2013-04-25 12:31:17

മനുഷ്യക്കടത്തിനെതിരേ സന്ന്യസ്തസഭകള്‍ രംഗത്ത്


24 ഏപ്രില്‍ 2013, സിംഗപ്പൂര്‍
അടിമത്തത്തിന്‍റെ ആധുനിക രൂപമായ മനുഷ്യക്കടത്തിനെതിരേ കത്തോലിക്കാ സന്ന്യസ്ത സഭകള്‍ കര്‍മ്മനിരതരാകുന്നു. ഏപ്രില്‍ മൂന്നാം വാരത്തില്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ കത്തോലിക്കാ സന്ന്യസ്ത സഭാമേലധികാരികളുടെ (എസ്.ഇ.എ.എം.എസ്) സമ്മേളനമാണ് ഈ തിരുമാനം കൈക്കൊണ്ടത്. ഒന്‍പത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 33 സന്ന്യസ്ത സഭകളെ പ്രതിനിധീകരിക്കുന്ന മേജര്‍ സുപ്പീരിയര്‍മാരുടെ സമിതിയാണ് എസ്.ഇ.എ.എം.എസ്. ഇന്നത്തെ സമൂഹത്തെ രൂക്ഷമായി ബാധിക്കുന്ന മനുഷ്യക്കടത്തിനെതിരേ ഏഷ്യയിലെ സന്ന്യസ്ത സഭകള്‍ രംഗത്ത് വരേണ്ടത് അടിയന്തരമാണെന്ന് സന്ന്യസ്ത മേലധികാരികള്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സഭയുടെ സാമൂഹ്യദൗത്യത്തില്‍ ഏറെ ഉത്കണ്ഠാജനകമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ മേജര്‍ സുപ്പീരിയര്‍മാര്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്ന് എസ്.ഇ.എ.എം.എസ് പ്രതിനിധി ഫാ.കോളിന്‍ താന്‍ എസ്.ജെ അറിയിച്ചു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO)യുടെ കണക്കുകള്‍ പ്രകാരം ഏകദേശം 11.7 ദശലക്ഷം പേര്‍ മനുഷ്യക്കടത്തിനിരയായ ഏഷ്യ – പസിഫിക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്നതെന്നും ഫാ.താന്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.