2013-04-25 12:31:55

കേരളത്തില്‍ മഴയ്ക്കായി പ്രാര്‍ത്ഥന


24 ഏപ്രില്‍ 2013, കൊച്ചി
കേരളം നേരിടുന്ന അതികഠിനമായ വേനലില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും രക്ഷനേടാനായി മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. കഠിനമായ വരള്‍ച്ചയും വേനലും നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകണമെന്നും വെള്ളത്തിന്‍റെ ഉപയോഗം കഴിയുന്നത്ര കുറച്ചും, ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിച്ചും പങ്കുവയ്ച്ചുപയോഗിച്ചും നീര്‍ത്തടാകങ്ങള്‍ സംരക്ഷിച്ചും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. സമൃദ്ധമായ മഴ ലഭിക്കുന്നതിനുവേണ്ടി കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര, കത്തോലിക്കാ ദേവാലയങ്ങളിലും സന്ന്യസ്ത ഭവനങ്ങളിലും ഇതര കത്തോലിക്കാ സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്താനും കെ.സി.ബി.സി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവാലയങ്ങളിലും ഭവനങ്ങളിലും മഴയ്ക്കുവേണ്ടി ചൊല്ലേണ്ട പ്രാര്‍ത്ഥന തയ്യാറാക്കി രൂപതാകേന്ദ്രങ്ങളിലേക്കും സന്ന്യസ്ത സഭകളുടെ കാര്യാലയങ്ങളിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്ന് കെ.സി.ബി.സി വൃത്തങ്ങള്‍ അറിയിച്ചു.








All the contents on this site are copyrighted ©.