2013-04-23 17:21:22

സിറിയയില്‍ ബന്ധികളാക്കപ്പെട്ട മെത്രാന്‍മാരുടെ മോചനത്തിനായി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു


23 ഏപ്രില്‍ 2013, വത്തിക്കാന്‍
ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഓര്‍ത്തോഡോക്സ് മെത്രാന്‍മാരുടെ സുരക്ഷയ്ക്കും മോചനത്തിനും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. അലപ്പോയിലെ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് യോഹന്നാന്‍ ഇബ്രാഹിം മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ബിഷപ്പ് ബൗലോസ് യസ്ജി എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. അവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവറെ സംഘം കൊലപ്പെടുത്തി.
സിറിയയിലെ ക്രൈസ്തവ സമൂഹം ജീവിക്കുന്ന ഭീതികരമായ സാഹചര്യമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവികൂടിയായ ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. സിറിയയില്‍ മനുഷ്യാവകാശ ലംഘനവും അക്രമവും രൂക്ഷമാകുന്നതിന്‍റെ ഭാഗമാണിത്. ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച് മാര്‍പാപ്പയെ ഉടന്‍ വിവരമറിച്ചു. സിറിയയിലെ സ്ഥിതിഗതികള്‍ സസൂക്ഷമം വീക്ഷിക്കുന്ന മാര്‍പാപ്പ മെത്രാന്‍മാരുടെ സുരക്ഷയില്‍ ആശങ്കാകുലനാണ്. അവരുടെ സുരക്ഷയ്ക്കും മോചനത്തിനും വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ട് സിറിയന്‍ കലാപം പരിഹരിക്കപ്പെടുന്നതിനും സമാധാനവും അനുരജ്ഞനവും അവിടെ പുലരാനും വേണ്ടിയും പാപ്പ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.