2013-04-25 12:31:05

ദരിദ്രര്‍ക്ക് പങ്കാളിത്തമേകുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ അനിവാര്യം: ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


24 ഏപ്രില്‍ 2013, ന്യൂയോര്‍ക്ക്
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ ദരിദ്രര്‍ക്ക് പങ്കാളിത്തവും പ്രാതിനിധ്യവും നല്‍കണമെന്ന് യു.എന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ആവശ്യപ്പെട്ടു. സുസ്ഥിര വികസന ലക്ഷൃപൂര്‍ത്തീകരണത്തെക്കുറിച്ച് വിലയിരുത്താന്‍ ഏപ്രില്‍ 18ന് ന്യൂയോര്‍ക്കില്‍ സമ്മേളിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന കര്‍മ്മസമിതിയുടെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ സമത്വമായിരിക്കണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ മാനദണ്ഡം. മനുഷ്യകേന്ദ്രീകൃതമായ പദ്ധതികളാണ് അതിനായി ആവിഷ്ക്കരിക്കേണ്ടത്. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്ക്കാരിക വളര്‍ച്ചയില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അര്‍ഹമായ പങ്ക് നല്‍കാത്തതാണ് ദാരിദ്ര്യത്തിന്‍റെ മുഖ്യ കാരണങ്ങളിലൊന്ന്. അതുകൊണ്ടു തന്നെ ദാരിദ്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ പ്രഥമ പടി പങ്കാളിത്തമാകണം. തങ്ങളുടെ കഴിവുകളും വിഭവ സമ്പത്തും യഥാവിധം ഉപയോഗിച്ച് വികസന പാതയില്‍ മുന്നേറാന്‍ ദരിദ്രവിഭാഗങ്ങള്‍ക്ക് അവസരമൊരുക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കിയ വികസന പദ്ധതികള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം അവരുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും സ്വയം പര്യാപ്തത നേടാന്‍ അവരെ സഹായിക്കുകയുമാണ് വേണ്ടത്. വ്യക്തികളുടേയും സമൂഹങ്ങളുടേയും തനിമ ആദരിച്ചുകൊണ്ടും അവരുടെ സാംസ്ക്കാരിക സമ്പന്നതയും, പ്രകൃതി സമ്പത്തും സംരക്ഷിച്ചുകൊണ്ടുമാണ് പുരോഗതിയുടെ പാതയിലേക്ക് അവരെ നയിക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട് വ്യക്തമാക്കി.








All the contents on this site are copyrighted ©.