2013-04-30 16:27:23

ഫ്രാന്‍സിസ്ക്ക ഇസബെല്ലിന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ബ്രസീലില്‍


30 ഏപ്രില്‍ 2013, വത്തിക്കാന്‍
ബ്രസീലിന്‍റെ പ്രിയപ്പെട്ട പ്രേഷിത പ്രവര്‍ത്തകയായിരുന്ന ഫ്രാന്‍സിസ്ക്ക ദെ പൗള ദെ ഹെസൂസിന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം മെയ് 4ന് ബ്രസീലില്‍ നടക്കും. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തുന്നത്.‘ന ഷീക്ക’ എന്ന് ബ്രസീലിയന്‍ ജനത സ്നേഹപൂര്‍വ്വം വിളിക്കുന്ന ഫ്രാന്‍സിസ്ക്ക ദെ പൗള ദെ ഹെസൂസ് (ഫ്രാന്‍സിസ്ക്ക ഇസബെല്ല) 1800 – 1895 കാലയളവില്‍ ജീവിച്ചിരുന്ന പ്രേഷിത പ്രവര്‍ത്തകയാണ്. സാവോ പൗളോയില്‍ ഒരു അടിമകുടുംബത്തിലാണ് ജനിച്ചതെങ്കിലും ധനികനായ സഹോദരന്‍റെ വില്‍പത്രപ്രകാരം വലിയ സമ്പത്തിനുടമയായ ഫ്രാന്‍സിസ്ക്ക തനിക്കു ലഭിച്ച പണം മുഴുവന്‍ ദാനധര്‍മ്മമായും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവയ്ച്ചു. ഒരു സന്ന്യസ്ത സഭയിലും അംഗമായില്ലെങ്കിലും തന്നെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ച് സ്വഭവനത്തില്‍ നിശബ്ദമായ അര്‍പ്പണ ജീവിതം നയിച്ച ദൈവദാസിയാണ് ഫ്രാന്‍സിസ്ക്കയെന്ന് കര്‍ദിനാള്‍ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അനുസ്മരിച്ചു. നിരവധി പുണ്യപ്രവര്‍ത്തികള്‍ക്കും ആതുരസേവന പദ്ധതികള്‍ക്കും ഫ്രാന്‍സിസ്ക്ക നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ അവ സ്വന്തം പ്രശസ്തിക്കു കാരണമാകാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്‍റെ പ്രവര്‍ത്തികളിലൂടെ ദൈവ നാമം മഹത്വപ്പെടണമെന്ന് തീവ്രമായി അഭിലഷിച്ച ഫ്രാന്‍സിസ്ക്ക എളിമയുടേയും വിനയത്തിന്‍റെയും ഉത്തമമാതൃകയാണെന്നും കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.