2013-04-23 16:25:32

യുവത്വം ആദര്‍ശ ധീരതയുടെ കാലം : മാര്‍പാപ്പ


ഉയിര്‍പ്പുകാലത്തെ നാലാം ഞായറാഴ്ചയായിരുന്നു ഏപ്രില്‍ 21. ദൈവവിളിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനമായി സഭ ആചരിക്കുന്ന ഈ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമാ രൂപതയിലെ 10 ഡീക്കന്‍മാര്‍ക്ക് വൈദിക പട്ടം നല്‍കി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന തിരുപ്പട്ട ദാന ദിവ്യബലിയ്ക്കു ശേഷം വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെത്തിയ മാര്‍പാപ്പ പതിവുപോലെ അപ്പസ്തോലിക അരമനയിലുള്ള പഠനമുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ട് ത്രികാല പ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയ്ക്കു മുന്‍പ് മാര്‍പാപ്പ നല്‍കിയ വിചിന്തനം...

പ്രിയ സഹോദീസഹോദരന്‍മാരേ, സുപ്രഭാതം

നല്ലിടയനെക്കുറിച്ചുള്ള പ്രതിപാദ്യം ഉയിര്‍പ്പുകാലത്തെ നാലാം ഞായറാഴ്ചയിലെ ആരാധനാക്രമത്തിലെ ഒരു പ്രത്യേകതയാണ് . സുവിശേഷഭാഗത്ത് ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ നാം ശ്രവിക്കുന്നു, “എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്‍റെ അടുക്കല്‍ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ പിതാവ് എല്ലാവരേയുംക്കാള്‍ വലിയവനാണ്. പിതാവിന്‍റെ കൈയ്യില്‍ നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. (യോഹ. 10: 27-30) ” ഈ വാക്യങ്ങളില്‍ ക്രിസ്തുവിന്‍റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു. പിതാവുമായി തനിക്കുള്ള ബന്ധത്തില്‍ പങ്കുകാരാകാനാണ് ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്. നിത്യജീവനിലേക്കുള്ള ഈ വിളിയാണ് ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ കേന്ദ്രം.

