2013-04-26 15:51:40

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ക്രിസ്തുവില്‍ വിശ്വസിക്കുവിന്‍: മാര്‍പാപ്പ


26 ഏപ്രില്‍ 2013, വത്തിക്കാന്‍
ക്രൈസ്തവ ജീവിതം ഒരു അന്യവല്‍ക്കരണമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 26ാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്തു തന്‍റെ ശിഷ്യമാരില്‍ നിന്ന് വേര്‍പിരിയാന്‍ പോകുന്ന സമയത്താണ് “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍”(യോഹ.14, 1) എന്ന് അവരോട് പറയുന്നത്. തന്‍റെ ആസന്നമായ വേര്‍പാടില്‍ ശിഷ്യന്‍മാര്‍ ദുഃഖിതരാണെന്ന് യേശു മനസിലാക്കിയിരുന്നു. ഒരു സുഹൃത്തിന്‍റെ സ്നേഹവും ഇടയന്‍റെ മനോഭാവവും യേശുവിന്‍റെ വാക്കുകളില്‍ പ്രകടമാണ്. തന്‍റെ പിതാവിന്‍റെ ഭവനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സുനിശ്ചിതമായ സ്വര്‍ഗീയ ഭവനത്തിലേക്ക് അവരെ ക്ഷണിക്കുകയാണ് യേശു. “നിങ്ങള്‍ക്കായി ഒരു സ്ഥലമൊരുക്കും” എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. ക്രിസ്തു ഒരുക്കുന്ന വാസസ്ഥലം ആസ്വദിക്കാന്‍ നാമും ഒരുങ്ങേണ്ടതുണ്ട്. ദൈവത്തിന്‍റെ മുഖം ദര്‍ശിക്കാന്‍ നമ്മുടെ കണ്ണുകളേയും മനോഹരമായ വചനങ്ങള്‍ ശ്രവിക്കാന്‍ നമ്മുടെ കാതുകളേയും ഒരുക്കണം. എല്ലാത്തിനേക്കാളുമപരിയായി സ്നേഹിക്കാനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കണം. ക്രിസ്തുവാണ് സ്വര്‍ഗീയ ഭവനത്തിനായി നമ്മെ ഒരുക്കുന്നത്. നല്ല കള്ളന്‍റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ധ്രുതഗതിയില്‍ ഒരുക്കം നടക്കുന്ന അവസരങ്ങളുമുണ്ട്. പക്ഷെ പൊതുവേ, നമ്മുടെ ജീവിതത്തില്‍ ഉടനീളം തുടരുന്ന ഒരു പ്രക്രിയയാണ് ക്രിസ്തു നടത്തുന്ന ഒരുക്കം. ജീവിതയാത്രയില്‍ തടസങ്ങളും ബുദ്ധിമുട്ടുകളും നല്‍കിയും ആശ്വസിപ്പിച്ചും സാന്ത്വനമേകിയും നല്ല കാര്യങ്ങള്‍ സമ്മാനിച്ചും അവിടുന്ന് നമ്മെ ഒരുക്കുന്നു. ക്രിസ്തു നയിക്കുന്ന ഈ പാതയിലൂടെ സഞ്ചരിച്ചാല്‍ ഈ ലോക ജീവിതത്തില്‍ നാം ‘അന്യവല്‍ക്കരിക്കപ്പെട്ടു’പോകുമെന്ന് ഭയപ്പെടുന്നവരുണ്ട്. എന്നാല്‍ ക്രൈസ്തവ ജീവിതം സാമൂഹ്യ ജീവിതത്തില്‍ നിന്നുള്ള ‘അന്യവല്‍ക്കരണമ’ല്ലെന്ന് മാര്‍പാപ്പ വിശദീകരിച്ചു. സത്യത്തിന്‍റെ മാര്‍ഗമാണത്. തന്നില്‍ വിശ്വസിക്കുവാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. അവിടുന്ന് നമ്മെ ഒരിക്കലും ചതിക്കുകയോ വഞ്ചിക്കുകയോ ഇല്ല. ക്രിസ്തു നിത്യവും വിശ്വസ്തനാണ്. നിര്‍ഭയം ക്രിസ്തുവിനെ അനുഗമിക്കാനും സ്വര്‍ഗീയ സമ്മാനത്തിനായി നമ്മുടെ കണ്ണുകളും കാതുകളും ഹൃദയവും ഒരുക്കാന്‍ ക്രിസ്തുവിനെ അനുവദിക്കാനും മാര്‍പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.