2013-04-26 15:51:48

മഡഗാസ്ക്കറിന്‍റെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


26 ഏപ്രില്‍ 2013, വത്തിക്കാന്‍
മഡഗാസ്ക്കറിലെ താല്‍ക്കാലിക സര്‍ക്കാരിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി നിരിയന രാജോലിന വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ പ്രസിഡന്‍റ് രാജോലിനയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തി.
മഡഗാസ്ക്കറിലെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും ജനാധിപത്യ സംസ്ഥാപനവും ചര്‍ച്ചയില്‍ വിശകലന വിധേയമായി. സാമ്പത്തിക വികസനത്തിനും വിദേശബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മഡഗാസ്ക്കര്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പരിശുദ്ധ സിംഹാസനവും മഡഗാസ്ക്കറും തമ്മിലുള്ള സൗഹാര്‍ദബന്ധത്തെക്കുറിച്ചും ആ രാജ്യത്തിന്‍റെ വികസനത്തിന് സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്, വിശിഷ്യ വിദ്യാഭ്യാസ, ആതുരസേവന മേഖലയില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചുവെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.









All the contents on this site are copyrighted ©.