പിതാവിനോടുള്ള തന്‍റെ ബന്ധം പ്രതിഫലിക്കപ്പെടുന്ന ഒരു ബന്ധം തന്‍റെ സുഹൃത്തുക്കളുമായും സ്ഥാപിക്കാന്‍ യേശു ആഗ്രഹിക്കുന്നു. പരിപൂര്‍ണ്ണ വിശ്വാസത്തിലും ആന്തരീക ഐക്യത്തിലും അടിയുറച്ചതാണ് യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധം. ഗാഢമായ ഈ ഐക്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് യേശു ഉപയോഗിക്കുന്ന പ്രതീകമാണ് ഇടയനും ആടുകളും തമ്മിലുള്ള ബന്ധം. അതിമനോഹരമായ ഉപമയാണിത്. ഇടയന്‍ തന്‍റെ ആടുകളെ വിളിക്കുന്നു. ആ ശബ്ദം തിരിച്ചറിയുന്ന ആടുകള്‍ ആ വിളിയ്ക്ക് പ്രത്യുത്തരമേകി ഇടയനെ അനുഗമിക്കുന്നു. ശബ്ദമെന്ന രഹസ്യത്തിന് അതിശക്തമായി ദ്യോതിപ്പിക്കാന്‍ കഴിവുണ്ട്. മാതാവിന്‍റെ ഉദരത്തില്‍ വച്ചു തന്നെ മാതാപിതാക്കന്‍മാരുടെ സ്വരം തിരിച്ചറിയാന്‍ ഗര്‍ഭസ്ഥ ശിശുവിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ശബ്ദവ്യത്യാസത്തില്‍ നിന്ന് അതിന്‍റെ പിന്നിലെ വികാരവും തിരിച്ചറിയാന്‍ കഴിയും. സ്നേഹമോ ശകാരമോ വാല്‍സല്യമോ നിര്‍വികാരതയോ എല്ലാം ശബ്ദത്തിലൂടെ തിരിച്ചറിയാനാകും. യേശുവിന്‍റേത് അന്യൂനമായ ശബ്ദമാണ്. അത് തിരിച്ചറിയാന്‍ നമുക്ക് സാധിച്ചാല്‍ മരണത്തേയും പാതാളത്തേയും മറികടന്നുപോകുന്ന ജീവന്‍റെ പാതയിലൂടെ അവിടുന്ന് നമ്മെ നയിക്കും.
പിതാവാണ് തന്‍റെ ആട്ടിന്‍പറ്റത്തെ തനിക്ക് നല്‍കിയതെന്ന് യേശു ഒരിടത്ത് വ്യക്തമാക്കുന്നുണ്ട്. (യോഹ. 10:29) എളുപ്പത്തില്‍ മനസിലാകാത്ത നിഗൂഡമായ രഹസ്യമാണത്. യേശു എന്നെ ആകര്‍ഷിക്കുകയും അവിടുത്തെ സ്വരം എന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കുകയും ചെയ്യാന്‍ കാരണം പിതാവായ ദൈവമാണ്. അവിടുന്ന് സ്നേഹത്തിനും സത്യത്തിനും ജീവനും സൗന്ദര്യത്തിനും വേണ്ടിയുള്ള അഭിവാഞ്ജ എനിക്കേകി. ഈ ആഗ്രഹങ്ങളുടേയെല്ലാം പൂര്‍ണ്ണതയാണ് ക്രിസ്തു. ഇപ്രകാരമാണ് ദൈവവിളിയുടെ രഹസ്യം, വിശിഷ്യാ സമര്‍പ്പണ ജീവിതത്തിലേക്കുള്ള വിളി തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നത്. ചിലപ്പോള്‍ നമ്മെ വിളിക്കുകയും തന്നെ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് യേശുവാണെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വന്നേക്കാം. യുവാവായ സാമുവേലിന് സംഭവിച്ചത് അങ്ങനെയാണല്ലോ!
തുടര്‍ന്ന് വി. പത്രോസിന്‍റെ ചത്വരത്തിന്‍ സന്നിഹിതരായിരുന്ന യുവജനങ്ങളോട് പാപ്പ സൗഹാര്‍ദപൂര്‍വ്വം സംവദിച്ചു: “ഇന്ന് അനേകം യുവജനങ്ങള്‍ ഈ ചത്വരത്തില്‍ വന്നിട്ടുണ്ടല്ലേ?” യുവജനം ആവേശപൂര്‍വ്വം പ്രത്യുത്തരിച്ചപ്പോള്‍ പാപ്പ അവരോടു പറഞ്ഞു: “അതെ, നിങ്ങള്‍ ഒത്തിരി പേരുണ്ട്. നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ എപ്പോഴെങ്കിലും യേശുവിന്‍റെ സ്വരം ശ്രവിച്ചിട്ടുണ്ടോ? തന്നെ അടുത്തനുഗമിക്കാന്‍ യേശു നിങ്ങളോട് ആവശ്യപ്പെടുകയാണെന്ന് ഒരു ആഗ്രഹത്തിലൂടെയോ ഹൃദയത്തിന്‍റെ അസ്വസ്തതയിലൂടെയോ നിങ്ങള്‍ക്കനുഭവപ്പെട്ടിട്ടുണ്ടോ‍?”
അതെയെന്ന് യുവജനങ്ങള്‍ പ്രത്യുത്തരിച്ചെങ്കിലും കൂടുതല്‍ ശക്തിയോടെ പാപ്പ ചോദ്യം ആവര്‍ത്തിച്ചു: “നിങ്ങള്‍ക്കനുഭവപ്പെട്ടിട്ടുണ്ടോ‍?” കൂടുതല്‍ ആവേശത്തോടെ യുവജനം ‘അതെ’യെന്ന് ആവര്‍ത്തിച്ചു.
“യേശുവിന്‍റെ അപ്പസ്തോലന്‍മാരായിരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? ആദര്‍ശധീരതയോടെ ജീവിക്കേണ്ട കാലമാണ് യുവത്വം! നിങ്ങള്‍ അങ്ങനെ കരുതുന്നുണ്ടോ? ഞാന്‍ പറഞ്ഞതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?” വീണ്ടും ‘അതേ’എന്ന് യുവജനം ആവേശപൂര്‍വ്വം മറുപടി നല്‍കി. “എന്നില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് യേശുവിനോട് നിങ്ങള്‍ ധൈര്യപൂര്‍വ്വം ചോദിക്കണം. അതെ ധൈര്യപൂര്‍വ്വം ചോദിക്കണം” എന്ന് യുവജനങ്ങളെ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

