2013-04-23 17:20:50

ബ്യൂനസ് എയിരെസിലെ പുതിയ മെത്രാപ്പോലീത്തായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകള്‍


23 ഏപ്രില്‍ 2013, ബ്യൂനസ് എയിരെസ്
ബ്യൂനസ് എയിരെസ് അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ ആര്‍ച്ചുബിഷപ്പ് മാരിയോ ഔറേലിയോ പോളിയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകള്‍. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ ബെര്‍ഗോളിയോയായിരുന്നു അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍. മാര്‍പാപ്പയായി സ്ഥാനമേറ്റതിനുശേഷം ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രഥമ നിയമനമായിരുന്നു ബ്യൂനസ് എയിരസ് അതിരൂപതയിലേത്. അര്‍ജ്ജന്‍റീനയിലെ സാന്താ റോസാ ദി ലിമ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് മാരിയോ ഔറേലിയോ പോളിയേയാണ് ബ്യൂനസ് എയിരസിലെ പുതിയ മെത്രാപ്പോലീത്തയായി പാപ്പ നിയമിച്ചത്. 2002-2008 കാലഘട്ടത്തില്‍ അദ്ദേഹം ബ്യൂനസ് എയിരെസിലെ സഹായമെത്രാനായി ശുശ്രൂഷ ചെയ്തിരുന്നു. ഏപ്രില്‍ 20ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ മാരിയോ ഔറേലിയോ പോളി അതിരൂപതാംഗങ്ങളുടെ സ്നേഹാദരങ്ങള്‍ക്കു പാത്രമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. പിതൃസഹജമായ വാല്‍സല്യത്തോടെ ദൈവ ജനത്തെ ശുശ്രൂഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് മാര്‍പാപ്പ തന്‍റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. താന്‍ ശുശ്രൂഷ ചെയ്തിരുന്ന വിശ്വാസസമൂഹത്തില്‍ നിന്നും വേര്‍പിരിയേണ്ടി വന്നത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും പാപ്പ വെളിപ്പെടുത്തി. പുതിയ മെത്രാപ്പോലീത്തായെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥത്തില്‍ സമര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന് സമൃദ്ധമായ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു.








All the contents on this site are copyrighted ©.