‍ ജീവിക്കുന്നുണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ബാബേല്‍ ഗോപുര നിര്‍മ്മാണത്തെക്കുറിച്ച് മധ്യകാലഘത്തിലെ ഒരു യഹൂദ റബ്ബി പറയാറുള്ള സാരോപദേശ കഥയും പാപ്പ തദവരസത്തില്‍ അനുസ്മരിച്ചു. ബാബേല്‍ ഗോപുരം പണിയുന്ന കാലത്ത് ചുറ്റികപോലെയുള്ള പണിയായുധങ്ങള്‍ക്ക് വലിയ വിലയായിരുന്നു. പണിനടക്കുന്നതിനിടയില്‍ ഒരു ചുറ്റികയ്ക്ക് എന്തെങ്കിലും പറ്റിയാല്‍, ഗോപുരത്തിന്‍റെ ഉയര്‍ന്ന സ്ഥലത്തിരുന്ന് പണിയുമ്പോഴോ മറ്റോ ചുറ്റിക അബദ്ധത്തില്‍ താഴെ വീണ് തകര്‍ന്നുപോകുന്നതും മറ്റും ഗുരുതരമായ വീഴ്ച്ചയായിരുന്നു. എന്നാല്‍ പണിചെയ്യുന്ന ആള്‍ താഴെ വീണുപോയാല്‍, അയാള്‍ക്ക് ‘നിത്യവിശ്രാന്തി’ ആശംസിച്ചുകൊണ്ട് സ്വസ്ഥമായി സ്വന്തം പണി തുടരുകയായിരുന്നു അവരുടെ പതിവ്. കാരണം, അന്ന് പണിക്കാരനേക്കാള്‍ മൂല്യം പണിയായുധത്തിനായിരുന്നു!








All the contents on this site are copyrighted ©.