തദനന്തരം ദൈവവിളിയെന്ന രഹസ്യത്തെക്കുറിച്ചും ദൈവവിളിക്കായി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മാര്‍പാപ്പ പ്രതിപാദിച്ചു.
വൈദിക ജീവിതത്തിലേക്കും സന്ന്യസ്ത സമര്‍പ്പണത്തിലേക്കും പ്രവേശിക്കുന്ന ഓരോ വ്യക്തിയുടേയും പിന്നില്‍ ആരുടേയൊക്കെ നിരന്തരമായ പ്രാര്‍ത്ഥനയുടെ കരുത്തുണ്ട്. അത് അപ്പൂപ്പനോ, അമ്മൂമ്മയോ, മാതാപിതാക്കളോ, ഒരു കൂട്ടായ്മയോ അങ്ങനെ ആരുമാകാം. ഇക്കാരണത്താലാണ് “തന്‍റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോട് -പിതാവായ ദൈവത്തോട്- പ്രാര്‍ത്ഥിക്കാന്‍ ” (മത്താ. 9, 38) യേശു ആവശ്യപ്പെടുന്നത്. പ്രാര്‍ത്ഥനയില്‍ നിന്നാണ് ദൈവവിളി ആരംഭിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ മാത്രമാണ് അത് വളര്‍ന്ന് ഫലദായകമാകുന്നതും. ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്ന ഈ വേളയില്‍ ഒരു കാര്യം എടുത്തു പറയാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ മാര്‍പാപ്പ ഞായറാഴ്ച രാവിലെ താന്‍ തിരുപ്പട്ടം നല്‍കിയ നവവൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. (മലയാളിയായ സിജോ കുറ്റിക്കാട്ടില്‍ ഉള്‍പ്പെടെ പത്ത് ഡീക്കന്‍മാരെയാണ് ഫ്രാന്‍സിസ്‍ മാര്‍പാപ്പ ഏപ്രില്‍ 21ന് വൈദികരായി അഭിഷേകം ചെയ്തത്). അവര്‍ക്കുവേണ്ടി പരുശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം യാചിക്കാന്‍ പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. യേശുവിനോട് അതെ എന്ന് പ്രത്യുത്തരിച്ച പത്ത് യുവജനങ്ങളുടെ വൈദിക പട്ട സ്വീകരണം അതിമനോഹരമായ ഒരുകാര്യമാണെന്നും മാര്‍പാപ്പ എടുത്തു പറഞ്ഞു.
ദൈവ ഹിതത്തിന് അതെയന്ന് ഉത്തരം നല്‍കിയ സ്ത്രീയാണ് പരിശുദ്ധ കന്യകാമറിയം. ‘അതെ’ എന്ന ഉത്തരം തന്‍റെ ജീവിതത്തിലുടനീളം മറിയം നല്‍കി. യേശുവിനെ സ്വന്തം ഉദരത്തില്‍ വഹിക്കുമ്പോള്‍ മുതല്‍ യേശുവിന്‍റെ സ്വരം തിരിച്ചറിയാന്‍ മറിയം പഠിച്ചിരുന്നു. ഞങ്ങളുടെ അമ്മയായ മറിയമേ, എല്ലായ്പ്പോഴും യേശുവിന്‍റെ സ്വരം തിരിച്ചറിയാനും അവിടുത്തെ അനുഗമിച്ചുകൊണ്ട് ജീവന്‍റെ പാതയിലൂടെ സഞ്ചരിക്കാനും ഞങ്ങളെ സഹായിക്കേണമേ. എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്‍റെ വിചിന്തനം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.